palakkad local

അട്ടപ്പാടിയില്‍ ഭൂമി വിതരണം ഇന്ന്

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് കിടപ്പാടം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഭൂമി വിതരണ മേളയും ആനവായ്-ചിണ്ടക്കി റോഡ് ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് അഗളിയിലെ അഹാഡ്‌സ് ആസ്ഥാന മന്ദിരത്തില്‍ പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി നിര്‍വഹിക്കും.
സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയുടെ വിപുലീകരണത്തിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാറും നിര്‍വഹിക്കും. ചടങ്ങില്‍ എം ബി രാജേഷ് എംപി മുഖ്യാതിഥിയായിരിക്കും. അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. അട്ടപ്പാടിയില്‍ നല്‍കുന്ന ഭൂമിയുടെ വിശദവും ശാസ്ത്രീയവുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കെച്ച് തയ്യാറാക്കി. 517 പേര്‍ക്ക് 480 ഓളം ഏക്കര്‍ ഭൂമി നല്‍കാനും കൈവശരേഖ വിതരണം ചെയ്യാനും ബാക്കിവരുന്ന 600 ഓളം പേര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ഭൂമി നല്‍കും.
നിലവില്‍ 148 ഊരുകളിലുള്ള ഭൂരഹിതരെ കണ്ടെത്തി അതാത് ഊരുകള്‍ക്ക് ലഭ്യമായതില്‍ ഏറ്റവും അടുത്ത് വരുന്ന വനഭൂമിയാണ് വിതരണം ചെയ്യുക. ഭാവിയില്‍ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ കൈവശ രേഖയില്‍ ഗുണഭോക്താവിന്റെ ഫോട്ടോ, വിരലടയാളം, ആധാര്‍ നമ്പര്‍ എന്നിവയും നല്‍കുന്ന ഭൂമിയുടെ വിശദാംശങ്ങള്‍ അടയാളപ്പെടുത്തി ആകെ ഭൂമിയുടെ സ്‌കെച്ചില്‍ വ്യക്തിഗത പ്ലോട്ട് അടയാളപ്പെടുത്തിയാണ് കൈവശരേഖ നല്‍കുക.
ഓരോ പ്ലോട്ടും സര്‍വ്വെ കല്ലിട്ട് തിരിക്കുകയും, അങ്കണവാടി, ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി ഹാള്‍, കളിസ്ഥലം, ശ്മശാനം തുടങ്ങിയ പൊതു സൗകര്യങ്ങളും ഉണ്ടായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി, ഐഎഫ്എസ് എല്‍ ചന്ദ്രശേഖരന്‍, ഡോ. പ്രഭുദാസ് സംസാരിക്കും.
Next Story

RELATED STORIES

Share it