അട്ടപ്പാടിയിലെ ശിശുമരണം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ തടയാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അട്ടപ്പാടിയിലെ പൂതൂര്‍ വില്ലേജിലെ ആദിവാസി ഊരില്‍ കഴിഞ്ഞയാഴ്ച രണ്ട് നവജാത ശിശുക്കള്‍ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഈ വര്‍ഷം 14 നവജാത ശിശുക്കളാണ് അട്ടപ്പാടിയിലെ ആദിവാസി മേഖലകളില്‍ മരിച്ചത്.    പോഷകാഹാരക്കുറവും വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവവും മികച്ച ആശുപത്രി  സൗകര്യങ്ങള്‍ ലഭ്യമാവാത്തതും ആദിവാസി മേഖലകളിലെ ആരോഗ്യ പ്രശ്‌നങ്ങളുടെ രൂക്ഷത വര്‍ധിപ്പിക്കുകയാണെന്നു രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം താന്‍ ആദിവാസി  ഊരുകള്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ അട്ടപ്പാടി പാക്കേജിന് രൂപംനല്‍കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക്കേജിന്  രൂപംനല്‍കാന്‍  ഇതുവരെ തയ്യാറായിട്ടില്ല.  സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും  അടിയന്തര ഇടപെടല്‍ ഇെല്ലങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവുമെന്നും ചെന്നിത്തല കത്തില്‍ മുന്നറിയിപ്പു നല്‍കി.
Next Story

RELATED STORIES

Share it