palakkad local

അട്ടപ്പാടിയിലെ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം

പാലക്കാട്: അട്ടപ്പാടിയിലെ വോട്ടര്‍മാരെ പോളിങ്ബൂ ത്തുകളിലെത്തിക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞടുപ്പ് നിരീക്ഷക പ്രഗ്യ പലിവാള്‍ ഗൗര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞ അഗളി ചിണ്ടക്കി ജി ടി ഡബ്യു എല്‍ പി സ്‌കൂളിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ബൂത്ത് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു നിരീക്ഷക.
132-ാം നമ്പര്‍ ബൂത്തില്‍ കഴിഞ്ഞ തവണ 59.7 ശതമാനം മാത്രമായിരുന്നു പോളിങ് ചിണ്ടക്കിയിലെ ഊരുനിവാസികളില്‍ പലര്‍ക്കും നാലു കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചുവേണം ബൂത്തിലെത്താന്‍. മാത്രമല്ല ജോലിക്കു പോകുന്നവര്‍ അതുപേക്ഷിച്ച് വേണം വോട്ടു ചെയ്യാന്‍ എത്തേണ്ടത്. പ്രദേശത്ത് വാഹനഗതാഗതം കുറവാണെന്നും അതുകൊണ്ടാവാം പോളിങ്കുറഞ്ഞതെന്നും ജീവനക്കാര്‍ അറിയിച്ചു.
വോട്ടെടുപ്പിന്റെ പ്രാധാന്യം അവരിലെത്തിക്കാന്‍ ഊരുകള്‍ സന്ദര്‍ശിച്ച് ബോധവല്‍കരണം സാധ്യമാക്കണമെന്നും നിരീക്ഷക അറിയിച്ചു. പുതൂര്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌ക്കൂളിലെ തെരഞ്ഞെടുപ്പു ബൂത്തും നിരീക്ഷക സന്ദര്‍ശിച്ചു. റാമ്പ് ഉള്‍പ്പെടെയുള്ള ഇവിടുത്തെ സൗകര്യങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്ന് മണ്ണാര്‍ക്കാട് നിയോജകമണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ യോഗത്തിലും പങ്കെടുത്തശേഷമാണ് പ്രഗ്യ പലിവാള്‍ ഗൗര്‍ മടങ്ങിയത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി വി ഗോപാലകൃഷ്ണന്‍, ഡി എഫ് ഒ രാജു തോമസ് കെ, പി എ ഷാനാവാസ് ഖാന്‍, മറ്റ് തെരഞ്ഞെടുപ്പ് ജീവനക്കാര്‍ പങ്കെടുത്തു.
പാലക്കാടു ജില്ലയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രഗ്യപലിവാള്‍ ഗൗര്‍ ഇന്ന് മലപ്പുറം ജില്ലയിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഇന്ന് പുറപ്പെടുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
Next Story

RELATED STORIES

Share it