palakkad local

അട്ടപ്പാടിയിലെ വീട്ടമ്മമാരുടെ സമരത്തിന്റെ രൂപം മാറുന്നു

അഗളി: രണ്ടു മാസമായി തായ്ക്കുല സംഘത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന അതിര്‍ത്തിയായ ആനക്കട്ടിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യശാലയ്‌ക്കെതിരേ നടത്തിവരുന്ന സമരത്തിന്റെ രൂപം മാറുന്നു.
കഴിഞ്ഞ ദിവസം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പോരാട്ടം പ്രവര്‍ത്തകര്‍ സമരപന്തല്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് സമരം അതിന്റെ ഭാവം മാറ്റുന്നത്. ഇതിന്റെ ഭാഗമായി 250 ഓളം വരുന്ന ആദിവാസി സ്ത്രീകളും തായ്ക്കുല സംഘം പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകന്‍ വിളയോടി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 2ന് ആനക്കട്ടി പാലം ഉപരോധിച്ചു. തുടര്‍ന്ന് അഞ്ചരയോടെ ആനക്കട്ടി റോഡിലെ വാഹനങ്ങളും തടഞ്ഞു.
ഇവരെ അഗളി പോലിസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംസ്ഥാന അതിര്‍ത്തിയായ ആനക്കട്ടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് ആദിവാസി സ്ത്രീകള്‍ സമരം ആരംഭിച്ചത്.
ആദ്യഘട്ടത്തില്‍ ഫലം കണാത്തതിനെ തുടര്‍ന്ന് സമരം രണ്ടാംഘട്ടത്തിലേക്ക് കടന്നിരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ അനിശ്ചിതകാല റിലേ നിരാഹാരവും റോഡുപരോധവും നടത്തി. തുടര്‍ന്ന് പ്രശ്‌നത്തില്‍ ജില്ലാ കലക് ടര്‍ ഇടപ്പെട്ടു.
ജില്ലാ ഭരണകൂടം തമിഴ്‌നാട് ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് മദ്യശാല എത്രയും വേഗം മാറ്റാമെന്ന ഉറപ്പു ലഭിച്ചിരുന്നു. എന്നാല്‍ രേഖാമൂലമുള്ള ഉറപ്പുലഭിക്കാതെ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരസമിതി ഉറച്ച നിലപാടെടുക്കുകയായിരുന്നു. ഇതോടെ ജില്ലാ ഭരണകൂടം പ്രതിസന്ധിയിലായി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരും ജില്ലാ ഭരണകൂടവും പരിശ്രമിച്ചില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം പോലുള്ള പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം ചെയ്യുമെന്ന് സമരസമിതി അറിയിച്ചു.
Next Story

RELATED STORIES

Share it