palakkad local

അട്ടപ്പാടിയിലെ ഉരുള്‍പ്പൊട്ടല്‍: നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായവും സൗജന്യ റേഷനും നല്‍കിയില്ല

പാലക്കാട്: കനത്തമഴയും പേമാരിയും തുടരുമ്പോഴും അട്ടപ്പാടിയില്‍ ഉരുള്‍പ്പൊട്ടല്‍ നടന്ന സ്ഥലത്തെത്താന്‍ പോലും ജില്ലാ ഭരണകൂടത്തിന് ഇതുവരെയായില്ല. ഉരുള്‍പൊട്ടല്‍ മൂലം കോളനികളില്‍ ആദിവാസികളുടെ ദുരിതം തുടരുകയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലെ പോരായ്മകള്‍ മൂലം ഉദ്യോഗസ്ഥര്‍ പണം തട്ടിയെടുക്കുന്ന അവസ്ഥയില്‍ മാറ്റമുണ്ടാകാതിരിക്കുന്നതാണ് ദുരിതം വര്‍ധിപ്പിക്കുന്നത്. പരമ്പരാഗത കൃഷി നഷ്ടപ്പെട്ടതും മറ്റും മൂലം ആദിവാസി കോളനികളില്‍ പട്ടിണിയും നവജാത ശിശു മരണങ്ങളും ഏറുകയുമാണ്. ഇതൊന്നും പരിഹരിക്കാന്‍ യാതൊരു നടപടികളും സ്വീകരിക്കാതെ പേരിനൊരു സമരങ്ങളും പ്രസ്താവനകളും നടത്തി സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രച്ഛന്നവേഷം കെട്ടുകയാണ്. ഇരുപത്തഞ്ച് ഏക്കറോളം കൃഷി നശിച്ചിട്ടുണ്ടെന്നും നിര്‍മാണത്തിലിരിക്കുന്ന ഒരു കിലോമീറ്ററോളം റോഡ് തകരുകയും മേലേ മൂലക്കൊമ്പില്‍ നൂറു മീറ്ററോളം റോഡ് ഒഴുകി പോകുകയും ചെയ്തിട്ടുണ്ട്. അടിയന്തര ദുരന്ത നിവാരണ സേനയോ സൗജന്യ റേഷനോ സര്‍ക്കാരോ ജില്ലാ ഭരണകൂടമോ ഇതുവരേ പ്രഖ്യാപിച്ചിട്ടുമില്ല. ഇക്കഴിഞ്ഞ ജൂണില്‍ കടുത്ത നാശനഷ്ടം ഉണ്ടാക്കിയ പ്രകൃതിക്ഷോഭത്തിന് ഇരയായവര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കിയിട്ടില്ലെന്നണറിയുന്നത്.
അട്ടപ്പാടിയില്‍ മൂലക്കൊമ്പ് ഊരില്‍ ഉരുള്‍പൊട്ടല്‍ മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് എംബി രാജേഷ് എംപി ആവശ്യപ്പെട്ടു. തകര്‍ന്ന വീടുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് വാസയോഗ്യമാക്കണം. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട ഇടങ്ങളില്‍ അടിയന്തിരമായി അത് പുനസ്ഥാപിക്കുകയും തകരാറിലായ കുടിവെള്ള വിതരണം പുനരാരംഭിക്കുകയും വേണം. അട്ടപ്പാടി മേഖലയില്‍ തുടര്‍ച്ചയായി പ്രകൃതിദുരന്തമുണ്ടാവുന്ന പശ്ചാത്തലത്തില്‍ അടിയന്തര ദുരന്ത നിവാരണ സേനയുടെ പ്രത്യേകമായ ശ്രദ്ധയും ഇടപെടലുമുണ്ടാവണമെന്ന ആവശ്യവും എംപി ഉന്നയിച്ചു.
അതേസമയം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരത്തില്‍ പേരിനൊരു പ്രസ്താവനകളുമായി രംഗത്തുവന്നിട്ടുണ്ടെങ്കിലും ആദിവാസികളുടെ ദുരിതത്തിന് ഇതുവരെ യാതൊരു പരിഹാരവുമായിട്ടില്ല. കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം പല ഊരുകളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകളുണ്ടെന്ന് പറഞ്ഞ് കോളനികളില്‍ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നതായും അകാരണായി വേട്ടയാടുന്നതായുമാണ് അറിയുന്നത്.
Next Story

RELATED STORIES

Share it