Pathanamthitta local

അട്ടത്തോട് ഗവ.എല്‍പിഎസില്‍ ആദിവാസി കുട്ടികളുടെ പട്ടിണിമാറ്റാന്‍  മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

പത്തനംതിട്ട: ആദിവാസി കുട്ടികളുടെ പട്ടിണിമാറ്റാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു. 46 ആദിവാസി കുട്ടികള്‍ പഠിക്കുന്ന അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് അനുവദിക്കുന്നതിനാണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഇടപെടല്‍ വേണ്ടി വന്നത്.
ഇതിനോടൊപ്പം സ്‌കൂള്‍ പ്രധാനാധ്യാപകന്റെ ശമ്പളം മാറി നല്‍കാനും നടപടിയായി. അട്ടത്തോട് ജിറ്റിഎല്‍ പിഎസിലെ പ്രധാനാധ്യാപകന്‍ ഡി അശോകന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
2015 ജൂണിലാണ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആതറൈസേഷന് വേണ്ടി പ്രധാനാധ്യാപകന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അക്കൗണ്ടന്റ് ജനറല്‍ അനുകൂല തീരുമാനമെടുക്കാത്തതു കാരണമാണ് പ്രധാനാധ്യാപകന്റെ ശമ്പളം മുടങ്ങിയത്.
ദിവസ ഭക്ഷണത്തിനും യാത്രാക്കൂലിക്കും സ്‌കൂള്‍ ചെലവിനും സ്വന്തം പണം ചെലവാക്കേണ്ട ഗതികേടിലാണ് പരാതിക്കാരനെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ ആദിവാസികളെ പഠിപ്പിക്കാന്‍ സ്‌കൂള്‍ തുടങ്ങിയിട്ട് എന്താണ് കാര്യമെന്നും ജസ്റ്റിസ് ജെ ബി കോശി ആരാഞ്ഞു.
പരാതിക്കാരന്റെ ശമ്പള കുടിശ്ശികയും ആദിവാസി, പട്ടികവര്‍ഗ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള ചെലവും ഉടന്‍ നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ഉത്തരവിനെ തുടര്‍ന്ന് ശമ്പളവും ഉച്ചഭക്ഷണത്തിനുള്ള അരിയും നല്‍കാന്‍ റാന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായി പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. കണ്ടിജന്റ് ചെലവുകള്‍ക്കായി വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം തുക റാന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അനുവദിച്ചതായും അധികൃതര്‍ കമ്മീഷനെ അറിയിച്ചു.
Next Story

RELATED STORIES

Share it