Pathanamthitta local

അടൂര്‍ നഗരസഭയിലെ പട്ടികജാതി കോളനികള്‍ അവഗണനയില്‍

അടൂര്‍: അടൂര്‍ നഗരസഭ രൂപീകരിച്ചിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും നഗരസഭ പരിധിയിലെ  പട്ടികജാതി കോളനികള്‍ അഗണനയില്‍. 26 കുടുംബങ്ങള്‍ താമസിക്കുന്ന നഗരസഭയിലെ ഏറ്റവും വലിയ അംബേദ്കര്‍ കോളനിയുടെ സ്ഥിതിയാണ് ഏറെ ദയനീയം. ആദ്യകാലത്ത് ഇവിടെ 13 കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്. നാല് സെന്റ് ഭൂമിയും വീടുമാണ് ഓരോ കുടുംബങ്ങള്‍ക്കുമുള്ളത്. സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മാണം ആരംഭിച്ച വീടുകളില്‍ ഭൂരിഭാഗവും ഇടക്കുവെച്ച് നിര്‍ത്തിയ നിലയിലാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. നഗരത്തിന് സമീപത്തായുള്ള പുതുശ്ശേരി കോളനിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെയുള്ളവര്‍ക്ക് പട്ടികജാതി വികസന വകുപ്പ് അനുവദിച്ച ഭൂമി ഇടപാടിലാണ് അഴിമതി നടന്നത്. നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമിയാണ് അനുവദിച്ചത്.  എന്നാല്‍ ഇനിയും പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി നല്‍കിയ ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് ഇനിയും എത്തിയിട്ടില്ല. വീടുകളില്ലാത്തതിനാല്‍ ടാര്‍പാളിന്‍ വലിച്ചുകെട്ടിയാണ് ചിലര്‍ താമസിക്കുന്നത്. ഇരു കോളനികളിലുള്ളവരുടെ കുടുംബങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ മറവ് ചെയ്യാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. ആളുകള്‍ മരണപ്പെട്ടാല്‍ വീടിന്റെ മുറികളോ ഭിത്തിയോ ഇളക്കിയാണ് പലകുടുംബങ്ങളിലും സംസ്‌കാരം നടത്തുന്നത്. ഇവര്‍ക്കൊരു പൊതുശ്മശാനം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.  മിത്രപുരത്ത് അമിത വിലകൊടുത്ത് ശ്മശാനത്തിനായി വാങ്ങിയ ഭുമി കേസ്സിലും തര്‍ക്കത്തിലുംപെട്ട് കിടക്കുകയാണ്. നഗരസഭ പ്രദേശത്തെ 15 പട്ടികജാതി കോളനികളുടെയും 14 പട്ടികജാതി സങ്കേതങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല.
Next Story

RELATED STORIES

Share it