malappuram local

അടൂര്‍ ചലച്ചിത്രമേള : അടൂര്‍ ചലച്ചിത്രയോഗി- കെ ജയകുമാര്‍



തിരൂര്‍: സിനിമയ്ക്കായി ജീവിതം തപസ്യയാക്കി മാറ്റിയ ചലച്ചിത്രയോഗിയാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ . ക്യാംപസില്‍ ചലച്ചിത്രപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ അടൂര്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല്‍പ്പത്തിയഞ്ച് വര്‍ഷം കൊണ്ട് 12 ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത അപൂര്‍വ പ്രതിഭയാണ് അടൂര്‍. പ്രമേയങ്ങളെ അവയുടെ ബഹുസ്വരതയില്‍ കാണാനും അവയെ ജീവിതത്തിന്റെയും കാലഘട്ടത്തിന്റെയും പരിച്ഛേദമാക്കിമാറ്റി സാര്‍വ്വജനീനമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പ്രാണപ്രതിഷ്ഠ നടത്തിയാണ് ഓരോ ചലച്ചിത്രത്തിനും ജന്മം നല്‍കിയത്. വിഷയത്തിന്റെ സമസ്ത സാധ്യതകളും പഠിച്ചറിഞ്ഞാണ് സാന്ദ്രമായ ആഖ്യാനശൈലിയില്‍ അദ്ദേഹം ചലച്ചിത്രശില്‍പം ഒരുക്കുന്നതെന്നും ജയകുമാര്‍ വിശദീകരിച്ചു. പ്രൊഫ. മധു ഇറവങ്കര അധ്യക്ഷത വഹിച്ചു.അസി. പ്രൊഫ. സുധീര്‍ എസ് സലാം, ഇ ആര്‍ അനില്‍കുമാര്‍ സംസാരിച്ചു. ഉദ്ഘാടന ചിത്രമായി “സ്വയംവരം’ പ്രദര്‍ശിപ്പിച്ചു. മേളയില്‍  എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയന്‍, മതിലുകള്‍, നിഴല്‍ക്കൂത്ത്, പിന്നെയും എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജൂലൈ നാലിന് അടൂര്‍ ഗോപാലകൃഷ്ണന്‍ കുട്ടികളുമായി സംവദിക്കാന്‍ ക്യാംപസില്‍ എത്തും. “അടൂരിനൊപ്പം’ എന്ന പരിപാടിയില്‍ കാലത്ത് 10 ന് “സംഭാഷണം’, സംവാദം എന്നിവ നടക്കും.  ശേഷം 2.30ന് “ചലച്ചിത്രപഠനം സമീപനങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ അടൂര്‍ പ്രഭാഷണം നടത്തും.
Next Story

RELATED STORIES

Share it