Pathanamthitta local

അടൂരില്‍ പിടിമുറുക്കി മാഫിയ: ലഹരിക്ക് അടിമപ്പെട്ട് വിദ്യാര്‍ഥികള്‍

അടൂര്‍: അടൂര്‍ നഗരത്തേയും പരിസര പ്രദേശങ്ങളേയും ലക്ഷ്യമിട്ട് ലഹരി മാഫിയ. കഞ്ചാവ്, ലഹരി ടാബ്ലറ്റുകള്‍, നാക്കില്‍ ഒട്ടിക്കാവുന്ന എല്‍എസ്ഡി സ്റ്റാമ്പ്തുടങ്ങിയ ലഹരി വസ്തുക്കളാണ് പ്രദേശങ്ങളില്‍ വിറ്റഴിക്കുന്നതെന്നാണ് റിപോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്നു കച്ചവടക്കാരിലൂടെയും വിദ്യാര്‍ഥികളിലൂടെയുമാണ് ജില്ലയിലേക്ക് ലഹരി വസ്തുക്കള്‍ എത്തുന്നത്.
ജീന്‍സിലും ശരീരത്തിലും ഒളിപ്പിക്കാവുന്ന വിധത്തിലും ചെറിയ കവറുകളിലാക്കിയുമാണ് ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്നത്. ജില്ലയില്‍ നിന്ന് സ്‌കൂള്‍ തുറന്നശേഷം അഞ്ചുകിലോ കഞ്ചാവാണ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞദിവസം അടൂരില്‍ നഗരത്തില്‍ നിന്നു മൂന്നുകിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടിയിരുന്നു. പ്രധാനമായും സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്. കഞ്ചാവുമായി അടുത്തിടെ പിടിയിലായവരില്‍ ഏറിയപങ്കും വിദ്യാര്‍ഥികളും യുവാക്കളും ആണെന്നത് ഇതിന്റെ തെളിവാണ്.
മുന്‍കാലങ്ങളില്‍ നിന്നു വിത്യസ്തമായി യുവാക്കളിലും വിദ്യാര്‍ഥികളിലും ലഹരി ഉപയോഗം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഏനാത്ത് കോളജ് വിദ്യാര്‍ഥിയെ അടുത്തിടെ കഞ്ചാവുമായി  മണ്ണടി സ്‌കൂള്‍ പരിസരത്തുനിന്ന് പിടിച്ചിരുന്നു.
ഇത്തരം സംഭവങ്ങള്‍ പലയിടത്തും ആവര്‍ത്തിക്കാറുണ്ടെങ്കിലും സ്‌കൂളിനും വിദ്യാര്‍ഥിക്കും ദുഷ്‌പേരുണ്ടാവുമെന്ന് ഭയന്ന് രക്ഷകര്‍ത്താക്കളും സ്‌കൂള്‍ മനേജുമെന്റും സംഭവം മറച്ചുവയ്ക്കലാണ് പതിവ്. ലഹരിവിരുദ്ധ ക്ലബ്ബുകളുടെ ജില്ലയിലെ പ്രവര്‍ത്തന മുരടിപ്പും എക്‌സൈസിന്റെ കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനുമാണ് ഇത്തരം മാഫിയകള്‍ക്ക് സുലഭമായി പ്രവര്‍ത്തിക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it