Flash News

അടൂരിലെ ആയുധവേട്ട: പോലിസ് കള്ളക്കഥ പ്രചരിപ്പിക്കുന്നു: എസ്ഡിപിഐ

അടൂരിലെ ആയുധവേട്ട: പോലിസ് കള്ളക്കഥ പ്രചരിപ്പിക്കുന്നു: എസ്ഡിപിഐ
X
അടൂര്‍: പറക്കോട് ഷഫീഖ് എന്ന യുവാവിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തില്‍ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് എസ്ഡിപിഐ അടൂര്‍ മണ്ഡലം സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഷഫീഖ് എസ്ഡിപിഐ പ്രവര്‍ത്തകനാണന്ന വ്യാജ പ്രചരണമാണ് ആദ്യം പോലിസ് നടത്തിയത്. എന്നാല്‍ ഷഫീഖ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ അല്ലെന്ന് ബോധ്യപ്പെട്ടതോടെ പോലിസ് മലക്കം മറിഞ്ഞു.
ഇപ്പോള്‍ അനുഭാവി എന്ന തരത്തിലുള്ള പ്രചരണമാണ് നടത്തുന്നത്. തെറ്റായ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കുക വഴി എസ്ഡിപിഐയെ പൊതുജനമധ്യത്തില്‍ ഇകഴ്ത്തികാട്ടാനാണ് പോലിസ് ശ്രമിക്കുന്നത്. രണ്ട് മാസം മുമ്പ് പഴകുളത്ത് നടന്ന സിപിഎമ്മിന്റെ അക്രമസംഭവത്തില്‍ ഡിവൈഎസ്പി ജോസും എസ്‌ഐ രമേശനും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്.



എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായി കള്ളക്കേസ് ചുമത്തുകയും ചെയ്തു. കെവിന്‍ മോഡല്‍ തട്ടിക്കൊണ്ട് പോകല്‍ അടൂരില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടത്തി എന്ന വ്യാജ പ്രചരണവും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
അടൂര്‍ ഡിവൈഎസ്പി അടൂര്‍ പള്ളിക്കല്‍ സ്വദേശിയായ സിപിഎം ജില്ലാ നേതാവിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം നേരത്തേയുണ്ട്. സൈബര്‍ സഖാക്കളുടെ പ്രശംസ പ്രശസ്തി പത്രമെന്നാണ് ആര്‍ ജോസ് വിശ്വസിക്കുന്നത്.ഇന്നലെ രാവിലെ മുതല്‍ ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട 'എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ വന്‍ ആയുധശേഖരം കണ്ടെത്തി' എന്ന വാര്‍ത്ത പാര്‍ട്ടിയെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഇതിനെ നിയമപരമായും ജനകീയമായും നേരിടുമെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റ് ആസാദ് പന്തളം അധ്യക്ഷത വഹിച്ചു. അല്‍അമീന്‍ മണ്ണടി, ലത്തീഫ് ഏഴംകുളം, രവി പുതുമല, റഷീദ് മുട്ടാര്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it