Flash News

അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇന്ന് തീരുമാനമായേക്കും

എം മുഹമ്മദ് യാസിര്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന വിജയം എല്‍ഡിഎഫ് നേടിയതോടെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉ റ്റുനോക്കുന്നത്. കനത്തപ്രഹരം ഏറ്റുവാങ്ങിയ യുഡിഎഫില്‍ ആര് പ്രതിപക്ഷ നേതാവ് ആവുമെന്നതും വരും ദിവസങ്ങളില്‍ ചര്‍ച്ചയാവും. പിണറായി വിജയനാണോ വി എസ് അച്യുതാനന്ദനാണോ അടുത്ത മന്ത്രിസഭയെ നയിക്കുക എന്നതില്‍ ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതി യോഗങ്ങളില്‍ തീരുമാനമുണ്ടായേക്കും. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനും ഭാവി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുമാണ് സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് ചേരുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും യോഗങ്ങളില്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്നത്. സംസ്ഥാന സമിതിയുടെ ശുപാര്‍ശ അനുസരിച്ചാവും അന്തിമതീരുമാനമെടുക്കുക. ഇക്കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമുണ്ടാവുമെന്ന് പിബി അംഗം പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പില്‍ കനത്തപരാജയം ഏറ്റുവാങ്ങിയ യുഡിഎഫില്‍ നിന്നും ആര് പ്രതിപക്ഷ നേതാവ് ആവുമെന്നും വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടാവും. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇല്ലെന്ന് ഉമ്മന്‍ചാണ്ടി ഇതിനകം സൂചന നല്‍കിയതോടെ രമേശ് ചെന്നിത്തലയാവും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുക.
കെ മുരളീധരനെയും നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്ക് ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്. ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരിലും ഐ വിഭാഗത്തിനാണ് മുന്‍തൂക്കമെന്നതും താക്കോല്‍ സ്ഥാനത്തേക്ക് ഭൂരിപക്ഷ സമുദായാംഗം വരണമെന്നുള്ള ചില കേന്ദ്രങ്ങളുടെ ആവശ്യവും കണക്കിലെടുക്കുമ്പോള്‍ ചെന്നിത്തലയ്ക്കു തന്നെയാണ് സാധ്യത.
23ന് ചേരുന്ന കെപിസിസി എക്‌സിക്യൂട്ടീവിലും തുടര്‍ന്ന് ചേരുന്ന യുഡിഎഫ് യോഗത്തിലും ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. കൂടാതെ, ഭരണപങ്കാളിത്തം, മന്ത്രിമാര്‍ എന്നിവയില്‍ തീരുമാനമെടുക്കുന്നതിന് നാളെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. 27 പേര്‍ മല്‍സരിച്ചതില്‍ 19 പേര്‍ വിജയിച്ചതിനാല്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ക്ക് സിപിഐ അവകാശവാദം ഉന്നയിച്ചേക്കും.
Next Story

RELATED STORIES

Share it