Kollam Local

അടുത്ത അധ്യായന വര്‍ഷങ്ങളിലെ പ്രവേശനം തടയാന്‍ തീരുമാനം

കൊല്ലം: പാരിപ്പളളി മെഡിക്കല്‍ കോളജിന് 2017-2018 അധ്യയന വര്‍ഷത്തെ  അനുമതി നല്‍കുവാന്‍ സൂപ്രിം കോടതി മേല്‍നോട്ട കമ്മിറ്റി നല്‍കിയ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ 2018-2019, 2019-2020 അധ്യയന വര്‍ഷങ്ങളിലെ പ്രവേശനം തടയാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനിച്ചതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും  ആരോഗ്യ വകുപ്പ് മന്ത്രിയുടെയും നേരിട്ടുളള ഇടപെടലുകള്‍ മൂലം മെഡിക്കല്‍ കൗണ്‍സിലാണ്  കോളജ് ആരംഭിക്കാന്‍ അനുമതി നല്‍കിയതെന്ന സര്‍ക്കാരിന്റെ അവകാശ വാദം പൂര്‍ണമായും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ ഉത്തരവ്.  എംപി എന്ന നിലയില്‍ നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായിട്ടാണ് സുപ്രിം കോടതി  നിയോഗിച്ച മേല്‍നോട്ട സമിതിയായ ലോധാ കമ്മിറ്റി പ്രതേ്യക ഉത്തരവ് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റാണ് ആദ്യ വര്‍ഷം മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് സെക്രട്ടറി അണ്ടര്‍ടേക്കിങ് ഫയല്‍ ചെയ്യണമെന്നും  അണ്ടര്‍ടേക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഏതു സമയവും പരിശോധന നടത്തുമെന്നും പരിശോധനയില്‍ ഏതെങ്കിലും ഘടകങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല എങ്കില്‍ 2018-2019, 2019-2020 വര്‍ഷത്തെ പ്രവേശനം  തടയുമെന്ന  വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് കഴിഞ്ഞ മെയ് 31നുള്ള ലോധാ കമ്മിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരാണ് അനുമതി നല്‍കിയത്.  അനുമതി ലഭിച്ച്  പ്രവേശനം നടത്തി മാസങ്ങള്‍ കഴിഞ്ഞ് സെപ്തംബര്‍ 14ന് വീണ്ടും പരിശോധന നടത്തിയപ്പോഴും കുറവുകള്‍ പരിഹരിക്കാത്തതു കൊണ്ടാണ് തുടര്‍ന്നുളള രണ്ടു വര്‍ഷങ്ങളിലെ അനുമതി വ്യവസ്ഥകള്‍ പ്രകാരം തടഞ്ഞു ഉത്തരവായത്.ജനപ്രതിനിധിയെന്ന നിലയില്‍ കുറവുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിരുന്നുവെന്നും കുറവുകള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് കോളജ് വീണ്ടും പ്രതിസന്ധിയിലായതെന്നും എംപി ആരോപിച്ചു. ആവശ്യത്തിലേറെ സമയം ഉണ്ടായിരുന്നിട്ടും കുറവുകള്‍ പരിഹരിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്.  പാരിപ്പളളി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനായി നടക്കുന്ന ശ്രമങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അനേ്വഷണം നടത്തണം. വസ്തുതകള്‍ ശരിയായി വിലയിരുത്തി യഥാസമയം നടപടി സ്വീകരിക്കുന്നതിനു പകരം ഉദേ്യാഗസ്ഥരുടെ അഭിപ്രായങ്ങള്‍ നടപ്പാക്കുന്നതില്‍ മാത്രം താല്‍പ്പര്യം കാണിക്കുന്ന ഭരണ നേതൃത്വത്തിന്റെ പിടിപ്പു കേടാണ് വീണ്ടും കോളേജിന്റെ അനുമതി തടസ്സപ്പെടാന്‍ കാരണം. 35.6 ശതമാനം റസിഡന്റ്മാരുടെ കുറവ്, 44.6 ശതമാനം മാത്രം കിടത്തി ചികില്‍സിക്കുന്ന രോഗികള്‍, മേജര്‍ ഓപറേഷന്‍ ചെയ്യാതിരുന്നത്, പരിശോധന ദിവസവും പ്രസവം സംബന്ധമായ ചികില്‍സ ഇല്ലാതിരുന്നത് തുടങ്ങി എട്ട് പ്രധാന കുറവുകളും ഒട്ടനവധി മറ്റു കുറവുകളുമാണ് മെഡിക്കല്‍ കൗണ്‍സില്‍ സെപ്തംബര്‍ 14ന് വീണ്ടും പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍  ഒഴിവാക്കാമായിരുന്ന കുറവുകള്‍ ഇപ്പോള്‍ കോളജിന്റെ തുടര്‍ അനുമതിക്ക് പ്രതിസന്ധിയായത്.  2017-2018 അധ്യയന വര്‍ഷത്തെ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അതീവ ഗുരുതര വീഴ്ച വരുത്തിയതിനാലാണ് 2018-2019, 2019-2020 അധ്യായന വര്‍ഷങ്ങളിലെ പ്രവേശനം തടയാനുളള തീരുമാനത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ എത്തിചേര്‍ന്നത്.  ഇഎസ്‌ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ചികില്‍സാ സൗകര്യവും ഒരുക്കാതിരുന്നതും ഗൗരവതരമാണ്.  കോളജ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ ഇച്ഛാശക്തിയോടു കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
Next Story

RELATED STORIES

Share it