അടുത്തയാഴ്ച വോട്ടെടുപ്പ്; മ്യാന്‍മറില്‍ സൂച്ചിയുടെ മുന്‍ ഡ്രൈവര്‍ പ്രസിഡന്റായേക്കും

നേപിഡോ: മ്യാന്‍മറില്‍ ജനാധിപത്യരീതിയിലൂടെ അധികാരത്തിലേറുന്ന ആദ്യ സര്‍ക്കാരിന്റെ നേതൃസ്ഥാനത്തേക്ക് ഓങ്‌സാന്‍ സൂച്ചിയുടെ മുന്‍ ഡ്രൈവറും വിശ്വസ്ത സഹായിയുമായ യു തിന്‍ ക്യോ നാമനിര്‍ദേശം ചെയ്യപ്പെട്ടു.
നിലവിലെ ഭരണഘടന പ്രകാരം പ്രസിഡന്റ് ആവുന്നതിന് തനിക്ക് വിലക്കുള്ളതിനാല്‍ ഭരണം നടത്താന്‍ വിശ്വസ്തനായ പ്രതിനിധി എന്ന നിലയിലാണ് സൂച്ചി ക്യോയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഭര്‍ത്താവും രണ്ടു കുട്ടികളും ബ്രിട്ടിഷ് പൗരന്മാരായതിനാലാണ് നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) പാര്‍ട്ടി നേതാവായ സൂച്ചിക്ക് പ്രസിഡന്റാവാന്‍ സാധിക്കാത്തത്. അതേസമയം, സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ പ്രസിഡന്റിനു മുകളിലായിരിക്കും തന്റെ സ്ഥാനമെന്ന് സൂച്ചി നേരത്തേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രവിജയമാണ് നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേടിയത്. അധോസഭയിലെ എന്‍എല്‍ഡി എംപിയാണ് യു തിന്‍ ക്യോയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഉപരിസഭയില്‍ നിന്നും ചിന്‍ ന്യൂനപക്ഷക്കാരനായ എംപി ഹെന്‍ റി വാന്‍ തിയോയാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം 25 ശതമാനം സീറ്റുകളും പട്ടാളത്തിന് സംവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ ഇവര്‍ക്കു പുറമെ സൈന്യവും ഒരു പ്രതിനിധിയെ നാമനിര്‍ദേശം നടത്തും.
അടുത്തയാഴ്ചയാണ് മൂന്നുപേരില്‍നിന്നും പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പില്‍ വിജയിക്കാത്ത രണ്ടുപേര്‍ വൈസ് പ്രസിഡന്റുമാരാവും. ഏറെക്കുറേ വിജയം സുനിശ്ചിതമായ ക്യോ സൂച്ചി നടത്തുന്ന കാരുണ്യസംഘടന നോക്കിനടത്തിവരുകയായിരുന്നു. സൂച്ചിക്കൊപ്പം സ്‌കൂളില്‍ പഠിച്ച ക്യോ സൂച്ചിയുടെ ഡ്രൈവറായതു മുതല്‍ വിശ്വസ്തനായി കൂടെയുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്.
അതേസമയം, മുന്‍ സൈനിക പ്രസിഡന്റ് തൈന്‍ സൈന്‍ ഈ മാസം അവസാനത്തോടെയേ ഓഫിസ് വിടുകയുള്ളൂ. അധോസഭയിലും ഉപരിസഭയിലും ആധിപത്യമുള്ളതിനാല്‍ പ്രസിഡന്റ് സ്ഥാനം എന്‍എല്‍ഡിക്ക് സുനിശ്ചിതമാണ്. ഏപ്രില്‍ ഒന്നിനായിരിക്കും പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുക.
Next Story

RELATED STORIES

Share it