Kollam Local

അടുത്തമാസം ഐവറി കോസ്റ്റില്‍ നിന്നും നേരിട്ട് തോട്ടണ്ടി വാങ്ങും: മന്ത്രി

കൊല്ലം: ജനുവരിയോടെ ഐവറി കോസ്റ്റില്‍ നിന്ന് നേരിട്ട് തോട്ടണ്ടി വാങ്ങുമെന്ന്  മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനായി കാഷ്യു ബോര്‍ഡിന് വിവിധ ബാങ്കുകള്‍ 200 കോടി രൂപ വായ്പ അനുവദിക്കും. കാഷ്യു ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ 80 ശതമാനം പൂര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വിഎല്‍സി മാനേജ്‌മെന്റിന് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല.
6000 തൊഴിലാളികളുള്ള വിഎല്‍സി മാനേജ്‌മെന്റ് കശുവണ്ടി ഫാക്ടറികള്‍ അടച്ചിടുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ല. സ്വകാര്യ മേഖലയില്‍ ഇനിയും തുറക്കാത്ത ഫാക്ടറികള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.തോട്ടണ്ടിയുടെ വില ഉയര്‍ന്നതിന്റെ മറവില്‍ തൊഴിലാളികളുടെ കൂലിയും ബോണസും കുറയ്ക്കണമെന്ന സ്വകാര്യ ഫാക്ടറി ഉടമകളുടെ ആവശ്യം  അംഗീകരിക്കില്ല. തോട്ടണ്ടിയുടെ വില കിട മല്‍സരത്തിലൂടെ വന്‍ തോതില്‍ ഉയര്‍ന്നതാണ് കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധി. തോട്ടണ്ടിയുടെ വില 80 ശതമാനത്തോളം ഉയര്‍ന്നപ്പോഴും പരിപ്പിന്റെ വില 40 ശതമാനം മാത്രമേ വര്‍ധിച്ചുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കശുവണ്ടി ഇടപാടില്‍ മന്ത്രി അഴിമതി നടത്തിയെന്ന ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് കാഷ്യു കോര്‍പറേഷനെയും കാപ്പെക്‌സിനെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണ്. കോര്‍പറേഷന്‍, കാപ്പെക്‌സ് ഫാക്ടറികള്‍ തുറക്കരുതെന്നാഗ്രഹിച്ച ചിലര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഡാലോചനയാണ് വി ഡി സതീശന്‍ എംഎല്‍എ നിയമസഭയില്‍ നടത്തിയ അഴിമതി ആരോപണത്തിലൂടെ പുറത്ത് വന്നത്.യുഡിഎഫ് ഭരണകാലത്ത് ദീര്‍ഘകാലം അടഞ്ഞ് കിടന്നിരുന്ന കശുവണ്ടി വികസന കോര്‍പറേഷന്റേയും കാപ്പെക്‌സിന്റേയും ഫാക്ടറികള്‍  2016ലെ ഓണത്തിന് മുമ്പ് സര്‍ക്കാര്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചു. സര്‍ക്കാരിന്റെ ഈ നീക്കങ്ങളെയും ഇ-ടെന്‍ഡര്‍ വ്യവസ്ഥയില്‍ കോര്‍പറേഷന്‍, കാപ്പെക്‌സ് മാനേജ്‌മെന്റുകള്‍ നടത്തിയ തോട്ടണ്ടി സംഭരണത്തെയും അഴിമതിയുടെ പുകമറയിലൂടെ തകര്‍ക്കാനാണ് അഴിമതി ആരോപണം ഉന്നയിച്ചവര്‍ ലക്ഷ്യമിട്ടത്.
Next Story

RELATED STORIES

Share it