kasaragod local

അടിസ്ഥാന സൗകര്യ വികസനത്തിനും കുടിവെള്ളത്തിനും മുന്‍ഗണന

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അവതരിപ്പിച്ചു. പുതുതായി ചുമതലയേറ്റ ഭരണസമിതിയുടെ ആദ്യ ബജറ്റാണിത്.
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ളതാണ് ബജറ്റ്. 2,45,76,13,000 രൂപ വരവും 2,31,97,56,000 രൂപ ചെലവും 27,04,66,864 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 115,45,00,000, എന്‍പിആര്‍പിഡിക്ക് 4,00,00,000, ആര്‍എംഎസ്എ ഗ്രാന്റായി നാല് കോടിയും എസ്എസ്എ ഗ്രാന്റായി ലക്ഷം രൂപയും വകയിരുത്തി.
ജില്ലയുടെ ഗതാഗതരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലെ മുഴുവന്‍ റോഡുകളുടെയും നിലവാരം ഉയര്‍ത്തുന്നതിന് ഈ വര്‍ഷം തുക വകയിരുത്തി. തിരഞ്ഞെടുക്കപ്പെട്ട റോഡുകള്‍ മെക്കാഡം ടാറിങ് നടത്താനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. റോഡുകളെ ഹരിതാഭമാക്കി പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും പദ്ധതിയുണ്ട്. ചട്ടഞ്ചാലില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥലത്ത് ഐടി പാര്‍ക്ക് ആരംഭിക്കും. എമേര്‍ജിങ് കാസര്‍കോടും നടപ്പിലാക്കും.
ചെറുകിട വ്യവസായ യൂനിറ്റുകളെ പുതിയ പാതയിലൂടെ നയിക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഉല്‍പാദന വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂനിറ്റുകള്‍ക്ക് സഹായം നല്‍കാനും തുക നീക്കിവച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനം ലഭ്യമിട്ട് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും കുടിവെള്ളം, ശുചിത്വം, ആസ്ഥി സംരക്ഷണം എന്നിവയ്ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. പ്രൈമറി തലം മുതലുള്ള കുട്ടികളുടെ വിദ്യാഭ്യാസ പരമായ അടിത്തറ ബലപ്പെടുത്തി പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിക്കും.
പെണ്‍കുട്ടികള്‍ക്ക് വിശ്രമമുറികളൊരുക്കാന്‍ വിശ്രാന്തിയും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളിലൂടെ പെണ്‍കുട്ടിയുടെ മാനസികവും ശാരീരികവുമായ സംരക്ഷണത്തിന് പ്രാധാന്യം നല്‍കും. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ലാമ്പ് പദ്ധതി തുടരും. ഇതിന്റെ ഭാഗമായി ഹലോ ടീച്ചര്‍, കിഡ്‌സ് സയന്റിസ്റ്റ്, ഇന്നവേഷന്‍ അവാര്‍ഡ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
മോഡല്‍ കളി സ്ഥലങ്ങള്‍ നിര്‍മിക്കുന്നതിനായി പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. മായിപ്പാടി ഡയറ്റില്‍ ചരിത്ര മ്യൂസിയും സ്ഥാപിക്കും. ആസ്പത്രികളിലും വിദ്യാലയങ്ങളിലും ഗ്രിഡ് അധിഷ്ഠിതമായ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കും. ജില്ലയെ ഊര്‍ജരംഗത്ത് സ്വയം പര്യാപ്തിയിലേക്ക് നയിക്കാനും വോള്‍ട്ടേജ് ക്ഷാമത്തിനും പദ്ധതി പരിഹാരമാകുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്ലസ്ടു തുല്യത പഠനത്തില്‍ കന്നഡ പഠിതാക്കളെ കൂടി ഉള്‍പ്പെടുത്താന്‍ കന്നഡ പഠന സാമഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള തുക വകയിരുത്തി. ജില്ലയിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രതിഭകളായ വിദ്വാന്‍ പി കേളുനായര്‍, കയ്യാര്‍ കിഞ്ഞണ്ണറൈ എന്നിവരുടെ സംഭാവനകള്‍ പകര്‍ന്നു നല്‍കുന്നതിന് മലയാളം, കന്നഡ ഭാഷകളില്‍ പഠന പ്രവര്‍ത്തനം നടത്തും. അലോപ്പതി, ആയൂര്‍വേദ, ഹോമിയോ മേഖലകളില്‍ മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യും.
ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിന് ഉപകരണങ്ങള്‍ ലഭ്യമാക്കും. നേത്ര രോഗ ചികില്‍സാ നിര്‍ണയത്തിനായി സഞ്ചരിക്കുന്ന നേത്രചികില്‍സാ വാഹനത്തിന് പദ്ധതി ആവിഷ്‌ക്കരിച്ചു. ജീവിത ശൈലി രോഗനിര്‍ണയത്തിനും ചികില്‍സക്കും സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പദ്ധതിയുണ്ട്. പകര്‍ച്ചാവ്യാധി നിയന്ത്രണത്തിനായി ജില്ലാതല മോണിറ്ററിങ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന പദ്ധതികളും നടപ്പാക്കും.
ചെലവ് രഹിത പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായുള്ള ക്ലീന്‍ കാസര്‍കോട് പദ്ധതിയാണ് ലക്ഷ്യം. എയ്ഞ്ചല്‍ പദ്ധതിയില്‍ അപകടത്തില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തും. എച്ച്‌ഐവി ബാധിതരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള പോഷകാഹാര പദ്ധതിയും ടിബി രോഗികള്‍ക്കുള്ള കൈത്താങ്ങും ലെപ്രസി, മന്ത് രോഗികള്‍ക്കുള്ള പോഷകാഹാര പദ്ധതിയും നടപ്പാക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സാന്ത്വനം പരിപാടിയുടെ ഭാഗമായുള്ള തണല്‍ ഭവന നിര്‍മാണ പദ്ധതി തുടരും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട യുവജന വിഭാഗങ്ങളുടെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി വിദേശ തൊഴില്‍ അവസരത്തിനും പ്രഫണല്‍ കോഴ്‌സിന് ചേരുന്നതിനും ധനസഹായം നല്‍കും. ഈ മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഭൂജലവകുപ്പുമായി സഹകരിച്ച് കുടിവെള്ള പദ്ധതികള്‍ ഈ വര്‍ഷം ആവിഷ്‌കരിക്കും. തൊഴിലധിഷ്ടിത പരിശീലനങ്ങള്‍ക്കായി മള്‍ട്ടിപര്‍പ്പസ് കമ്മ്യൂണിറ്റി ഹാളുകളും കമ്മ്യൂണിറ്റി ട്രെയ്‌നിങ് സെന്ററുകളും സ്ഥാപിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, സ്റ്റാന്റിങ കമ്മിറ്റി ചെയര്‍മാന്മാരായ പാദൂര്‍ കുഞ്ഞാമു ഹാജി, ഹര്‍ഷാദ് വോര്‍ക്കാടി, അഡ്വ. എ പി ഉഷ, ഫരീദ സക്കീര്‍ അഹമ്മദ്, സെക്രട്ടറി ഇ പി രാജമോഹനന്‍, അംഗങ്ങളായ എം നാരായണന്‍, ഇ പത്മാവതി, പി വി പത്മജ, ഡോ. വി പി പി മുസ്തഫ, കേളു പണിക്കര്‍, മുംതാസ് സമീറ, ജോസ് പതാലില്‍, പി സി സുബൈദ, സുഫൈജ അബൂബക്കര്‍, അഡ്വ. കെ ശ്രീകാന്ത് സംബന്ധിച്ചു.
Next Story

RELATED STORIES

Share it