Pathanamthitta local

അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം

പത്തനംതിട്ട: അടിസ്ഥാനസൗകര്യ വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അവതരിപ്പിച്ചു.
103,32,52,000 രൂപ വരവും 101,97,52,000 രൂപ ചെലവും 1,35,00,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനും പ്രഥമ പരിഗണന നല്‍കി 42.20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതി പ്രകാരം ജില്ലയിലെ ഭവനരഹിതര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് കൂടുതല്‍ പ്രാധാന്യം നല്‍കും. ഇതിനായി 14 കോടി രൂപ വകയിരുത്തി. ഇതില്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തിന് എട്ട് കോടി രൂപയും പൊതുവിഭാഗത്തിന് ആറു കോടി രൂപയും നീക്കിവച്ചു. ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലെയും ടൂറിസം മേഖലകളെ ബന്ധിപ്പിച്ചു കൊണ്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ടൂറിസം സര്‍ക്യൂട്ട് പരിപാടി നടപ്പാക്കുന്നതിന് 50 ലക്ഷം രൂപയും ആരോഗ്യമേഖലയ്ക്കായി 10,500000 രൂപ വകയിരുത്തി. കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ തയാറാക്കും.
വയോജനങ്ങളുടെ പരിപാലനത്തിനായി കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂന്നുമാസം ദൈര്‍ഘ്യമുള്ള ഹോംനഴ്‌സിങ്-പാലിയേറ്റീവ് കെയര്‍ പരിശീലന പദ്ധതി തുടങ്ങാനും ബജറ്റില്‍ ആഹ്വാനമുണ്ട്.
ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വൃക്ക രോഗികള്‍ക്ക് ജില്ലാ ആശുപത്രിയില്‍ സൗജന്യമായി ഡയാലിസിസ് നടത്തുന്നതിന് സൗകര്യമൊരുക്കും. അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ വികസനത്തിന് 2.5 കോടി രൂപ. കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയുടെ വികസനത്തിനായി 1.85 കോടി രൂപ. ജില്ലയിലെ സീതാലയം യൂനിറ്റിന്റെ വികസനം, ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എന്നിവയ്ക്കായി 70 ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാലയങ്ങള്‍ സ്മാര്‍ട്ട് സ്‌കൂളാക്കി മാറ്റും. ഹയര്‍ സെക്കന്‍ഡറി നിലവാരം ഉയര്‍ത്തുന്നതിന് കൈത്താങ്ങ് പദ്ധതി എന്നിവ നടപ്പാക്കും.
ഭൂജലനിരപ്പ് താഴാതെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ ജില്ലാതല വാട്ടര്‍ അറ്റ്‌ലസ് തയാറാക്കും. കന്നുകാലി സംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്‍കൃഷിയോടനുബന്ധിച്ച് ഒരു കൃഷി മീനും - ഒരു കൃഷി നെല്ലും എന്ന പദ്ധതിക്കു രൂപം നല്‍കും.
ജില്ലയിലെ സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങി നല്‍കും. വ്യവസായ പാര്‍ക്കും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് രണ്ടു കോടി രൂപ വകയിരുത്തി. കോട്ടയം മാതൃകയില്‍ നാലുമണിക്കാറ്റ് എന്നിവയ്ക്കായി 2.77 കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ ഐഎസ്ഒ നിലവാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി പരിശീലന പരിപാടി, റിക്കാര്‍ഡ് റൂം പൂര്‍ത്തീകരണം, ലിഫ്റ്റ്, അപ്രോച്ച് റോഡ്, മുകളിലത്തെ നിലയില്‍ കോണ്‍ഫറന്‍സ്ഹാള്‍ എന്നിവ നിര്‍മിക്കുന്നതിന് 95 ലക്ഷം രൂപ വകയിരുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷത വഹിച്ചു. എന്നാല്‍ കഴിഞ്ഞ ഭരണസമിതിയുടെ പദ്ധതികള്‍ പൂര്‍ണ്ണമായും അവഗണിച്ചാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമ ബജറ്റെന്നുള്ളതും ശ്രദ്ധേയമായി. ഇ-ടോയ്‌ലറ്റ്,പ്ലാസ്റ്റിമുക്ത പത്തനംതിട്ട, സാംസ്‌കാരിക ഡയറക്ടറിയുടെ രണ്ടാം പതിപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടും.
Next Story

RELATED STORIES

Share it