Flash News

അടിസ്ഥാന സൗകര്യ വികസനം : സര്‍ക്കാര്‍ ഏജന്‍സികള്‍ വീഴ്ച വരുത്തിയെന്ന് മന്ത്രി



തിരുവനന്തപുരം: പട്ടികജാതി, വര്‍ഗ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ വീഴ്ച വരുത്തിയതായി മന്ത്രി എ കെ ബാലന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഏജന്‍സികളെ കരിമ്പട്ടികയില്‍ പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. വി പി സജീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പുറത്തുള്ള ഏജന്‍സികളെ ഏല്‍പിച്ചാല്‍ തട്ടിപ്പ് നടത്തുമെന്നതിനാലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍മാണപ്രവൃത്തികള്‍ നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍, ആ ഏജന്‍സികളാണ് വീഴ്ച വരുത്തുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇത്തരം ഏജന്‍സികള്‍ തങ്ങളുടെ ഉത്തരവാദിത്തം പാലിച്ചില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. എന്നാല്‍, ഈ പറഞ്ഞ ഏജന്‍സികളില്‍ വിശ്വാസ്യതയുള്ളവര്‍ ഉണ്ടെങ്കില്‍ അവരെ തങ്ങളുടെ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എമാര്‍ക്ക് തിരഞ്ഞെടുക്കാമെന്നും മന്ത്രി അറിയിച്ചു. പട്ടികജാതി വികസന വകുപ്പ് സ്വയംപര്യാപ്ത ഗ്രാമം പദ്ധതി എന്നപേരിലും പട്ടികവര്‍ഗ വികസന വകുപ്പ് ഹാംലറ്റ് വികസന പദ്ധതി എന്നപേരിലും കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ സാങ്കേതിക വികസന പദ്ധതികളാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ മെല്ലെപ്പോക്ക് കാരണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഈ പദ്ധതികള്‍ നിരന്തരം വിലയിരുത്തി. കര്‍മപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതില്‍ ആരംഭിച്ചവ ജൂണ്‍ 30നകം പൂര്‍ത്തിയാക്കാനും ഇതുവരെ ഏറ്റെടുക്കാത്തവ ഒഴിവാക്കാനും നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. മുന്‍പരിചയമില്ലാതെയും അടിക്കടി പദ്ധതി രൂപരേഖയില്‍ മാറ്റം വരുത്തിയതും പദ്ധതികള്‍ വൈകുന്നതിന് കാരണമായതായും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it