kasaragod local

അടിസ്ഥാന സൗകര്യമില്ല; മല്‍സ്യവില്‍പന റോഡില്‍

തൃക്കരിപ്പൂര്‍: അധികൃതരുടെ അനാസ്ഥയുടെ നേര്‍സാക്ഷ്യമായി തൃക്കരിപ്പൂര്‍ മല്‍സ്യമാര്‍ക്കറ്റ്. പതിറ്റാണ്ടോളമായി ഇവിടെ മല്‍സ്യമാര്‍ക്കറ്റ് കെട്ടിടമുണ്ടെങ്കിലും വില്‍പന റോഡില്‍തന്നെ. അശാസ്ത്രീയമായ നിര്‍മാണപ്രവൃത്തിയും വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് മാര്‍ക്കറ്റ് കൈയൊഴിയാല്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്. മലിനജലം ഒഴുക്കിവിടാനോ മാലിന്യങ്ങള്‍ സംസ്‌കരിക്കാനോ സംവിധാനമില്ല. എന്നാല്‍ മല്‍സ്യമാര്‍ക്കറ്റിന്റെ ഏറിയഭാഗവും പരിസരത്തെ പച്ചക്കറി കച്ചവടക്കാര്‍ കൈയടക്കിയിട്ടുണ്ട്. മല്‍സ്യവില്‍പന റോഡരികിലാണ് നടക്കുന്നത്. കാസര്‍കോട്, കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റുകള്‍ കഴിഞ്ഞാ ല്‍ ജില്ലയിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണിത്. ദിവസം രണ്ടു ഷിഫ്റ്റുകളിലായി എഴുപതോളം വില്‍പനക്കാരുണ്ട്. ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. മഴക്കാലത്ത് മാലിന്യങ്ങളും അഴുക്കുവെള്ളവും ഒഴുകിയെത്തി പരിസരമാകെ വൃത്തിഹീനമാകും. മാര്‍ക്കറ്റ് കെട്ടിടം ഉണ്ടായിട്ടും മഴയത്തും വെയിലത്തും കുടചൂടിയാണ് കച്ചവടം. 2012 മാര്‍ച്ചില്‍ 3.30 ലക്ഷം രൂപാചെലവില്‍ നവീകരണം നടത്തി. അശാസ്ത്രീയമായ നിര്‍മാണവും അസൗകര്യം സംബന്ധിച്ച് സര്‍വകക്ഷി യോഗം ആവശ്യമായ നിര്‍ദേശങ്ങളും അന്നുതന്നെ നല്‍കിയിരുന്നു. വിതരണക്കാരായ തൊഴിലാളികള്‍ക്കുള്ള ഇരിപ്പിടം ഉയര്‍ത്തി പണിയുന്നതിനും ഫുട്പാത്തും ഡ്രെയ്‌നേജും നിര്‍മിക്കുന്നതിനും ധാരണയുണ്ടാക്കി. എന്നാല്‍ മാര്‍ക്കറ്റില്‍ തൊഴിലാളികള്‍ക്കായി ശൗചാലയം ഏര്‍പ്പെടുത്തിയതൊഴിച്ചാ ല്‍ മറ്റു സംവിധാനങ്ങളൊന്നുമില്ല. ആധുനിക രീതിയിലുള്ള മാര്‍ക്കറ്റ് കെട്ടിടം പണിയുന്നതിനായി മൂന്നു വര്‍ഷം മുമ്പ് തീരദേശ വികസന അതോറിറ്റി രണ്ടു കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. വകുപ്പിലെ ചീഫ് എന്‍ജിനിയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ സ്ഥല സൗകര്യങ്ങളുടെ ലഭ്യത വേണമെന്നാവശ്യപ്പെട്ടതുമാണ്. എന്നാല്‍ മാര്‍ക്കറ്റിനോട് തൊട്ടുകിടക്കുന്ന സ്വകാര്യവ്യക്തിയുടെ ഇരുനില കെട്ടിടത്തിന്റെ സ്ഥലം വിലക്ക് വാങ്ങി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മല്‍സ്യ മാര്‍ക്കറ്റ് പണിയുമെന്നു അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുന്നതായി മല്‍സ്യതൊഴിലാളികള്‍ പറയുന്നു.
Next Story

RELATED STORIES

Share it