Idukki local

അടിസ്ഥാന സൗകര്യമില്ല; പോസ്റ്റോഫിസ് പ്രവര്‍ത്തിക്കുന്നത് വെയ്റ്റിങ്‌ഷെഡില്‍

നെടുങ്കണ്ടം: നെടുങ്കണ്ടത്തു പോസ്റ്റോഫിസ് പ്രവര്‍ത്തിക്കുന്നത് വെയ്റ്റിങ്‌ഷെഡില്‍. നെടുങ്കണ്ടം പഞ്ചായത്ത് 19ാം വാര്‍ഡിലെ പോസ്റ്റോഫിസിനാണ് ഈ ദുരവസ്ഥ. നനഞ്ഞൊലിക്കുന്ന കെട്ടിടത്തില്‍ വൈദ്യുതി അടക്കമുള്ള യാതൊരു അടിസ്ഥാന സൗകര്യവുമില്ല. മറ്റൊരു മുറിയിലാണ് മുമ്പ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ആ സ്ഥലം വിറ്റതോടെ ഇവിടെ നിന്ന് ഓഫിസ് മാറ്റേണ്ടിവന്നു.വേഗത്തില്‍ കെട്ടിടം കണ്ടെത്താനാകാതെ വന്നതോടെയാണ് കാത്തിരിപ്പു കേന്ദ്രത്തില്‍ താത്ക്കാലിക സംവിധാനമൊരുക്കാന്‍ നടപടിയുണ്ടായത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ബസ് കാത്തിരിക്കാനായി നിര്‍മിച്ചിരുന്ന കെട്ടിടത്തിന്റെ ഒരുഭാഗം അടച്ചു കെട്ടി. ഇതിനുശേഷം ഇവിടേയ്ക്ക് ഓഫിസ് മാറ്റുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഓഫിസ് ഇവിടെ നിന്നു മാറ്റാന്‍ നടപടിയില്ല.
കാത്തിരിപ്പു കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലേയ്ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍നും സാധിക്കുന്നില്ല. കംപ്യൂട്ടര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കാനും ഇത് തിരിച്ചടിയാവുന്നു. ഇതിന്റെ ശോചനീയാവസ്ഥയ്ക്കു പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ ത്രിതല പഞ്ചായത്തുകളോ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. പുന്നക്കവല, കുഴിക്കാനം, പള്ളിക്കവല, തൂവല്‍, ഈറ്റോലിക്കവല, പുത്തന്‍പാലം തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഈ പോസ്റ്റോഫിസിനെ ആശ്രയിക്കുന്നത്.
എഴുകുംവയല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനോടു ചേര്‍ന്ന് പോസ്റ്റോഫിസിനു മുറി അനുവദിച്ചാല്‍ ഗുണകരമാകുമെന്ന് അഭിപ്രായമുണ്ട്. ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കെട്ടിടത്തിലേയ്ക്ക് പോസ്റ്റ് ഓഫിസ് മാറ്റാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പു മന്ത്രിക്കും ജോയ്‌സ് ജോര്‍ജ് എംപിക്കും ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണി പുതിയാപറമ്പില്‍ നിവേദനം നല്‍കി.
Next Story

RELATED STORIES

Share it