thrissur local

അടിസ്ഥാന സൗകര്യമില്ല; ഇതരസംസ്ഥാന തൊഴിലാളികള്‍ ചൂഷണത്തിനിരയാവുന്നു

ചാവക്കാട്: ഇതരസംസ്ഥാന തൊഴിലാളികളെ ലേബര്‍ സപ്ലൈ ബ്രോക്കര്‍മാരും വാടകമുറി നല്‍കുന്ന ഉടമകളും വ്യാപകമായി ചൂഷണത്തിന് ഇരയാക്കുന്നു. ബംഗാളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തൊഴില്‍ തേടി എത്തുന്ന തൊഴിലാളികളെ കൊണ്ട് ഒരു ദിവസത്തെ വേതനമായി 600, 700 രൂപ വരെ വാങ്ങിപ്പിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതിന്റെ പകുതി പോലും തുക ഇവര്‍ക്ക് ലഭിക്കുന്നില്ല.
അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത വാടക വീടുകളിലാണ് ബ്രോക്കര്‍മാര്‍ ഇവരെ കൂട്ടത്തോടെ താമസിപ്പിക്കുന്നത്. കെട്ടിടനിര്‍മ്മാണ മേഖലയിലേക്ക് കൂട്ടത്തോടെ ഇവരെ പണിയെടുപ്പിക്കാന്‍ വീടും പണവും കൈപ്പറ്റുന്നത് ബ്രോക്കര്‍മാരാണ്. തീരദേശത്തെ ഹോട്ടലുകളും ക്വാര്‍ട്ടേഴ്‌സുകളും കേന്ദ്രീകരിച്ചാണ് തൊഴിലാളികളെ താമസിപ്പിക്കുന്നത്. ഹോട്ടലുടമകള്‍ പറയുന്ന തുകയാണ് ഇവരുടെ വേതനം.
തീരമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത വാടക ഷെഡ്ഡുകളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നു. വാടകയ്ക്ക് നല്‍ക്കുന്ന മുറികളില്‍ അടിസ്ഥാന സൗകര്യം വേണമെന്ന നിബന്ധന പാലിക്കാതെയാണ് ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലെ പലഭാഗത്തും ഷെഡ്ഡുകളും ക്വാര്‍ട്ടേഴ്‌സുകളും നിര്‍മ്മിച്ച് വ്യാപകമായി വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.
ചാവക്കാട് പഴയപാലത്തിന് സമീപം വാടകമുറികളില്‍ താമസിക്കുന്ന സ്ത്രീകളടക്കമുള്ളവര്‍ നഗരസഭ സ്‌റ്റേഡിയത്തിന്റെ വഴിയരികിലാണ് മലമൂത്രവിസര്‍ജനം നടത്തുന്നത്. വെളുക്കും മുമ്പേ സംഘമായി എത്തുന്ന ഇവരെ തടയാന്‍ സമീപവാസികള്‍ക്ക് ഭയമാണ്. കടലോരപ്രദേശത്തെ വാടക ഷെഡ്ഡുകളില്‍ താമസിക്കുന്നവര്‍ തീരത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തി വൃത്തികേടാക്കുന്നതായി ആരോപണമുണ്ട്.
കനോലികനാല്‍ തീരവും വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രാഥമിക കൃത്യത്തിനായി ഉപയോഗിക്കുന്നുണ്ട്. തമിഴ്‌നാട്ടുകാരും ബംഗാള്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനത്ത് നിന്നുള്ളവരുമാണ് ഇവിടെ താമസിക്കുന്നത്. ചില വാടകകെട്ടിടങ്ങളില്‍ പ്രാകൃത രീതിയിലുള്ള കക്കൂസുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്.
പ്രാഥമിക സൗകര്യങ്ങളില്ലെങ്കിലും മുറികള്‍ക്ക് വന്‍തുകയാണ് വാടക വാങ്ങുന്നത്. വാടക വീടുകളുടെ കാര്യക്ഷമത പരിശോധിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ തയ്യാറാകാത്തതാണ് തീരമേഖലയില്‍ വ്യാപകമായി അനധികൃത താമസസ്ഥലങ്ങള്‍ കൂടുന്നതിനു കാരണമാകുന്നത്.
വൃത്തിഹീനമായ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കിടിയില്‍ പകര്‍ച്ചവ്യാധി പകര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും കെട്ടിട ഉടമകള്‍ ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പുല്ലുവിലയാണ് നല്‍കിയിരിക്കുന്നത്.
വാടകമുറികളില്‍ താമസിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടമ പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന തീരുമാനം നടപ്പാക്കിയിട്ടില്ല. ഇവര്‍ക്കിടയില്‍ ക്രിമിനലുകള്‍ താമസിച്ചാല്‍ പോലും കണ്ടെത്താനാകില്ല.
ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കാനും ഫലപ്രദമായ സംവിധാനങ്ങള്‍ ഇതുവരെയും ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it