Kollam Local

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ മൈലം വില്ലേജ് ഓഫിസ്

കൊട്ടാരക്കര: 20 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൈലം വില്ലേജ് ഓഫിസ് അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പു മുട്ടുകയാണ്മഴപെയ്താല്‍ വെള്ളം മുഴുവന്‍ ഓഫീസിനുള്ളിലേക്ക് ഒഴുകിയിറങ്ങുകയാണ്. വാര്‍ത്ത കെട്ടിടത്തില്‍ ചോര്‍ച്ച ഇല്ലാത്ത ഭാഗങ്ങള്‍ കുറവാണ്.

വില്ലേജ് ഓഫിസില്‍ വരുന്ന അപേക്ഷകളും, റിക്കാര്‍ഡുകളും സൂക്ഷിക്കുവാന്‍ അലമാരകളോ, റാക്കോ ഇവിടെയില്ല. സ്റ്റോര്‍ മുറിയില്‍ ഇതെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്.കൂട്ടിന് എലികളും ഇഴജന്തുക്കളും ഉണ്ട്. മഴപെയ്താല്‍ ഓഫിസിനകത്തു വീഴുന്ന വെള്ളം ബക്കറ്റ് ഉപയോഗിച്ച് വെള്ളം പിടിക്കേണ്ട സ്ഥിതിയാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക്.
റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഈ ഓഫിസില്‍ കിണറും, മോട്ടറും ഉണ്ടായിരുന്നു.ഇപ്പോള്‍ കിണര്‍ ഇടിഞ്ഞു വീണ് ഉപയോഗശൂന്യമായി തീര്‍ന്നിരിക്കുന്നു.
വില്ലേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുവാനും, കരം അടയ്ക്കുവാനും മറ്റും വരുന്ന ആളുകള്‍ക്ക് പ്രാഥമിക ആവശ്യം നിറവേറ്റാന്‍ സൗകര്യമില്ല. ശുചിമുറി ഉള്ളത് ഓഫിസിനകത്തായതിനാല്‍ അവിടെ ജീവനക്കാര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.
കംപ്യൂട്ടര്‍ വത്ക്കരണം എല്ലാ സര്‍ക്കാര്‍ ഓഫിസിലും വന്നതുപോലെ ഇവിടെയും ഉണ്ടെങ്കിലും മാനത്തു മഴ വന്നാല്‍ പിന്നെ ഇവിടുത്തെ കമ്പ്യൂട്ടര്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നില്ലെന്ന് വില്ലേജില്‍ എത്തുന്നവര്‍ പരാതിപെടുന്നു.റെയില്‍വേ ലൈന്റെ സമീപമുള്ള ഈ കെട്ടിടം സന്ധ്യ സമയത്ത് സാമൂഹിക വിരുദ്ധര്‍ കൈ അടയ്ക്കുകയാണ്. മദ്യസേവയ്ക്ക് പറ്റിയ കേന്ദ്രമായി ഓഫിസ് പരിസരം മാറിയിരിക്കുന്നു.
ചുറ്റു മതില്‍ കെട്ടിടത്തിനില്ല.സ്‌കൂള്‍ തുറന്നതോടെ ജാതി വരുമാന സര്‍ട്ടിഫിക്കറ്റിനും, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കും ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.
ഇവിടുത്തെ ജീവനക്കാര്‍ക്ക് സ്വസ്ഥമായി ഇരുന്നു ജോലി ചെയ്യുവാനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന പരാതി വര്‍ഷങ്ങള്‍ക്കു മുമ്പ് ഉയര്‍ന്നതാണ്. എംപി, എംഎല്‍എ, പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വില്ലേജോഫിസിന്റെ ശോചനീയവസ്ഥയെകുറിച്ച് പരാതി നല്‍കിയതായി ജീവനക്കാര്‍ പറയുന്നു.
സ്ഥിരമായി വില്ലേജ് ഓഫിസര്‍ ഇവിടെ ജോലിക്ക് നില്‍ക്കാറില്ല. വില്ലേജ് ഓഫിസറായി ഇവിടെ എത്തുന്ന ഉദ്യോഗസ്ഥന്‍ ആറുമാസത്തിനകം മറ്റേതെങ്കിലും വില്ലേജിലേക്ക് മാറ്റം വാങ്ങി പോകുന്നതാണ് പതിവ്.
ഇതുമൂലം സര്‍ട്ടിഫിക്കറ്റുകള്‍ ആളുകള്‍ക്ക് ലഭിക്കുവാന്‍ കാലതാമസം വരുന്നതായി പരാതി ഉയരുന്നുണ്ട്. വയല്‍ നികത്തിയ സംഭവം വിവാദമായ സ്ഥലമാണ് മൈലം പഞ്ചായത്തിലെ മുട്ടമ്പലം ഭാഗം. ഈ ഭാഗം ഉള്‍പ്പെടുന്ന വില്ലേജാണ് ഇത്. ഈ വയലുകളുടെ എല്ലാം രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത് ഈ വില്ലേജാഫിസിലാണ്.
വില്ലേജോഫിസിലെ ജനലുകള്‍ പലതും പൊട്ടിയ നിലയിലാണ്. യാതൊരു സുരക്ഷിതത്വവും ഇവിടെ ഇല്ല.
പുതിയ ഭരണസംവിധാനം നിലവില്‍ വന്നതോടെ വില്ലേജോഫിസിന്റെ പരാധീനതകള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ജീവനക്കാരും.
Next Story

RELATED STORIES

Share it