thrissur local

അടിസ്ഥാന സൗകര്യങ്ങളില്ല: മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ ഇക്കുറി കൃഷിയിറക്കില്ല

ചാവക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മുന്‍ കാലങ്ങളിലുണ്ടായ കനത്ത നഷ്ടവും മൂലം മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ കൃഷി ഓര്‍മയാവുന്നു. ഈ വര്‍ഷം മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ കൃഷിയിറക്കുന്നില്ലെന്ന് പാടശേഖരസമിതി അറിയിച്ചു.
തുടര്‍ച്ചയായ കഴിഞ്ഞ തവണകളിലുണ്ടായ കനത്ത നഷ്ടവും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമാണ് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ സമിതിയെ പ്രേരിപ്പിച്ചത്. പാടശേഖരത്തില്‍ ഓരോ വര്‍ഷം കഴിയുംതോറും ചണ്ടിയും കുളവാഴയും കൂടുകയാണ്. ഇത് പൂര്‍ണ്ണമായും നീക്കി കൃഷി ചെയ്യുന്നത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.
നഗരസഭയോ കൃഷിവകുപ്പോ മുന്‍കൈയെടുത്ത് ഇതിന് ശാശ്വതപരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. മത്തിക്കായലിന്റെ 10 ഏക്കറോളം ഭാഗം കൃഷിയോഗ്യമല്ലാതായി. നെല്ലിനോടൊപ്പം വളര്‍ന്നുവരുന്ന കളയാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.
തൊഴിലാളികളെ നിറുത്തി കള പറിപ്പിക്കുന്നത് ഭീമമായ ചെലവാണ്. പാടശേഖരത്തിലേക്ക് ട്രാക്ടറും കൊയ്ത്തുയന്ത്രവും ഇറക്കുന്നതിന് സൗകര്യം ഒരുക്കുക, പാടശേഖരത്തിന്റെ ഇരു കരകളെയും ബന്ധിപ്പിക്കുന്നതിന് നടുത്തോടിന് കുറുകെ ചെറിയ പാലങ്ങള്‍ നിര്‍മ്മിക്കുക, തൃശൂര്‍-പൊന്നാനി കോള്‍വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പാടശേഖരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചു.
പാടശേഖരത്തിലെ ജലസേചനസൗകര്യങ്ങള്‍ക്ക് നഗരസഭ മുന്‍കൈയെടുത്ത് നിര്‍മിച്ച പമ്പ് ഹൗസുകളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തവക്ക് കണക്ഷന്‍ ലഭിക്കാന്‍ നഗരസഭ അധികൃതര്‍ നടപടിയെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it