palakkad local

അടിസ്ഥാന സൗകര്യം പോലുമില്ലാതെ പെരുമനക്കുന്ന് കോളനി

ആനക്കര: തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ കപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പറക്കുളം പെരുമനകുന്ന് കോളനിവാസികള്‍ക്ക് വികസനം ഇന്നും അന്യം. 25ലേറെ കുടുംബങ്ങള്‍ ഈ കോളനിയില്‍ താമസിക്കുന്നുണ്ട്. കുടിവെള്ളം, ഭവനപദ്ധതികള്‍, ഗതാഗതം, വൈദ്യുതി തുടങ്ങിയവയെല്ലാം ഇവര്‍ക്ക് ഇന്നും കൈയെത്താ ദൂരത്ത് തന്നെ. ചികില്‍സ സഹായങ്ങള്‍ പോലും കിട്ടുന്നത് വിരളം. കോളനിയിലേക്കുള്ള വഴിയാകട്ടെ ഇടുങ്ങിയതും വാഹനം സഞ്ചരിക്കാത്തതും.
കുടിവെള്ളക്ഷാമം ഏറെ രൂക്ഷമാണ്. മൂന്ന് ദിവസം കൂടുമ്പോള്‍ ലഭിക്കുന്ന ഒരുകുടം വെള്ളമാണ് ഇവരുടെ ജീവജലം. കത്താത്ത തെരുവുവിളക്കുകളും കോളനിയെ ഇരുട്ടിലാക്കുന്നു. എസ്‌സി വിഭാഗങ്ങള്‍ക്ക് പ്രത്യേകപരിഗണന നല്‍കുമ്പോള്‍ ചുതലപ്പെട്ട എസ്‌സി പ്രമോട്ടര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലന്ന് കോളനിയിലെ കാരണവര്‍ കുറമ്പന്‍പറയുന്നു.
തിരഞ്ഞെടുപ്പുകാലത്ത് മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇവിടെ എത്താറുള്ളൂ. പട്ടികജാതി വര്‍ഗ വികസന വകുപ്പ്  പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള ദലിത് ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചോലയില്‍ വേലായുധന്റെ നേതൃത്വത്തില്‍ ഫോറം അംഗങ്ങള്‍ കോളനി സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it