അടിസ്ഥാന വിവരങ്ങളുടെ അഭാവം പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു

കൊച്ചി: പിന്നാക്കസമുദായങ്ങളുടെ ജീവിതനിലവാരം പഠിക്കാനായി വിദഗ്ധ സമിതി രൂപീകരിക്കാന്‍ സബ്ജക്റ്റ് കമ്മറ്റി 50 ലക്ഷം രൂപയുടെ അനുമതി നല്‍കിയിരുന്നെങ്കിലും നടപടികളായില്ലെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍.
പിന്നാക്കവിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങ ള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ പഠനങ്ങളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അഭാവം വെല്ലുവിളിയാവുകയാണെന്നും കമ്മീഷന്‍ വിലയിരുത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്നലെ നടന്ന സിറ്റിങിനിടെയാണ് കമ്മീഷന്റെ നിരീക്ഷണം. വിവിധ ജാതികളുടെയും സമുദായങ്ങളുടേതുമടക്കം വിശദമായ കണക്കുകള്‍ ലഭ്യമാവുന്നതുവരെ വിവിധ പരാതികള്‍ തീര്‍പ്പാക്കാനാവാത്ത സ്ഥിതിയാണ്. കേരളത്തിലെ ഒരുവിഭാഗം ബോയര്‍ സമുദായക്കാര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ക്കായി ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലായെന്ന പരാതിയില്‍ സര്‍ക്കാരിനോട് കമ്മീഷന്‍ വിശദീകരണമാവശ്യപ്പെട്ടു. ഒരുമാസത്തിനകം പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ കലക്ടറോട് ആവശ്യപ്പെട്ടു. സംവരണശതമാനം സംബന്ധിച്ച് കേരള പണ്ഡിത മഹാസഭ നല്‍കിയ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. കേരള വീരശൈവ വിഭാഗവും പ്രത്യേക സംവരണമാവശ്യപ്പെട്ട് കമ്മീഷന് പരാതിനല്‍കി. സംവരണം കോളജുകളില്‍ അനുവദിച്ചത് ഭരണഘടനാവിരുദ്ധമായാണെന്ന് കാണിച്ച് ഫെഡറേഷന്‍ ഓഫ് ബാക്‌വേര്‍ഡ് ക്ലാസസ് (ഒബിസി) എംപ്ലോയീസ് യൂനിയന്‍ സമര്‍പ്പിച്ച പരാതിയില്‍ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ റിപോര്‍ട്ട് ആവശ്യപ്പെടാനും തീരുമാനിച്ചു.
തൃശൂര്‍ ചെറുതോണിയിലുള്ള ഒരുവിഭാഗം ആളുകള്‍ക്ക് ജാതി തിരിച്ചറിയുന്നതിനുള്ള മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ ജാതിസര്‍ട്ടിഫിക്കറ്റ് നിരസിച്ചതുമായി ബന്ധപ്പെട്ട് വള്ളത്തോള്‍ നഗര്‍ ചെയര്‍പേഴ്‌സണ്‍ അജിതയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയില്‍ കിര്‍ത്താഡ്‌സില്‍ നിന്നും അടിയന്തര റിപോര്‍ട്ട് ലഭ്യമാക്കുന്നതിനായി ഹരജിക്കാരടക്കമുള്ളവരോട് നേരിട്ട് വിവരം നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
മിശ്രവിഭാഗക്കാരില്‍ മക്കള്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാതിരിക്കുന്നതിനെതിരേ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സമര്‍പ്പിച്ച പരാതിയും പരിഗണിച്ചു. പിന്നാക്ക വിഭാഗ കമ്മീഷന്‍ മെംബര്‍മാരായ അഡ്വ. വിഎ ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെംബര്‍ സെക്രട്ടറി ഡോ. വി വേണു സിറ്റിങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it