അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കും

കോഴിക്കോട്: കേരളത്തിലെ കായികരംഗം നേരിടുന്ന പ്രധാന വെല്ലുവിളി അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയാണെന്നും ഇതു മെച്ചപ്പെടുത്താനാണ് തന്റെ ശ്രമമെന്നും ശ്രീജേഷ് തേജസിനോടു പറഞ്ഞു.
കായികമേളയുടെ നടത്തിപ്പിനെക്കുറിച്ചും മറ്റും മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മല്‍സരവേദിയിലെത്തിയത്. മെഡിക്കല്‍ കോളജിനു സമീപത്തെ സിന്തറ്റിക് ട്രാക്ക് മികച്ച നിലവാരമുള്ളതാണ്. സ്‌കൂള്‍ കായികമേളകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന പല താരങ്ങള്‍ക്കും കോളജ് തലത്തിലെത്തുമ്പോ ള്‍ ഇത് ആവര്‍ത്തിക്കാന്‍ കഴിയാതെ പോവുന്നത് പല തരത്തിലുമുള്ള സമ്മര്‍ദ്ദം മൂലമാണ്. ഇതിനെ മറികടക്കാന്‍ ഇവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണം. കോളജ് വിദ്യാഭ്യാസത്തിനൊപ്പം സ്‌പോര്‍ട്‌സിനെക്കുറിച്ചുള്ള കോഴ്‌സും കൊണ്ടുവരുകയാണെങ്കില്‍ അത് ഗുണം ചെയ്യും. കൂടാതെ കേരളത്തിലെ കായികാധ്യാപകരുടെ ഉന്നമനത്തിനായി ചില പദ്ധതികളും മനസ്സിലുണ്ട്. മികച്ച കായികാധ്യാപകര്‍ക്ക് പ്രത്യേക റിഫ്രഷര്‍ കോഴ്‌സുകള്‍ നല്‍കുകയാണ് ഇതിലൊന്ന്- താരം വിശദമാക്കി.
കേരളത്തില്‍ ഹോക്കിയുടെ വളര്‍ച്ചയ്ക്ക് പലതും ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ തലത്തില്‍ മികച്ച ഗ്രൗണ്ടുകളുടെ അഭാവമാണ് ഹോക്കി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഓരോ ജില്ലയിലും വളരെ കുറച്ച് സ്‌കൂളുകള്‍ക്കു മാത്രമേ മികച്ച സൗകര്യമുള്ള ഗ്രൗണ്ടുകളുള്ളൂ. എല്ലാ സ്‌കൂളിലും നല്ല നിലവാരമുള്ള ഗ്രൗണ്ടുകളൊരുക്കുക പെട്ടെന്നു പ്രായോഗികമല്ല.
പിന്നെ ചെയ്യാന്‍ സാധിക്കുന്നത് ജില്ലാ തലത്തില്‍ സ്‌കൂളുകളെ ഏകോപിപ്പിച്ച് ഇത്തരം സൗകര്യമുള്ള ഗ്രൗണ്ടുകളില്‍ ഹോക്കി പരിശീലനത്തിനായുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ്.
ഇന്ത്യന്‍ ഹോക്കി ടീമിനെയും കരിയറിനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശ്രീജേഷിന്റെ മറുപടി ഇതായിരുന്നു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന ലോക ഹോക്കി ലീഗ് ഫൈനല്‍സ് ടൂര്‍ണമെന്റില്‍ ദേശീയ ടീമിനായി കളിച്ച് കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ടൂര്‍ണമെന്റില്‍ മൂന്നാമതെത്തി വെങ്കലമെഡല്‍ നേടാന്‍ നമുക്കു കഴിഞ്ഞു. 33 വര്‍ഷത്തിനുശേഷമാണ് ഒരു അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. ഇതു വലിയ നേട്ടം തന്നെയാണ്. ദേശീയ ടീം ഇപ്പോള്‍ മികച്ച ഫോമിലാണ്.
അടുത്ത വര്‍ഷത്തെ ഒളിംപിക്‌സില്‍ മെഡല്‍ നേടുകയാണ് ഇനി ടീമിന്റെ ശ്രമം. അതിനുള്ള തയ്യാറെടുപ്പുകള്‍ അധികം വൈകാതെ ആരംഭി ക്കും. ഇന്ത്യന്‍ ഹോക്കി ലീഗ് (എച്ച്‌ഐഎല്‍) ടൂര്‍ണമെന്റിലാണ് അടുത്തതായി താന്‍ മല്‍സരിക്കുക- താരം പറഞ്ഞുനിര്‍ത്തി.
Next Story

RELATED STORIES

Share it