അടിയന്തര സേവനങ്ങള്‍ക്ക് ഇനി ഒറ്റ നമ്പര്‍-112 പുതിയ നമ്പര്‍ അടുത്ത വര്‍ഷം മുതല്‍

ന്യൂഡല്‍ഹി: അടിയന്തര ഘട്ടങ്ങളില്‍ പോലിസ്, അഗ്നിശമന സേന, ആംബുലന്‍സ് എന്നിവയ്ക്കായി ഇനി വ്യത്യസ്ത നമ്പറുകള്‍ ഉണ്ടാവില്ല. ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ എല്ലാവിധ അടിയന്തര സേവനങ്ങളും 112 എന്ന നമ്പറില്‍ വിളിച്ചാല്‍ ലഭ്യമാവും. ഒറ്റ അടിയന്തര നമ്പര്‍ 112 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍വരുമെന്നു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്  പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.യുഎസിലെ എമര്‍ജന്‍സി സര്‍വീസ് നമ്പറായ 911നെ അനുകരിച്ചാണ് പുതിയ തീരുമാനം. രാജ്യത്തെ എമര്‍ജന്‍സി നമ്പറായി 112 ഉപയോഗിക്കണമെന്ന പുതിയ തീരുമാനത്തിന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഔട്ട് ഗോയിങ്ങ് സൗകര്യമില്ലാത്ത ഫോണുകളില്‍ നിന്നും താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമായ സിമ്മുകളില്‍ നിന്നും ലാന്‍ഡ് ഫോണുകളില്‍ നിന്നും 122ലേക്ക് വിളിക്കാം. നിലവില്‍ പോലിസ് (100), അഗ്‌നിശമന സേന (101), ആംബുലന്‍സ് (102), ദുരന്തനിവാരണം (108) എന്നിവയ്ക്കായി വ്യത്യസ്ത ഫോണ്‍ നമ്പറുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. പുതിയ സംവിധാനം നടപ്പാവുന്നതോടെ പഴയ നമ്പറുകളെല്ലാം ഇല്ലാതാവും. 112ല്‍ വിളിക്കുന്ന എല്ലാ വിളികളും അതത് വകുപ്പുകളിലേക്ക് കൈമാറണമെന്ന നിര്‍ദേശം ടെലികോം കമ്പനികള്‍ക്കും കേന്ദ്രം നല്‍കിയിട്ടുണ്ട്.എസ്എംഎസ് അയച്ചാലും എമര്‍ജന്‍സി സേവനം ലഭ്യമാവും എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. എസ്എം എസ് അയച്ചാല്‍ അത് ഏത് സ്ഥലത്തുനിന്നാണ് വന്നതെന്ന് സ്ഥിരീകരിച്ചശേഷം അവിടുത്ത ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഇത് അറിയാന്‍ ടെലികോം ഓപറേറ്റര്‍മാരുടെ സഹായം ലഭ്യമാക്കുമെന്നും ട്രായ് പറഞ്ഞു. 2017 ജനുവരി ഒന്നുമുതല്‍ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും പാനിക് ബട്ടണ്‍ (അപായ കീ) നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതുവഴിയും 112ലേക്ക് വിളിക്കാനാവും. 2018 മുതല്‍ എല്ലാ ഫോണുകളിലും ജിപിഎസ് ഗതിനിര്‍ണയ സംവിധാനം നിര്‍ബന്ധമാക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it