അടിയന്തര സര്‍വീസിന് ഹെലികോപ്ടര്‍ ഉപയോഗിച്ചതില്‍ വെട്ടിപ്പ്; ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ കേസെടുത്തു

കൊച്ചി: ലക്ഷദ്വിപില്‍നിന്ന് അടിയന്തര സര്‍വീസിനായി ഹെലികോപ്ടറുകള്‍ ഉപയോഗിച്ച ഇനത്തില്‍ ഒരു കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന സംഭവത്തില്‍ പവന്‍ഹന്‍സ് ഹെലികോപ്‌ടേഴ്‌സ് ലിമിറ്റഡിലെ മലയാളികളടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥരെ പ്രതിയാക്കി സിബിഐ കേസെടുത്തു.ലക്ഷദ്വീപില്‍നിന്ന് അത്യാസന്ന നിലയിലുള്ള രോഗികളെയും മറ്റും അടിയന്തര ഘട്ടങ്ങളില്‍ കരയിലേക്ക് കൊണ്ടുവരുന്നതിന് ദ്വീപ് അഡ്മിനിസ്‌ട്രേഷനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പവന്‍ഹന്‍സ് ഹെലികോപ്‌ടേഴ്‌സ് ലിമിറ്റഡുമായി കരാറുണ്ട്.
കവരത്തി അടക്കമുള്ള ദ്വീപുകളിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബേസ്‌മെന്റുകളാണ് പവന്‍ഹന്‍സ് ഹെലികോപ്ടര്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ബേസ്‌മെന്റുകള്‍ക്ക് നല്‍കേണ്ട ഹാന്റ്‌ലിങ് ചാര്‍ജും പവന്‍ഹന്‍സിലെ പൈലറ്റുമാര്‍ക്കുള്ള സര്‍വീസ് നടത്തുന്നതിന് ആവശ്യമായ ഫണ്ടും വരുന്നത് മുംബൈയിലെ പവന്‍ഹന്‍സ് ഓഫിസില്‍നിന്ന് കവരത്തിയിലെ സിന്‍ഡിക്കേറ്റ് ബാങ്കിലെ അക്കൗണ്ടിലേക്കാണ.്
ഹാന്‍ഡ്‌ലിങ് ചാര്‍ജ് അടക്കം ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന പണം ഉദ്യോഗസ്ഥര്‍ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് പരാതി. 2008 മുതല്‍ 2013 വരെ 1.30 കോടിയുടെ നഷ്ടം കമ്പനിക്ക് സംഭവിച്ചുവെന്ന് കാണിച്ച് പവന്‍ഹന്‍സ് ഹെലികോപ്‌ടേഴ്‌സ് ലിമിറ്റഡിന്റെ ഡല്‍ഹിയിലെ ചീഫ് വിജിലന്‍സ് ഓഫിസര്‍ സിബിഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കൊച്ചി യൂനിറ്റ് കേസെടുത്തത്.
ലക്ഷദ്വീപിലെ കവരത്തി പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികളുടെ ഓഫിസുകളിലും വസതികളിലും സിബിഐ ഇന്‍സ്‌പെക്റ്റര്‍ പി ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത രേഖകള്‍ നാളെ കവരത്തി കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it