Flash News

അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു : പ്രതിപക്ഷം ഇറങ്ങിപ്പോയി



തിരുവനന്തപുരം: പ്രതിപക്ഷം വിഷയദാരിദ്ര്യം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആവനാഴിയില്‍ അമ്പില്ലാത്ത അവസ്ഥ. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നലെ നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ അവതരണത്തിനുള്ള നോട്ടീസ്. കിഫ്ബിക്കെതിരേ മന്ത്രി ജി സുധാകരന്‍ പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച സ്പീക്കര്‍, വിഷയം സബ്മിഷനായി അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വി ഡി സതീശന്റെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. ഏഷ്യാനെറ്റ് വാര്‍ത്താ ചാനല്‍ ഉടമ രാജീവ് ചന്ദ്രശേഖറെ കുറിച്ച് പറയുമ്പോള്‍ യുഡിഎഫിന് പൊള്ളുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മന്ത്രിയുടെ പ്രസംഗം ഏഷ്യാനെറ്റ് ചാനല്‍ പകര്‍ത്തിയതിന്റെ സിഡി കേള്‍ക്കണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യത്തിനുള്ള മറുപടി പറയുമ്പോള്‍ ചാനല്‍ ഉടമയുടെ പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചു. ഇതുകേട്ട് യുഡിഎഫ് അംഗങ്ങള്‍—ബഹളം വച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒ രാജഗോപാലിന്റെ ഓഫിസ് ആക്രമിച്ചെന്ന ആക്ഷേപവുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍— തന്നെ വ്യക്തിപരമായി കുറ്റപ്പെടുത്തി. ബിജെപി വക്താവായി പ്രവര്‍ത്തിക്കുന്ന രാജീവ് ചന്ദ്രശേഖറാണ് ഏഷ്യാനെറ്റിനെ നിയന്ത്രിക്കുന്നത്. നേമം മണ്ഡലത്തില്‍ നടക്കുന്ന വാര്‍ത്തകളില്‍— എങ്ങനെ വാര്‍ത്ത കൊടുക്കണമെന്ന് നിര്‍ദേശിച്ചത് രാജീവ് ചന്ദ്രശേഖറാണ്. അങ്ങേയറ്റം പക്ഷപാതപരമായ വാര്‍ത്ത കൊടുക്കുന്ന ഏഷ്യാനെറ്റിനെയാണ് പ്രതിപക്ഷം സാധൂകരിക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചെന്ന് ആരോപിച്ച് സബ്മിഷന്‍ അവതരണ വേളയില്‍ യുഡിഎഫ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഒരു അടിയന്തര പ്രാധാന്യവുമില്ലാത്തതിനാലാണ് നോട്ടീസ് തള്ളിയതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. കിഫ്ബിക്കെതിരേ പ്രസംഗിച്ചുവെന്ന ആക്ഷേപം തള്ളിയ മന്ത്രി വിശദീകരണം നല്‍കി. കിഫ്ബി ഒന്നിലധികം തവണ സഭ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയതാണ്. കിഫ്ബി നിയമനിര്‍മാണ വേളയിലും സഭയില്‍ വിശദമായ ചര്‍ച്ച നടന്നു. ഇനി ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടയില്‍ ആവശ്യമെങ്കില്‍ ചര്‍ച്ച ചെയ്യാം. അടിയന്തര വിഷയങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം പ്രസക്തമല്ലാത്ത കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഇത് ചട്ടപ്രകാരം അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇറങ്ങിപ്പോക്കിലൂടെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമായതെന്ന് എസ് ശര്‍മ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍, മന്ത്രി നിയമനം നടന്നാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അന്ത്യമായിരിക്കുമെന്ന് അന്നത്തെ മന്ത്രിസഭാ അംഗമായിരുന്ന ആര്യാടന്‍ മുഹമ്മദ് പ്രഖ്യാപിച്ചു. ആ സര്‍ക്കാരിന്റെ ആദ്യബജറ്റ് കെ എം മാണി അവതരിപ്പിച്ചശേഷം തൊട്ടടുത്തിരുന്ന അംഗം മാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അന്നൊന്നും പ്രതിപക്ഷം അടിയന്തര പ്രമേയ അവതരണത്തിന് ശ്രമിച്ചിട്ടില്ലെന്ന് ഓര്‍ക്കണമെന്നും എസ് ശര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it