അടിയന്തര ചികില്‍സ നടത്താന്‍ പണമില്ലാതെ ഗൃഹനാഥന്‍ മരിച്ചു

വൈപ്പിന്‍: കെഎസ്ആര്‍ടിസി പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അടിയന്തര ചികില്‍സ നടത്താന്‍ പണമില്ലാതെ ഗൃഹനാഥന്‍ മരിച്ചു. പുതുവൈപ്പ് വലിയപറമ്പില്‍ പരേതനായ വാരിജാക്ഷന്റെ മകന്‍ റോയി(59)യാണ് മരിച്ചത്. 34 വര്‍ഷത്തെ സേവനത്തിനു ശേഷം കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച റോയി ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നു. ചികില്‍സ മുടങ്ങിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിക്കുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും റോയിക്ക് ലഭിച്ചിരുന്നില്ലെന്നും പെന്‍ഷന്‍ ലഭിച്ചിട്ട് അഞ്ചുമാസമായെന്നും പറയുന്നു. അടിയന്തര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതിനുള്ള ചെലവ് താങ്ങാന്‍ റോയിക്കു കഴിയുമായിരുന്നില്ല. കുറച്ചുകാലം ആയുര്‍വേദ ചികില്‍സയും നടത്തി. വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഭാര്യ വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. റോയുടെ രണ്ടു പെണ്‍മക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. ഇളയകുട്ടി പത്താം ക്ലാസിലാണ്. വിദ്യാഭ്യാസമടക്കമുള്ള മറ്റു ചെലവുകള്‍ കണ്ടെത്താന്‍ റോയിയുടെ കുടുംബം നന്നേ ബുദ്ധിമുട്ടിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: സിന്ധ്യ, ബിന്ധ്യ. മരുമകന്‍: ടോണി.
Next Story

RELATED STORIES

Share it