അടിയന്തര കാര്യങ്ങള്‍ നോക്കാന്‍ സര്‍ക്കാര്‍ സമിതി

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിദേശപര്യടനം കണക്കിലെടുത്ത് അടിയന്തര കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടങ്ങിയ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഈ സമിതിയായിരിക്കും അടിയന്തര കാര്യങ്ങള്‍ നിര്‍വഹിക്കുക. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 16 മുതല്‍ 28 വരെ മമത ഫ്രാങ്ക്ഫര്‍ട്ടും മിലാനും സന്ദര്‍ശിക്കുമെന്നാണു സൂചന.
വിദ്യാഭ്യാസമന്ത്രി പാര്‍ഥാ ചാറ്റര്‍ജിക്കാണു മന്ത്രിതല സമിതിയുടെ നേതൃത്വം. പഞ്ചായത്ത് മന്ത്രി സുബ്രതാ മുഖര്‍ജി, നഗരവികസന മന്ത്രി ഫിര്‍ഹദ് ഹക്കിം, ഗതാഗതമന്ത്രി സുവേന്ദു അധികാരി, പൊതുമരാമത്ത് മന്ത്രി അരൂപ് ബിശ്വാസ് തുടങ്ങിയവര്‍ സമിതി അംഗങ്ങളാണ്. ഉദ്യോഗസ്ഥ സമിതിയുടെ ചെയര്‍മാന്‍ ജലസേചന-കൃഷി അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ്.
അതേസമയം സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അവിടെ സംഘടിപ്പിക്കുന്ന ചടങ്ങ് മമത പങ്കെടുക്കുന്നതിനാല്‍ റദ്ദാക്കാന്‍ സംഘാടകരില്‍ ബിജെപി-ആര്‍എസ്എസ് സമ്മര്‍ധമുണ്ടെന്നു തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. വിവേകാനന്ദ വേദാന്ത സൊസൈറ്റിയാണ് ഷിക്കാഗോയില്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ മമതയ്ക്കു ക്ഷണമുണ്ട്. ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്നു തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യവക്താവ് ദെറക് ഒബ്രിയാന്‍ പറഞ്ഞു.
ലോക ഹിന്ദു ഫൗണ്ടേഷന്റെ ബാനറില്‍ മോഹന്‍ ഭാഗവത് പെങ്കടുക്കുന്ന ഒരു ചടങ്ങു മാത്രം ഷിക്കാഗോയില്‍ നടത്താനാണു ബിജെപി-ആര്‍എസ്എസിനു താല്‍പര്യമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മമതയുടെ ഷിക്കാഗോ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചുവെന്ന റിപോര്‍ട്ടുകള്‍ കേന്ദ്രം നിഷേധിച്ചു.

Next Story

RELATED STORIES

Share it