Flash News

അടിമുടി മാറ്റങ്ങളുമായി ഐഎസ്എല്‍ ; ആറ് ഇന്ത്യന്‍ താരങ്ങള്‍ പ്ലേയിങ് ഇലവനില്‍



ന്യൂഡല്‍ഹി: അടുത്ത സീസണില്‍ പുതിയ മാറ്റങ്ങളുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍). ഇനി മുതല്‍ പ്ലേയിങ് ഇലവനില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്കും അഞ്ച് വിദേശ താരങ്ങള്‍ക്കും അവസരം നല്‍കണമെന്നതാണ് ഐഎസ്എല്‍ കമ്മിറ്റിയുടെ പുതിയ തീരുമാനം. ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതി തയ്യാറാക്കിയത്. കഴിഞ്ഞ സീസണ്‍വരെ ആറ് വിദേശ താരങ്ങള്‍ക്കും അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കുമായിരുന്നു പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നത്. ഐഎസ്എല്‍ ഗവേര്‍ണിങ് ബോഡി ഓരോ ഫ്രാഞ്ചൈസിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുള്ള തീരുമാനമായത്. നേരത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ ഐഎസ്എല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 18 കോടി രൂപയാണ് ഓരോ ടീമിനും അനുവദിക്കപ്പെട്ട തുക. ഇതുപയോഗിച്ച് 17 ഇന്ത്യന്‍ താരങ്ങളേയും എട്ട് വിദേശ താരങ്ങളേയും ടീമിലെത്തിക്കാം. നേരത്തെ 14 ഇന്ത്യന്‍ താരങ്ങളും 11 വിദേശ താരങ്ങളുമായിരുന്നു ഐഎസ്എല്‍ ക്ലബ്ബുകളില്‍ കളിച്ചിരുന്നത്. ഇന്ത്യയുടെ അണ്ടര്‍ 21 താരങ്ങള്‍ക്കും ഐഎസ്എല്ലില്‍ അവസരം നല്‍കണമെന്ന ആവശ്യം പരിഗണനയിലാണെന്നും ഐഎസ്എല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഓരോ ഫ്രാഞ്ചൈസിയും രണ്ട് ഇന്ത്യന്‍ താരങ്ങളെയേ ടീമില്‍ നിലനിര്‍ത്തൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ ആദ്യമായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ക്കായുള്ള ലേലം നടക്കുക. ക്വലാലംപൂരില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ പുതിയ ഫ്രാഞ്ചൈസികളെ കൂടി പ്രഖ്യാപിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. അടുത്ത സീസണില്‍ മൂന്ന് പുതിയ ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ ഐഎസ്എല്‍ സംഘാടകര്‍ നേരത്തെ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം അടക്കം രാജ്യത്തെ പ്രധാന മൂന്ന് പട്ടണങ്ങള്‍ കേന്ദ്രീകരിച്ചാണ് പുതിയ ടീമുകള്‍. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ നിന്ന് വിവിധ ഫ്രാഞ്ചൈസികള്‍ അപേക്ഷ നല്‍കിയെങ്കിലും മൂന്ന് ടീമിനെ കൂടി ഉള്‍ക്കൊള്ളിക്കാനാണ് സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് തീരുമാനിച്ചത്. തിരുവനന്തപുരത്തെ കൂടാതെ അഹ്മദാബാദ്, ബംഗളൂരു, കട്ടക്ക്, ദുര്‍ഗാപൂര്‍, ഹൈദരാബാദ്, ജംഷദ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവരില്‍ നിന്ന് മൂന്ന് ക്ലബ്ബുകളെ കൂടി ഉള്‍പ്പെടുത്തി പതിനൊന്ന് ടീമുകളുമായിട്ടാവും അടുത്ത സീസണ്‍ അരങ്ങേറുക.
Next Story

RELATED STORIES

Share it