Idukki local

അടിമാലി പഞ്ചായത്തിലെ ജനന രജിസ്റ്റര്‍ ചിതലരിച്ചു

അടിമാലി: പഞ്ചായത്തിലെ ജനന രജിസ്റ്റര്‍ ചിതലരിച്ചു. ഇതോടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ ഇരുന്നൂറിലധികം അപേക്ഷകര്‍ വെട്ടിലായി.അടിമാലി പഞ്ചായത്തിലെ 1989 വര്‍ഷത്തെ ആഗസ്ത് മുതല്‍ ഡിസംബര്‍ വരെയുള്ള ജനനം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്ന രജിസ്റ്ററാണ് ചിതലരിച്ചത്. 200ലധികം പേരുടെ വിവരങ്ങള്‍ ഇതോടെ ലഭിക്കാതെയായി.
1989 മുതലുള്ള ജനന മരണ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സേവന സിവില്‍ രജിസട്രേഷന്‍ വൈബ് സൈറ്റില്‍ ചേര്‍ക്കേണ്ടതാണ്. സേവനയില്‍ നിന്നാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നത്. എന്നാല്‍ അടിമാലി പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വന്ന വീഴ്ച മൂലം രജിസ്റ്ററുകള്‍ നാശമാവുകയായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റിനായി നിരവധി പേര്‍ അപേക്ഷകളുമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അധികൃതര്‍ക്കായിട്ടില്ല. പകരം ആര്‍ഡിഒയില്‍ നിന്നും പ്രത്യേക ഉത്തരവു വാങ്ങി പഞ്ചായത്തില്‍ ജനനം വീണ്ടും രജിസ്റ്റര്‍ ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ പുതിയ രജിസ്‌ട്രേഷന് വേണ്ടിയുള്ള അനുമതി പത്രവും അടിമാലി പഞ്ചായത്തില്‍ നിന്നും യഥാസമയം നല്‍കുന്നില്ലെന്ന് അപേക്ഷകര്‍ പറഞ്ഞു. ഇന്നലെ നിരവധി പേര്‍ പഞ്ചായത്തില്‍ എന്‍ഒസിക്കായി പഞ്ചായത്തിലെത്തിയെങ്കിലും 17വരെ സെക്രട്ടറി അവധിയിലാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്നും ഇന്നലെ നടന്ന പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രതിനിധികളുടെ ആദ്യ യോഗത്തിലും സെക്രട്ടറി പങ്കെടുത്തിരുന്നതായും അപേക്ഷകര്‍ പറഞ്ഞു. പഞ്ചായത്തില്‍ നിന്നുള്ള അനുമതി പത്രവും അപേക്ഷയുമായെത്തിയാല്‍ മാത്രമേ ആര്‍ഡിഒ പുതിയ രജിസ്‌ട്രേഷനുള്ള ഉത്തരവ് കൊടുക്കുകയുള്ളു.
ആര്‍ ഡിഒ ഓഫിസിലും മൂന്നു മുതല്‍ ഒരാഴ്ച വരെ താമസമെടുക്കുന്നുണ്ട്. ഇതോടെ വിദ്യാഭ്യാസം, പാസ്‌പോര്‍ട്ട്, വിദേശ ജോലി അടക്കമുള്ളവയ്ക്ക് അപേക്ഷ നല്‍കേണ്ടവര്‍ പ്രതിസന്ധിയിലായി. പഞ്ചായത്തിലെ ജീവനക്കാര്‍ക്കുണ്ടായ വീഴ്ച മൂലം സംഭവിച്ച രജിസ്റ്ററുകളുടെ നാശത്തിന് അപേക്ഷകര്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഇരുന്നൂറിലധികം അപേക്ഷകരുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമായി.
Next Story

RELATED STORIES

Share it