Idukki local

അടിമാലി ടൗണിലെ ഓടകളിലേക്ക് കക്കൂസ് മാലിന്യം; നടപടി തുടങ്ങി

അടിമാലി: ടൗണിലെ കല്ലാര്‍കുട്ടി റോഡിന്റെ വശങ്ങളിലെ ഓടകളിലേക്ക് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം തള്ളുന്നതായ വ്യാപാരികളുടെ പരാതിയില്‍ നടപടി തുടങ്ങി. കല്ലാര്‍കുട്ടി റോഡില്‍ ലൈബ്രറി റോഡു മുതല്‍ ധന്യപ്പടി വരേയുള്ള ഭാഗത്തെ കെട്ടിടങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കുന്നുവെന്നായിരുന്നു ടൗണിലെ വ്യാപാരികളുടെ രേഖാമൂലമുള്ള പരാതി. തുടര്‍ന്ന് അടിമാലി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓടയുടെ മുകളിലെ കോണ്‍ക്രീറ്റ് സ്ലാബ് നീക്കി പരിശോധന നടത്തി. പരിശോധനയില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പ്രീമിയര്‍ ബില്‍ഡിംഗില്‍ നിന്ന് മനുഷ്യ വിസര്‍ജ്യം ഓടയിലേക്ക് ഒഴുകിയിറങ്ങുന്നതു കണ്ടെത്തി. കൂടാതെ സമീപത്തെ കാസിനോ ഹോട്ടലില്‍ നിന്നും ഹോട്ടല്‍ മാലിന്യം നേരിട്ട് ഓടയിലേക്ക് ഒഴുകുന്നതും കാണാനായി. ഇതോടെ ഓടകളിലേക്കുള്ള മാലിന്യ പൈപ്പുകള്‍ പഞ്ചായത്ത് അടച്ചുപൂട്ടി. ഇതോടെ മാലിന്യ നിര്‍മ്മാര്‍ജന സംവിധാനമില്ലാതായ കാസിനോ ഹോട്ടല്‍ ഉച്ചയോടെ അടച്ചു. പ്രീമിയര്‍ ബില്‍ഡിംഗില്‍ അനധികൃതമായി താമസിപ്പിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമകള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കി. ഇതിനിടെ കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയവരെ സംരക്ഷിക്കാന്‍ ചില പഞ്ചായത്ത് അംഗങ്ങളും വ്യാപാരികളും നീക്കം തുടങ്ങി. പൊതുജനാരോഗ്യ വിഭാഗത്തില്‍ നിരവധി തവണ പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഇതോടേയാണ് പഞ്ചായത്ത് നേരിട്ട് പരിശോധനക്കിറങ്ങിയത്.
Next Story

RELATED STORIES

Share it