Idukki local

അടിമാലിയില്‍ ഗുരു-ശിഷ്യ പോരാട്ടം

അടിമാലി: ഇടുക്കി ജില്ലാ പഞ്ചായത്തിലെ അടിമാലി ഡിവിഷനില്‍ ഇക്കുറി മല്‍സരത്തിന് വീറുംവാശിയും കൂടുന്നു. ഗുരുവും ശിഷ്യനുമാണ് നേര്‍ക്കുനേര്‍ മല്‍സരിക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്നവരാണ് ഇരുവരുമെന്ന പ്രത്യേകതയുമുണ്ട്. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇന്‍ഫന്റ് തോമസും, സിപിഐ ജില്ലാ അസി.സെക്രട്ടറി സിഎ ഏലിയാസുമാണ് രംഗത്തുള്ളത്.
ജില്ലാ പഞ്ചായത്ത് രൂപീകരണത്തിന് ശേഷം വലതുമുന്നണിയെ മാത്രം ജയിപ്പിച്ച ഡിവിഷനാണ് അടിമാലി. അധ്യാപകനിലൂടെ സീറ്റ് പിടിച്ചെടുക്കുന്നതിനാണ് ഇടതുമുന്നണി സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. 1979 മുതല്‍ കാല്‍ നൂറ്റാണ്ടുകാലം അടിമാലിയില്‍ പ്രവര്‍ത്തിച്ചിരുന്ന സി എ ഏലിയാസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വിക്ടറി പാരലല്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു ഇന്‍ഫന്റ് തോമസ്. പ്രചരണം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇരുവരും ഒരു വട്ടം പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു.
61,101 വോട്ടര്‍മാര്‍ ഈ ഡിവിഷനിലുണ്ട്. ഡിവിഷന് കീഴില്‍ അടിമാലി, വെള്ളത്തൂവല്‍ പഞ്ചായത്തുളാണുള്ളത്. പഞ്ചായത്തുകളില്‍ യുഡിഎഫാണ് ഭരിക്കുന്നത്. കൂടാതെ അടിമാലി ബ്ലോക്ക് പഞ്ചായത്തും കോണ്‍ഗ്രസ് ഭരണത്തിലാണ്. ഇത് തങ്ങള്‍ക്ക് അനുകൂലമായണ് യുഡിഎഫ് കാണുന്നത്.സംസ്ഥാന സര്‍ക്കാരിന്റെയും, മേഖയിലെ യുഡിഎഫ് ഭരണത്തിന്റെയും അഴിമതി ഉയര്‍ത്തി കാട്ടിയാണ് ഇടതുമുന്നണി പ്രധാനമായി പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്.നാല് തവണവും വിജയം കണ്ട മണ്ഡലം അഞ്ചാംതവണയും വിജയം ആവര്‍ത്തിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസമാണ് യുഡിഎഫ് ക്യാംപിനുള്ളത്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ ഡിവിഷനില്‍ എല്‍ഡിഎഫിനുണ്ടായ മേല്‍ക്കോയ്മ നിലനിര്‍ത്തി ഡിവിഷന്‍ തിരിച്ചുപിടിക്കാനാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.
1995 ല്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ കെ എസ് മുഹമ്മദാണ് ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ വിജയപരമ്പരയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നു പിവൈ അന്നക്കുട്ടി, പിആര്‍ സുകുമാരന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ ജയ മധുവിനെ പരാജയപ്പെടുത്തി കോ ണ്‍ഗ്രസിലെ മേഴ്‌സി ജോയി ഡിവിഷന്‍ നിലനിര്‍ത്തി. 1969ല്‍ കോതമംഗലം എംഎ കോളജില്‍ എഐഎസ്എഫ് സ്ഥാപക യൂനിറ്റ് സെക്രട്ടറി, എഐവൈഎഫ് സ്ഥാപക ജില്ലാ പ്രസിഡന്റ്, അടിമാലി ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം, ദേവികുളം താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സി എ ഏലിയാസ് സിപിഐ ജില്ലാ അസി. സെക്രട്ടറിയാണ്. 1979 ല്‍ കുഞ്ചിത്തണ്ണി ഗവ. ഹൈസ്‌കൂളില്‍ കെഎസ്‌യു യൂനിറ്റ് സെക്രട്ടറി, ദേവികുളം താലൂക്ക് ജനറല്‍ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇന്‍ഫന്റ് തോമസ് ഇപ്പോള്‍ ഡിസിസി അംഗമാണ്. കല്ലാര്‍ ഡിവിഷനില്‍ നിന്നുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്.
പുതിയ രാഷ്ടീയ സാഹചര്യത്തില്‍ എസ്എന്‍ഡിപിയും, ഹൈറേഞ്ച് സംരക്ഷണ സമിതിയും സ്വീകരിക്കുന്ന നിലപാടുകള്‍ വിജയത്തില്‍ നിര്‍ണായകമാവും.
ഇരു സംഘടനകളും തങ്ങളുടെ രാഷ്ടീയ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഹൈറേഞ്ച് സംരക്ഷണ സമിതി ഇടതു മുന്നണിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. അടിമാലി മേഖലയില്‍ ഈ സംഘടകളുടെ നിലപാടാകും വിജയികളെ തീരുമാനിക്കുക.
Next Story

RELATED STORIES

Share it