Idukki local

അടിമാലിയില്‍ ഗതാഗതം താറുമാറായി ; പഞ്ചായത്തിനെതിരേ പ്രതിഷേധം



അടിമാലി: ഹൈറേഞ്ചിലെ പ്രധാന വാണിജ്യ കേന്ദ്രമായ അടിമാലിയിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗ്രാമ പഞ്ചായത്ത് പരാജയം. വിനോദസഞ്ചാരികളും വിദ്യാര്‍ത്ഥികളുമടക്കം ആയിരങ്ങള്‍ എത്തുന്ന പട്ടണത്തില്‍ കാല്‍നട യാത്രക്കോ വാഹന പാര്‍ക്കിംഗിനോ സ്ഥലമില്ലാത്തതിനാല്‍ അടിമാലി രാവിലേ മുതല്‍ കുരുക്കിലാണ്.ടാക്‌സി ഓട്ടോകളുടെ അമിത പ്രവാഹവും ഓട്ടോ സ്റ്റാന്റുകള്‍ ദിനംപ്രതിയെന്നപോലെ കൂടിവരുന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. കൂടാതെ ട്രാഫിക് പൊലീസ് കാര്യക്ഷമമായി ടൗണില്‍ പ്രവര്‍ത്തിക്കാതെ മറ്റ് കേസുകളുടെ പിന്നാലെ പോകുന്നതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു. അടുത്തിടെ രണ്ട് കാല്‍നട യാത്രക്കാരാണ് ടൗണില്‍ അപകടത്തില്‍ മരിച്ചത്. 6 മാസത്തിനിടെ 50ലേറെ പേര്‍ക്ക് വാഹനാപകങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ബസ്റ്റാന്റ് കവാടത്തിലാണ് ഇത്തരത്തില്‍ കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ബസ്റ്റാന്റ് കവാടത്തില്‍ സ്വകാര്യ ബസുകള്‍ മണിക്കൂറുകള്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതും ദേശീയപാതവക്കില്‍ നിന്ന് മാത്രം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വാഹനത്തില്‍ കയറ്റുകയുളളൂവെന്ന നിലപാടുമായതാണ് ബസ്റ്റാന്റ് കവാടമായ ഹില്‍ഫോര്‍ട്ട് ജംഗ്ഷന്‍, മാതാജംഗ്ഷന്‍, മുസ് ലീം പളളിപ്പടി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമാക്കാന്‍ കാരണം. ഇതിന് പുറമെ വ്യാപാരികളുടെയും വിനോദ സഞ്ചാരികളുടെയും വാഹനങ്ങള്‍ റോഡുവക്കില്‍ നിരക്കുന്നത് രാവിലെ മുതല്‍ രാത്രിവരെ ഇവിടെ ഗതാഗത തടസം രൂക്ഷമാക്കുന്നു. ഈ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ കയറിയശേഷം ആദ്യപ്രക്യാപനം അടിമാലി ടൗണിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുമെന്നതായിരുന്നു. ഇതിനായി 6 തവണ യോഗം ചേരുകയും രണ്ട് സബ് കമ്മറ്റികളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ട് സബ്കമ്മറ്റിക്ക് പുറമെ ഇപ്പോള്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെട്ട സബ് കമ്മറ്റിയും വിവിധ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പഞ്ചായത്തില്‍ സമര്‍പ്പിച്ചു. എന്നാല്‍ എല്ലാം ഓഫീസിലിരുന്ന് ചിതലരിക്കുന്നതല്ലാതെ പ്രശ്‌നത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്ന സമീപനമാണ് പഞ്ചായത്തിനുളളത്. അടിമാലി ട്രാഫിക്ക് പൊലീസില്‍ 36 ഉദ്യോഗസ്ഥരുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 10 പേരാണ് ഉളളത്. അടിമാലിയിലെ ഗതാഗത പ്രശ്‌നം ഹൈക്കോടതിയുടെ ഇടെടലുണ്ടായിട്ടും പരിഹരിക്കപ്പെടാത്തതിനെതിരെ കോടതിയലക്ഷ്യ നടപടി പുരോഗമിക്കുകയും ചെയ്യുകയാണ്.
Next Story

RELATED STORIES

Share it