wayanad local

അടിമവേലയില്‍ നിന്നു മോചനം;ശാന്ത ഇനി കൂടപ്പിറപ്പുകള്‍ക്കൊപ്പം

കല്‍പ്പറ്റ: നീണ്ട 15 വര്‍ഷത്തെ അടിമത്ത ജോലിയില്‍ നിന്നു തിരുനെല്ലി എരുവേക്കി കോളനിയിലെ ശാന്തയ്ക്കു മോചനം. കുട്ടിക്കാലത്ത് വീട്ടുജോലിക്കായി കര്‍ണാടകയിലെ പൊന്നംപേട്ടിലെ ജന്മിയുടെ വീട്ടിലെത്തിയ ശാന്തയെ പിന്നീട് ഒരിക്കലും സ്വന്തം വീട്ടിലേക്ക് അയച്ചില്ല. പഠിക്കാനുളള താല്‍പര്യമുണ്ടായിരുന്ന കുട്ടിയെ പഠിപ്പിക്കാനോ ജോലിക്ക് മതിയായ വേതനം നല്‍കാനോ ഉടമ തയ്യാറായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് അടിമവേല നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് എന്ന സംഘടന മാനന്തവാടി സബ് കലക്ടര്‍ക്ക് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായി ബന്ധപ്പെടുകയും കുടക് അസിസ്റ്റന്റ് കലക്ടര്‍, ലേബര്‍ ഓഫിസര്‍, റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍, ഫൗണ്ടേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ്  പ്രവര്‍ത്തകരായ ലില്ലി തോമസ്, സതീഷ്‌കുമാര്‍, അഡ്വ. കെ എം പ്രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ യുവതിയെ മോചിപ്പിക്കുകയും ചെയ്തു. മോചനത്തിനുശേഷം ശാന്ത ഇന്നലെ വൈകീട്ട് സ്വഭവനത്തിലെത്തി. കഴിഞ്ഞ 15 വര്‍ഷമായി കാണാതിരുന്ന ശാന്തയെ കണ്ടപ്പോള്‍ അയല്‍വാസികള്‍ക്കും ഏറെ സന്തോഷം. അടിമവേല നിര്‍മാര്‍ജന നിയമം നിലവില്‍ വന്ന ഫെബ്രുവരി 9ന് തന്നെ ഇത്തരത്തില്‍ ഒരു മോചനം നടന്നതു യാദൃശ്ചികമായി. ഇതുസംബന്ധിച്ച നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം 15ലധികം പേരെ വിവിധ സ്ഥലങ്ങളില്‍ നിന്നു മോചിപ്പിക്കാന്‍ സാധിച്ചതായി സംസ്ഥാന പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍ സി കെ ദിനേശന്‍ അറിയിച്ചു. ഇത്തരത്തില്‍ ഏതെങ്കിലും വിവരം ലഭിക്കുന്നവര്‍ 04936 206036, 9562921098 എന്നീ നമ്പറുകളില്‍ അറിയിക്കാം.
Next Story

RELATED STORIES

Share it