kasaragod local

അടിപ്പാത കടക്കാന്‍ നിത്യാധ്വാനം; മഴപ്പേടിയില്‍ ചന്തേരക്കാര്‍

തൃക്കരിപ്പൂര്‍: ഏറെക്കാലത്തെ മുറവിളികളുടെയും നിവേദനങ്ങളുടെ ഫലമായി അനുവദിക്കച്ച ചന്തേര റെയില്‍വേ അടിപ്പാതയില്‍ ഗതാഗതം സാധ്യമാവുന്നത് നിത്യധ്വാനത്തിലൂടെ. വയലില്‍ പണിത അടിപ്പാതയില്‍ ഒഴുകിയും കിനിഞ്ഞുമെത്തുന്ന വെള്ളം പമ്പ് ചെയ്ത മാറ്റിയാണ് പ്രദേശവാസികള്‍ യാത്രചെയ്യുന്നത്.
ജില്ലയിലെ ഇതര സബ് വേകളിലും വെള്ളക്കെട്ടിന്റെ പ്രശ്‌നമുണ്ട്. സബ് വേയുടെ ഇരുവശത്തും മേല്‍ക്കൂര നിര്‍മിച്ചാണ് റെയില്‍വേ മറ്റിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നത്. മേല്‍ക്കൂര നിര്‍മിക്കുന്നതോടെ മഴവെള്ളം ഓവുചാലിലേക്ക് എത്തിക്കാന്‍ സാധിക്കും. ദക്ഷിണേന്ത്യയില്‍ പല ഡിവിഷനുകളിലും അര കിലോമീറ്റര്‍ ദൂരത്തോളം മേല്‍ക്കൂര നിര്‍മിച്ചാണ് അടിപ്പാതകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവിടെ ആസൂത്രണത്തിലെ പോരായ്മ മൂലം മഴ വെള്ളം മാറ്റി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.
ജനങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പലയിടത്തും സബ് വേകള്‍ അനുവദിച്ചതെന്ന പി കരുണാകരന്‍ എംപിയുടെ തുറന്നുപറച്ചില്‍ വിവാദമായിരുന്നു. പിന്നീടാണ് വെള്ളക്കെട്ടില്‍ നിന്ന് അടിപ്പാതയെ മോചിപ്പിക്കാന്‍ നാട്ടുകാര്‍ കൈ മെയ് മറന്ന് രംഗത്തിറങ്ങിയത്. ചന്തേര പടിഞ്ഞാറേക്കര നവോദയ വായനശാല നാട്ടുകാരുടെ സഹായത്തോടെ മോട്ടോറുകളുപയോഗിച്ച് സബ് വേയിലെ വെള്ളം വറ്റിച്ച് ചെളിയും മറ്റും എടുത്ത് മാറ്റി വശങ്ങളില്‍ ചെങ്കല്ല് പാകി വൃത്തിയാക്കിയിരുന്നു. ആഴ്ചകളായി പ്രദേശത്തുകാര്‍ മോട്ടോര്‍ പമ്പുപയോഗിച്ച് കെട്ടി നില്‍ക്കുന്ന വെള്ളം എല്ലാ ദിവസവും നീക്കം ചെയ്താണ് ഇതുവഴി ഗതാഗതം സാധ്യമാക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്താണ് ഇത്രയും ചെയ്തു വരുന്നത്.
അടിപ്പാതയില്‍ വെള്ളം പൂര്‍ണമായി വറ്റിച്ചുവെങ്കിലും പിന്നീട് ദിവസവും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. മഴവന്നാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിക്കുന്ന അവസ്ഥയാണ്. ചന്തേര പടിഞ്ഞാറേക്കര, കിനാത്തില്‍, എടച്ചാക്കൈ, പടന്ന തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ ദേശീയ പാതയിലെത്തിച്ചേരുന്നതിനുതകുമായിരുന്ന റെയില്‍വേ അടിപ്പാതയാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക്് വിനയായത്. മോട്ടോര്‍ സൈക്കിള്‍, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും അപ്രോച്ച് റോഡിന്റെ അഭാവം വലിയ വാഹനങ്ങളെ അകറ്റുന്നു.
Next Story

RELATED STORIES

Share it