Editorial

അടിതെറ്റിയാല്‍ ആനയും വീഴും

ചുറ്റുവട്ടത്തുള്ള സ്വയംപ്രഖ്യാപിത രാജാക്കന്‍മാര്‍ പോലിസിനെ ഭരിക്കാന്‍ തുടങ്ങിയാല്‍ നീതിനടത്തിപ്പ് അപകടത്തിലാവുമെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പുതുമയൊന്നുമില്ല. ഉത്തര കേരളത്തിലെ ദൈനംദിന രാഷ്ട്രീയം കടന്നുപോവുന്ന വഴികളിലേക്കൊന്നു കണ്ണോടിക്കുന്ന ആര്‍ക്കും ഇക്കാര്യമറിയാം. തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സ്വയംപ്രഖ്യാപിത രാജാക്കന്മാരെപ്പറ്റിയുള്ള ജസ്റ്റിസ് കെമാല്‍പാഷയുടെ പരാമര്‍ശം. ഈ രാജാക്കന്മാര്‍ രാഷ്ട്രീയസ്വാധീനത്തിന്റെ ബലത്തില്‍ ഒരു പ്രദേശം മുഴുവന്‍ കീഴടക്കി വാഴുന്നു എന്നത് ആധുനിക ജനാധിപത്യത്തിന്റെ വ്യവസ്ഥാപിതമൂല്യങ്ങളെ കൊഞ്ഞനംകുത്തുകയാണു ചെയ്യുന്നത്. ഇതാണോ ഇടതുപക്ഷ രാഷ്ട്രീയം? ഈ രാഷ്ട്രീയത്തെയാണോ കേരളം നെഞ്ചേറ്റേണ്ടത്?
സിപിഎമ്മിന് മലബാറില്‍ വളരെയധികം ജനപിന്തുണയുണ്ട് എന്നത് നേരു തന്നെ. ആ പിന്തുണ നേടിയെടുക്കുന്നതിന് പാര്‍ട്ടി വളരെയധികം ചോരയും വിയര്‍പ്പുമൊഴുക്കിയിട്ടുണ്ട് എന്ന കാര്യത്തിലും സംശയമില്ല. പക്ഷേ, ആ പിന്തുണ നിലനിര്‍ത്തേണ്ടത് എതിര്‍ശബ്ദങ്ങളെ ഞെരിച്ചമര്‍ത്തിക്കൊണ്ടല്ല. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇപ്പോള്‍ അക്കൂട്ടത്തില്‍പ്പെടുത്താവുന്ന രണ്ടു കേസുകളുടെ തുടര്‍ച്ചയായി നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. കൈക്കരുത്ത് ഉപയോഗിച്ചാണ് ഇത്തരം കുരുക്കുകളില്‍നിന്ന് രക്ഷപ്രാപിക്കേണ്ടത് എന്ന് പാര്‍ട്ടി വിശ്വസിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ തന്ത്രങ്ങളുപയോഗിച്ച്. അങ്ങനെയൊരു തന്ത്രമായിരുന്നു ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായിമാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് നാട്ടിലെത്തിക്കാന്‍ നടത്തിയ ശ്രമം. ജനാധിപത്യം നല്‍കുന്ന ചില ആനുകൂല്യങ്ങളെ സൂത്രത്തില്‍ സ്വന്തം താല്‍പര്യം നടപ്പാക്കാന്‍ വേണ്ടി ഉപയോഗിക്കാനുള്ള ഈ നീക്കത്തിനും പക്ഷേ, കോടതി തടയിട്ടു. പക്ഷേ, അഹന്ത തലയ്ക്കു പിടിച്ച സിപിഎം നേതൃത്വത്തെ കോടതികള്‍ക്ക് എത്രത്തോളം പ്രതിരോധിക്കാനാവും?
കണ്ണൂരും പരിസരങ്ങളിലുമുള്ള സിപിഎമ്മുകാര്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ലെന്നതിന്റെ തെളിവാണ് ഈയിടെ അമ്പാടിമുക്കിലെ സഖാക്കള്‍ നാട്ടുകാര്‍ക്ക് മുമ്പാകെ ഉയര്‍ത്തിക്കെട്ടിയ ബോര്‍ഡ്. കൊലപാതക ഗൂഢാലോചനക്കേസിലകപ്പെട്ട പി ജയരാജന്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ സല്യൂട്ട് സ്വീകരിക്കുന്ന ചിത്രമായിരുന്നു ബോര്‍ഡില്‍. രാഷ്ട്രീയാന്ധത തലയ്ക്കു പിടിച്ച് അതൊരു മനോരോഗത്തിന്റെ അവസ്ഥയിലെത്തിയിരിക്കുന്നു എന്നതാണ് ഇതെല്ലാം ദ്യോതിപ്പിക്കുന്നത്. എന്നാല്‍, സിപിഎം നേതൃത്വം ഈ രോഗം ചികില്‍സിച്ചുമാറ്റാനല്ല ശ്രമിക്കുന്നത്. ജനാധിപത്യമൂല്യങ്ങള്‍ക്ക് ഒട്ടും നിരക്കാത്ത നിരന്തര പ്രവൃത്തികളിലൂടെ ഇത്തരം മനോവൈകല്യങ്ങള്‍ കണ്ടു രസിക്കുകയാണ് പാര്‍ട്ടി നേതൃത്വം. കുരങ്ങിന് ഏണിവച്ചുകൊടുക്കുകയല്ലേ തങ്ങള്‍ എന്ന് പ്രായോഗിക രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ കലക്കിക്കുടിച്ച പിണറായി വിജയനെങ്കിലും ആലോചിക്കണം. അടിതെറ്റിയാല്‍ ആനയും വീഴുമെന്ന് പണ്ട് കോപ്പിയെഴുതി പഠിച്ചത് കൈയക്ഷരം നന്നാവാന്‍ വേണ്ടി മാത്രമല്ലല്ലോ.
Next Story

RELATED STORIES

Share it