Cricket

അടിച്ചൊതുക്കി വാട്‌സണ്‍, എറിഞ്ഞിട്ട് ഠാക്കൂര്‍; ചെന്നൈക്ക് വമ്പന്‍ ജയം

അടിച്ചൊതുക്കി വാട്‌സണ്‍, എറിഞ്ഞിട്ട് ഠാക്കൂര്‍; ചെന്നൈക്ക് വമ്പന്‍ ജയം
X


പൂനെ: ഷെയ്ന്‍ വാട്‌സണ്‍ (106) സെഞ്ച്വറിയോടെ കളം നിറഞ്ഞാടിയ മല്‍സരത്തില്‍ രാജസ്ഥാനെതിരേ ചെന്നൈക്ക് തകര്‍പ്പന്‍ ജയം. 64 റണ്‍സിനാണ് ധോണിയും സംഘവും വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്റെ പോരാട്ടം 18.3 ഓവറില്‍ 140 റണ്‍സില്‍ അവസാനിച്ചു.
ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ ഓവര്‍ മുതല്‍ വാട്‌സണ്‍ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്തതോടെ ചെന്നൈ സ്‌കോര്‍ബോര്‍ഡിന് റോക്കറ്റ് വേഗതയായി. അമ്പാട്ടി റായിഡുവും (12) പിന്തുണയേകിയതോടെ ചെന്നൈ സ്‌കോര്‍ബോര്‍ഡ് അതിവേഗം 50 കടന്നു. എന്നാല്‍ 4.3 ഓവറില്‍ ലൗഹ്‌ലിന് മുന്നില്‍ റായിഡു വീണു. പിന്നീട് രണ്ടാം വിക്കറ്റിലൊത്തു ചേര്‍ന്ന സുരേഷ് റെയ്‌ന (46) - വാട്‌സണ്‍ കൂട്ടുകെട്ട് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.ഒടുവില്‍ 29 പന്തുകള്‍ നേരിട്ട് ഒമ്പത് ഫോറ് പായിച്ച റെയ്‌നയുടെ ഇന്നിങ്‌സിന് അവസാനമാവുമ്പോള്‍ ചെന്നൈ സ്‌കോര്‍ബോര്‍ഡ് 11.5 ഓവറില്‍ രണ്ട് വിക്കറ്റിന് 131 എന്ന മികച്ച നിലയിലേക്കെത്തിയിരുന്നു. നാലാമനായി ക്രീസിലെത്തിയ നായകന്‍ എം എസ് ധോണി (മൂന്ന് പന്തില്‍ അഞ്ച്) പെട്ടെന്ന്് മടങ്ങിയെങ്കിലും വെടിക്കെട്ട് തുടര്‍ന്ന വാട്‌സണ്‍ ചെന്നൈ റണ്‍റേറ്റ് താഴാതെ കാത്തു. സാം ബില്ലിങ്‌സും (3) പെട്ടെന്ന് മടങ്ങിയെങ്കിലും വെടിക്കെട്ട് പുറത്തെടുത്ത ഡ്വെയ്ന്‍ ബ്രാവോ (16 പന്തില്‍ പുറത്താവാതെ 24) ചെന്നൈ സ്‌കോര്‍ബോര്‍ഡിനെ 200 കടത്തി. ഒടുവില്‍ അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ വാട്‌സണ്‍ മടങ്ങി. 57 പന്തില്‍ ഒമ്പത് ഫോറും ആറ് സിക്‌സറും പറത്തിയാണ് വാട്‌സണ്‍ കളം വിട്ടത്. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍ മൂന്നും ബെന്‍ ലൗഹ്‌ലിന്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.
രാജസ്ഥാന്‍ നിരയില്‍ ബെന്‍ സ്റ്റോക്‌സാണ് (45) ടോപ് സ്‌കോറര്‍. ചെന്നൈക്ക് വേണ്ടി ദീപക് ചാഹര്‍, ശര്‍ദുല്‍ ഠാക്കൂര്‍, ഡ്വെയ്ന്‍ ബ്രാവോ, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ഷെയ്ന്‍ വാട്‌സണ്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Next Story

RELATED STORIES

Share it