ernakulam local

അടിച്ചമര്‍ത്തലുകള്‍ക്ക് സിപിഎം കനത്ത വില നല്‍കേണ്ടി വരും: എസ്ഡിപിഐ

ആലുവ: കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളെ തീവ്രവാദ മുദ്ര ചാര്‍ത്തി അടിച്ചമര്‍ത്തുന്ന പോലിസും സിപിഎമ്മും ഈ നടപടിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്.
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവിന്റെ മരണത്തിന്റെ മറവില്‍ പാര്‍ട്ടിയെ തേജോവധം ചെയ്യുകയും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ കള്ളക്കേസുകളെടുക്കുകയും ചെയ്യുന്ന നടപടിക്കെതിരേ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാജാസ് സംഭവത്തിന്റെ മറവില്‍ പാര്‍ട്ടിയെയും നേതാക്കളെയും അവമതിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നു വരും. സിപിഎമ്മിന്റെ പോഷക സംഘടനയാക്കി പോലിസിനെ മാറ്റുകയും തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മുഴുവന്‍ തീവ്രവാദികളും ഭീകരരുമാക്കാനുള്ള സിപിഎം നീക്കം അപകടകരമാണ്.
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവിന്റെ മരണം സംബന്ധിച്ച് അഭിമന്യുവിന്റെ കുടുംബം ഉന്നയിച്ച സംശയങ്ങളാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിട്ടുള്ളതെന്നും പി ആര്‍ സിയാദ് പറഞ്ഞു.  ഇന്നലെ രാവിലെ പത്തിന് ആലുവ ബൈപാസ് കവലയില്‍ നിന്നാരംഭിച്ച മാര്‍ച്ചിനെ നേരിടാനായി അതിരാവിലെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. മാര്‍ച്ച് ബാങ്ക് കവലയില്‍ വച്ച് പോലിസ് തടഞ്ഞു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടുറോഡില്‍ കുത്തിയിരുന്നു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് കളമശ്ശേരി എആര്‍ ക്യാംപിലേക്ക് മാറ്റി. ജില്ലാ സെക്രട്ടറി ബാബുവേങ്ങൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ ബാബു വേങ്ങൂര്‍, സുധീര്‍ ഏലൂക്കര, വി എം ഫൈസല്‍, നാസര്‍ എളമന ഫസല്‍ റഹ്്മാന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it