അടവുനയങ്ങളുടെ ഇടം

ശാംലാല്‍

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നസിം സെയ്ദി അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു മാത്രമല്ല, രാഷ്ട്രത്തിനും വരുംദിനങ്ങള്‍ നിര്‍ണായകമായിരിക്കുകയാണ്. നരേന്ദ്രമോദി നയിക്കുകയും ആര്‍എസ്എസ് നിയന്ത്രിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ കൃത്യം രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് അവസാനവാരത്തില്‍ തെളിയാനിരിക്കുന്ന ജയപരാജയങ്ങളുടെ ചിത്രം സര്‍ക്കാരിനെന്നപോലെ പ്രതിപക്ഷത്തിനും പ്രധാനമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ശക്തിപ്പെട്ടുവരുന്ന ധ്രുവീകരണങ്ങള്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രത്യാഘാതങ്ങളെ അതതു സംസ്ഥാനങ്ങളുടെ പുറത്തെത്തിക്കാന്‍ പര്യാപ്തമായിരിക്കും.
അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, പുതുശ്ശേരി എന്നീ സംസ്ഥാനങ്ങളിലെ വിധിയെഴുത്തിനെ പ്രാദേശിക പ്രശ്‌നങ്ങള്‍ക്കും പരിഗണനകള്‍ക്കുമൊപ്പം ദേശീയ സാഹചര്യവും സ്വാധീനിക്കാന്‍ സാധ്യതയുള്ളത് രണ്ട് ധ്രുവങ്ങളിലാണ്. അതാവട്ടെ, മോദി സര്‍ക്കാരിന്റെ തുടക്കത്തിനും മുമ്പേ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ തന്നെ ആരംഭിക്കുകയും പിന്നീട് നാള്‍ക്കുനാള്‍ ശക്തിപ്പെട്ട് ഇപ്പോള്‍ പൂര്‍ത്തിയാവുകയും ചെയ്തിട്ടുള്ള ദ്വന്ദ്വരാഷ്ട്രീയമാണ്. ഇനി തിരിച്ചുപോവാനാവാത്തവിധം അനിവാര്യതയായി ഭവിച്ചിട്ടുള്ള ആ ദ്വന്ദ്വം പല രൂപങ്ങളിലും പ്രയോഗങ്ങളിലുമായി നിലയുറപ്പിച്ചിരിക്കുന്നു. മൂന്നാമതോ നാലാമതോ ആയി മറ്റിടങ്ങളുടെ പ്രസക്തി യഥാര്‍ഥത്തില്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. ദേശസ്‌നേഹത്തിനെതിരേ ദേശദ്രോഹം, ഗോപൂജകള്‍ക്കെതിരേ ഗോഭോജികള്‍, ഹിന്ദുക്കള്‍ക്കെതിരേ മുസ്‌ലിംകള്‍, വിശുദ്ധ ഹിന്ദുരാഷ്ട്രത്തിനെതിരേ കപട മതേതരരാഷ്ട്രം എന്നിങ്ങനെ പല പരികല്‍പനകളില്‍ ദൃശ്യമാവുന്ന ഈ ധ്രുവീകരണത്തിന്റെ ഭരണകൂടഭാഷ്യം സംശയാതീതമാണ്. തങ്ങള്‍ക്കെതിരേ ആവലാതിപറയുന്നവരെയും മൃദുവായി പ്രതിഷേധിക്കുന്നവരെ പോലും ഒഴിവാക്കാതെയുള്ള, ദേശദ്രോഹികളുടെ ഒരൊറ്റ നിര. മുഖ്യശത്രുക്കളായ മതന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളും മാത്രമല്ല, ഭരണകൂടത്തില്‍നിന്നു നീതിതേടുന്ന ആദിവാസികളും ദലിതരും പിന്നാക്കജാതിക്കാരും തൊഴിലാളികളും കര്‍ഷകരും ചെറുകിട വ്യാപാരികളും കുടിയൊഴിപ്പിക്കപ്പെടുന്നവരുമുള്‍പ്പെടെ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനതയാണ് സംഘപരിവാരത്തിന്റെ ഈ ദേശവിരുദ്ധ ശത്രുപക്ഷം. മൊത്തം വോട്ട് ചെയ്തവരുടെ മൂന്നിലൊന്നിന്റെ മാത്രം അംഗീകാരത്തിലൂടെ ഭൂരിപക്ഷമുറപ്പിച്ച് ഭരണത്തിലേറിയ നിലവിലെ സര്‍ക്കാരിന്റെ ദ്വന്ദ്വാത്മക അജണ്ട ഏവര്‍ക്കും തിരിച്ചറിയാന്‍ വിദ്വേഷപ്രസംഗ പരമ്പര മുതല്‍ പ്രതികാര നടപടികളുടെ ആവര്‍ത്തനങ്ങള്‍ വരെയുള്ള സമീപകാല സംഭവങ്ങള്‍ നിമിത്തമായി. വികസനക്കുതിപ്പ്, അഴിമതിനിര്‍മാര്‍ജനം എന്നീ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ യഥാര്‍ഥത്തില്‍ വര്‍ഗീയത, സമഗ്രാധിപത്യം, മുതലാളിത്തസേവ എന്നീ യഥാര്‍ഥ ലക്ഷ്യങ്ങളെ മറച്ചുപിടിക്കാനുള്ള തന്ത്രം മാത്രമായിരുന്നുവെന്ന് മോദി സര്‍ക്കാര്‍ രാഷ്ട്രത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഈ സത്യത്തെ അവഗണിച്ച് നിലനില്‍ക്കാനാവാത്ത സാഹചര്യത്തിലേക്ക്, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ശേഷവും ഭിന്നിച്ചുനിന്ന് ബിജെപിയുടെ വിജയപാത സുഗമമാക്കിയ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പ്രാദേശിക കക്ഷികളും എത്തിയിരിക്കുകയാണ്.
ആറുപതിറ്റാണ്ടിന്റെ പ്രായമുള്ള നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ബോധ്യമാവുന്ന വസ്തുത ബിജെപി സര്‍ക്കാര്‍ എന്ന യാഥാര്‍ഥ്യം ഒരു ആകസ്മികതയല്ല, അനിവാര്യതയാണെന്നാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രം ബിജെപി പയറ്റിയ വര്‍ഗീയ ധ്രുവീകരണവും എതിര്‍കക്ഷികള്‍ കാഴ്ചവച്ച ശൈഥില്യവും മാത്രമായി ആ അനിവാര്യതയെ ഒതുക്കിക്കാണാനാവില്ല. ഓരോ തിരഞ്ഞെടുപ്പിനെയും ബിജെപിയും മറ്റു കക്ഷികളും എങ്ങനെ വ്യത്യസ്തമായി സമീപിച്ചുവെന്നതാണ് കാതലായ കാര്യം. അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മതേതര കക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ സ്വന്തം ബുദ്ധിയും വിവേകവും ഉദ്ദേശ്യശുദ്ധിയും പോരെങ്കില്‍, മുഖ്യ ശത്രുവില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളാനെങ്കിലും കഴിയണം.
ഓരോ തിരഞ്ഞെടുപ്പ് വിജയത്തിനും താല്‍ക്കാലികമായ അടവുനയങ്ങള്‍ കൂടിയേ കഴിയൂ എന്ന കാര്യം നിസ്തര്‍ക്കമാണ്. എന്നാല്‍, അഞ്ചുവര്‍ഷക്കാലത്തെ മാത്രം അധികാരലബ്ധി മുന്‍നിര്‍ത്തിയുള്ള അടവുതന്ത്രങ്ങള്‍ക്കപ്പുറം, ആത്യന്തികമായി ഉരുത്തിരിഞ്ഞുവരേണ്ട സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ അവഗണിച്ചുകൊണ്ടാവരുത് തിരഞ്ഞെടുപ്പുകളിലെ ഒത്തുചേരലുകളും വഴിപിരിയലുകളും. അസഹിഷ്ണുതയും വര്‍ഗീയതയും ഫാഷിസവും അനുദിനം മോദി സര്‍ക്കാര്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിന്റെ ഗുണപരമായ ഒരു ഉപോല്‍പന്നമാണ് ഇരകളാക്കപ്പെടുന്ന ഭൂരിപക്ഷ വികാരങ്ങളുടെ ഐക്യപ്പെടല്‍. ഈ ഐക്യപ്പെടല്‍ ബിജെപി വിരുദ്ധ ചേരിയിലുള്ള എല്ലാ സമൂഹങ്ങളുടെയും വിഭാഗങ്ങളുടെയും ചരിത്രപരമായ ഉത്തരവാദിത്തമാണ്. ഈ ഐക്യത്തിന്റെ അനിവാര്യതയെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ പടനിലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അതിനര്‍ഥം മതേതര കക്ഷികള്‍ക്ക് അടവുരാഷ്ട്രീയമല്ലാതെ അടിസ്ഥാന രാഷ്ട്രീയമില്ലെന്നാണ്.
ജനസംഘത്തിലൂടെ തുടങ്ങി ജനതാപാര്‍ട്ടിയിലെ സക്രിയ പങ്കാളിത്തത്തിലൂടെ സഞ്ചരിച്ച് മണ്ഡല്‍-മസ്ജിദ് രാഷ്ട്രീയത്തിന്റെ സ്വയംകൃത ചോരച്ചാലുകളിലൂടെ നീന്തി ഇപ്പോള്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി ഭരിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാരത്തിന്റേത് ഒറ്റപ്പെട്ട അടവുകളുടെ രാഷ്ട്രീയമല്ല; അന്തിമലക്ഷ്യം കൈവിടാതെയുള്ള, നയപരമായ തുടര്‍ച്ച നിലനിര്‍ത്തിയുള്ള, തന്ത്രങ്ങളുടെ രാഷ്ട്രീയമാണ്. ദേശസ്‌നേഹത്തെ ഒരു മാരകായുധമാക്കി പരിവര്‍ത്തിപ്പിച്ചുകൊണ്ട്, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ജനാധിപത്യത്തിന്റെ ഇടത്തില്‍ നിലകൊള്ളുന്ന മുഴുവന്‍ വിഭാഗങ്ങളെയും ദേശദ്രോഹം ചാര്‍ത്തി മര്‍ദ്ദിച്ചൊതുക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുമ്പോള്‍, പ്രാദേശികമോ താല്‍ക്കാലികമോ ആയ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കു വേണ്ടി മാത്രം ഫാഷിസ്റ്റ് വിരുദ്ധ വിഭാഗങ്ങളെ തമ്മില്‍ അകറ്റിയും തങ്ങളില്‍നിന്ന് അകറ്റിയും മുമ്പോട്ടുപോവണമോ എന്നത് കോണ്‍ഗ്രസ്സും ഇടതുകക്ഷികളും ഉത്തരം നല്‍കേണ്ട അടിസ്ഥാന ചോദ്യമാണ്.
ഇപ്പോള്‍ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ അസമിലൊഴികെ മറ്റെവിടെയും ബിജെപിയോ അവരുടെ സഖ്യമോ അധികാരത്തിലെത്തുകയില്ലെന്നത് ഉറപ്പായ കാര്യമാണ്. അസമില്‍ 2001 മുതല്‍ തുടര്‍ച്ചയായി ഭരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന് ഭരണവിരുദ്ധ വികാരത്തെ മറികടക്കാനാവുമോ എന്നത് ഒരു അഗ്നിപരീക്ഷ തന്നെയാണ്. സംഘപരിവാരം അനുക്രമമായി സൃഷ്ടിച്ചെടുത്തിട്ടുള്ള അസമി ഹിന്ദു എതിര്‍ ബംഗ്ലാദേശി മുസ്‌ലിം എന്ന ദ്വന്ദ്വത്തിനു പുറമേ, അസം ഗണപരിഷത്ത്, ബോഡോ പീപ്പിള്‍സ് ഫ്രണ്ട് എന്നീ കക്ഷികളുമായി മുന്നണി രൂപീകരിക്കാനായതും ബിജെപിക്ക് അനുകൂല ഘടകങ്ങളാണ്. കോണ്‍ഗ്രസ്സിന്റെ മുന്നിലുള്ള ബദല്‍ മാര്‍ഗമാവട്ടെ, പൗരത്വംപോലും നിഷേധിക്കപ്പെട്ടുകൊണ്ട് വേട്ടയാടപ്പെടുന്ന ബംഗാളി വംശജരായ മുസ്‌ലിംകളുടെ പ്രാതിനിധ്യമുള്ള എഐഎയുഡിഎഫുമായി മുന്നണിയോ നീക്കുപോക്കോ ഉണ്ടാക്കുകയാണ്.
സംസ്ഥാന ജനസംഖ്യയുടെ 35 ശതമാനം മുസ്‌ലിംകളായിരുന്നിട്ടും എഐഎയുഡിഎഫ് ഒറ്റയ്ക്ക് മല്‍സരിച്ച് ഇരുപതോളം സീറ്റുകള്‍ നേടി ശക്തിതെളിയിച്ച പാര്‍ട്ടിയായിരുന്നിട്ടും, കോണ്‍ഗ്രസ് ആ രാഷ്ട്രീയ വിവേകത്തിന് ഇതുവരെ മുതിര്‍ന്നിട്ടില്ല. ഇതിനുള്ള വക്രന്യായമാവട്ടെ, ഭൂരിപക്ഷ വര്‍ഗീയതയുണ്ടെങ്കില്‍ ന്യൂനപക്ഷ വര്‍ഗീയതയുമുണ്ട്, ബിജെപിയുടെ മറുപുറം എഐഎയുഡിഎഫ് എന്ന തൂക്കമൊപ്പിക്കലും.
ബംഗാളിലേക്കു കടക്കുമ്പോള്‍ ചിത്രം വ്യത്യസ്തമാണ്. ചരിത്രം തിരുത്തുന്നുവെന്ന അര്‍ഥത്തില്‍ വിചിത്രവുമാണ്. അരനൂറ്റാണ്ടുകാലം ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി മസിലുപിടിച്ചുനിന്നിരുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും നീക്കുപോക്കുരാഷ്ട്രീയത്തിന്റെ മധുവിധുമല്‍സരത്തിനു തയ്യാറെടുക്കുകയാണ്. തുല്യ ദുഃഖിതര്‍ പങ്കിടുന്ന നിവൃത്തികേടിന്റെ രാഷ്ട്രീയമെന്നും ഇതിനെ വിശേഷിപ്പിക്കാം. മൂന്നര പതിറ്റാണ്ടു തുടര്‍ന്ന സിപിഎം ഭരണത്തെയോ അതിനു മുമ്പേ അസ്തമിച്ച കോണ്‍ഗ്രസ് ഭരണത്തെയോ അപേക്ഷിച്ച് മമതാ ദീദിയുടെ തൃണമൂല്‍ ഭരണം കെട്ടുനാറിയതായതുകൊണ്ടല്ല ഈ അടവുനയം. ഇരുകൂട്ടര്‍ക്കും മുങ്ങിത്താഴാതിരിക്കാന്‍ ശ്രമിക്കാനുള്ള അവസാനത്തെ അവസരമാണിതെന്ന തിരിച്ചറിവുകള്‍ മാത്രമാണിതിനു കാരണം. തൃണമൂല്‍ ഭരണത്തിനെതിരേയുള്ള ഈ സിപിഎം-കോണ്‍ഗ്രസ് ഐക്യപ്പെടലിന്റെ പഴുതിലൂടെ ബിജെപി നടത്താനിടയുള്ള മുന്നേറ്റമാണ് യഥാര്‍ഥ മതേതര മനസ്‌കരെ അസ്വസ്ഥമാക്കുന്നത്. തൊട്ടു കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ അവര്‍ സ്വാംശീകരിച്ചുകഴിഞ്ഞ വോട്ടുകളിലെ വര്‍ധന, ടിഎംസിയുടെയോ സിപിഎമ്മിന്റെയോ കോണ്‍ഗ്രസ്സിന്റെയോ തിരഞ്ഞെടുപ്പുനയങ്ങളില്‍ മര്‍മസ്ഥാനത്തുള്ളതായി കാണുന്നില്ല. 30 ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ടുകളും ഗണ്യമായ ദലിത് വോട്ടുകളും ആ വിഭാഗങ്ങളുടെ അരക്ഷിതബോധവും സംഘപരിവാര പേടിയും മുതലെടുത്ത് തങ്ങള്‍ക്ക് വിജയം നേടാനാവുമെന്നാണ് ഈ കക്ഷികള്‍ ഓരോന്നും പ്രതീക്ഷിക്കുന്നത്. അസമിലെ പോലെ ന്യൂനപക്ഷ സ്വത്വരാഷ്ട്രീയത്തിന് ബംഗാളില്‍ സ്വാധീനം പരിമിതമാണെങ്കിലും അതംഗീകരിച്ചുകൊണ്ടുള്ള അടവുനയത്തിന് ബംഗാളില്‍ മുഖ്യപാര്‍ട്ടികള്‍ തയ്യാറല്ല. ബിജെപിക്കാവട്ടെ എത്ര കുറവ് സീറ്റുകളായാലും കിട്ടുന്നത്രയും നേട്ടമാണ്.
വ്യക്തി-കുടുംബ-ജാതി ബോധങ്ങളും ഗര്‍വുകളും കെറുവുകളും ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും കുടകള്‍ക്കു കീഴില്‍ മുന്നണിയായി പരസ്പരം പോര്‍വിളിക്കുന്നതാണ് തമിഴ്‌നാട്ടിലെ പരമ്പരാഗത രാഷ്ട്രീയം. മുന്‍കാലങ്ങളില്‍ ബ്രാഹ്മണ ബിജെപിയുടെ ഒപ്പം കൂടാന്‍ മടികാണിച്ചിട്ടില്ല ഇരു ദ്രാവിഡ പാര്‍ട്ടികളും. ഒറ്റയ്ക്കു മല്‍സരിച്ച് നേട്ടമുണ്ടാക്കാന്‍ ഒരു തിരഞ്ഞെടുപ്പിലും ബിജെപിക്കു കഴിഞ്ഞിട്ടുമില്ല. മുസ്‌ലിം-ക്രിസ്ത്യന്‍ വോട്ടുകളാവട്ടെ, കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും വോട്ടുകളുടെ കാര്യത്തിലെന്നതുപോലെ നിര്‍ണായകവുമല്ല. കാരണമെന്തായാലും ബിജെപിയുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കാതിരിക്കുന്നതിലൂടെ, ഇത്തവണ ഡിഎംകെയും എഐഎഡിഎംകെയും കോണ്‍ഗ്രസ്സിനും ഇടതുകക്ഷികള്‍ക്കും കൂടി കാലോചിതമായൊരു സന്ദേശമാണു നല്‍കുന്നത്. ജാതിയധിഷ്ഠിതമായ പാര്‍ട്ടികള്‍ക്കു മാത്രം വിജയമനുവദിച്ചിട്ടുള്ള തമിഴകരാഷ്ട്രീയം, മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടികളോടും അടുപ്പത്തിനു തയ്യാറാണ്. എന്നാല്‍, അത്താഴം മുടക്കുന്ന നീര്‍ക്കോലി നിലപാടിലാണത്രെ അവിടെ ചെറുമുസ്‌ലിം പാര്‍ട്ടികളേക്കാള്‍ ചെറുതായ കോണ്‍ഗ്രസ്സും ഇടതുപക്ഷവും.
കേരളത്തിലെ തിരഞ്ഞെടുപ്പുഫലം അവസാനഘട്ടം വരെ പ്രവചനാതീതമായി തുടരാനാണു സാധ്യത. ഇരുമുന്നണികളും പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം തൊലിപ്പുറമേയുള്ള സുഗന്ധലേപനം മാത്രമാണ്. അതു താല്‍ക്കാലികമായ ആയുസ്സു മാത്രമുള്ളതും അന്തിമഫലത്തെ സ്വാധീനിക്കാത്തതുമാണ്. യുഡിഎഫിനും എല്‍ഡിഎഫിനും സ്വന്തം നേട്ടത്തിനുപയോഗിക്കാന്‍ എതിര്‍പക്ഷത്തിന്റെ ബിജെപി ബാന്ധവ ആരോപണം ആവശ്യമുണ്ട് എന്നതൊഴിച്ചാല്‍, മണ്ഡലം തിരിച്ചുള്ള വ്യത്യസ്തങ്ങളായ അടവുനയങ്ങളാവും അരങ്ങേറുക. ഇരുമുന്നണികളുടെയും വച്ചുമാറ്റ ഭരണത്തിന്റെ പരമ്പര തിരുത്തിക്കുറിക്കാന്‍ ശക്തമായ ഒരു മൂന്നാംചേരി ഇല്ലെങ്കിലും ബിജെപിക്കു ഒരു സീറ്റെങ്കിലും ചരിത്രത്തില്‍ ആദ്യമായി ലഭിച്ചാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഇരുമുന്നണികള്‍ക്കും കൈകഴുകാന്‍ ആവില്ല. അധഃസ്ഥിതവര്‍ഗങ്ങളുടെ വിമോചനരാഷ്ട്രീയമാവട്ടെ കേരളത്തില്‍ ഇനിയും ഗര്‍ഭം ധരിച്ചിട്ടുപോലുമില്ല.
രാഷ്ട്രീയത്തില്‍ ചരിത്രപരമായി ചില ഉത്തരവാദിത്തങ്ങള്‍ അനിവാര്യതയായി ഭവിച്ചിട്ടുണ്ട്. 1970കളില്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് രൂപപ്പെട്ട ഏകാധിപത്യവിരുദ്ധ കൂട്ടായ്മ വിജയം കണ്ടത് അത്തരമൊരു അനിവാര്യതയായിരുന്നു. കൂടുതല്‍ ഭീകരവും ഭീഷണവുമായ ഇന്നത്തെ സാഹചര്യം മതേതര-പുരോഗമന ചേരിയില്‍നിന്ന് കൂടുതല്‍ ശക്തമായ തിരിച്ചറിവുകളും മര്‍ദ്ദിതവിഭാഗങ്ങളുമായി തുറന്ന ഐക്യപ്പെടലുകളുമാണ് താല്‍പര്യപ്പെടുന്നത്. താല്‍ക്കാലിക വിജയത്തിനപ്പുറമുള്ള രാഷ്ട്രീയ ദീര്‍ഘദര്‍ശിത്വമാണ് ആവശ്യം. ആ ദിശയില്‍ മനസ്സും മിഴിയും തുറക്കാന്‍ അലഹബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയും രോഹിത് വെമുലയും കനയ്യകുമാറും കോണ്‍ഗ്രസ്സിനും സിപിഎമ്മിനും നിമിത്തങ്ങളായത് ശുഭോദര്‍ക്കമാണ്. കേരളത്തിലെ ഡിവൈഎഫ്‌ഐ സമ്മേളന നഗരിക്ക് രോഹിത് വെമുലയുടെ സ്വത്വരാഷ്ട്രീയപരമായ പേരുവീണതും സിപിഐ വിദ്യാര്‍ഥിവിഭാഗത്തിന്റെ പ്രതിനിധിയായ കനയ്യകുമാര്‍ രോഹിത് വെമുലയില്‍ പ്രചോദനം പ്രഖ്യാപിക്കുന്നതും രാഹുല്‍ഗാന്ധി പ്രശ്‌നബാധിത യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം സത്യഗ്രഹമിരിക്കുന്നതും നാം കണ്ടതാണ്. എന്നാല്‍, അതേ ഐക്യദാര്‍ഢ്യം അനുഭവിക്കാന്‍ പ്രഫ. സായിബാബ, പ്രഫ. എസ് എ ആര്‍ ഗീലാനി, ഉമര്‍ ഖാലിദ് എന്നിവര്‍ക്ക് ഇനിയും ഭാഗ്യമുണ്ടായിട്ടില്ലെന്നതും നാം കാണാതിരുന്നുകൂടാ. ഈ പരിമിതികളെ മറികടക്കുന്ന വിശാലവും തുറന്നതുമായ നീക്കങ്ങളാണ് അടിസ്ഥാനനയവും അടവുനയവും ബന്ധിപ്പിച്ചുകൊണ്ട് ബിജെപി വിരുദ്ധ കക്ഷികളില്‍നിന്ന് മതേതര ജനാധിപത്യ ജനഭൂരിപക്ഷം കാംക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it