ernakulam local

അടച്ചുറപ്പില്ലാത്ത ഒറ്റമുറിവീട്ടില്‍ അനാഥരായ രണ്ട് പെണ്‍കുട്ടികള്‍

പെരുമ്പാവൂര്‍: പുറമ്പോക്കിലെ ഒറ്റമുറിവീട്ടില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടതിന്റെ ആഘാതം വിട്ടുമാറാതെ സമൂഹം വേദനിക്കുമ്പോള്‍ അടച്ചുറപ്പില്ലാത്ത വഴിയോരത്തെ ഒറ്റമുറിവീട്ടില്‍ അനാഥരായ രണ്ട് പെണ്‍കുട്ടികള്‍ താമസിക്കുന്നത് ഭയപ്പാടോടെ.
പെരുമ്പാവൂരിനടുത്തുള്ള അശമന്നൂര്‍ പഞ്ചായത്തില്‍ താമസിക്കുന്ന പരേതരായ രവി-രാധ ദമ്പതികളുടെ മക്കളായ രേഷ്മ (16), രേവതി (14) എന്നിവരാണ് വഴിയോരത്തെ ഒറ്റമുറി വീട്ടില്‍ ജീവിതം തള്ളിനീക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ കൊണ്ട് വലയുന്ന വൃദ്ധയായ പിതൃമാതാവും ബുദ്ധിവൈകല്യമുള്ള പിതൃസഹോദരിയും മാത്രമാണ് ഇവര്‍ക്കൊപ്പമുള്ളത്. രേശ്മയ്ക്കും രേവതിയ്ക്കും ആറും നാലും വയസ്സുള്ളപോയാണ് അമ്മ രാധ പൊള്ളലേറ്റ് മരിച്ചത്. അമ്മയുടെ വേര്‍പാടിന്റെ മുറിവ് ഉണങ്ങുന്നതിനു മുന്‍പ് തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട വീടിന്റെ ഏക അത്താണിയായിരുന്ന അച്ഛന്‍ രവിയും മരിച്ചതോടെ വിധിയുടെ തുടര്‍പരീക്ഷണങ്ങളില്‍ നിസ്സഹായരായി കഴിയുകയാണ് ഈ പെണ്‍കുട്ടികള്‍. പന്തല്‍ പണിക്കാരനായിരുന്ന രവി ജോലിയ്ക്കിടെ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് ചികിത്സയിലിരിക്കേയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് മരിച്ചത്. തുടര്‍ന്ന് അയല്‍വാസികളുടെ കാരുണ്യം കൊണ്ടാണ് ഈ കുടുംബം പുലരുന്നത്. പിതൃമാതാവും ബുദ്ധിവൈകല്യമുള്ള പിതൃസഹോദരിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്യവും ഈ പറക്കമുറ്റാത്ത പെണ്‍കുട്ടികള്‍ക്കാണ്.
കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും പരിമിതമാണ് ഇവിടെ. പ്ലസ്ടുവിന് മികച്ച വിജയം കൈരിച്ച രേഷ്മയ്ക്കും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ രേവതിയ്ക്കും ഒരേ പ്രാര്‍ഥനയാണുള്ളത്. പഠനം തുടരണം, വൃദ്ധരായ അമ്മൂമ്മയേയും അമ്മായിയേയും സംരക്ഷിക്കണം, അടച്ചുറപ്പുള്ള ഒരു വീടുവേണം എന്നുള്ളത്. ഇവരുടെ ആഗ്രഹം പൂവണിയാന്‍ കാത്തിരിക്കുകയാണ് ഒരു നാട്. ഈ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ കുടുംബസഹായ സമിതി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുകയാണ്.
അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സലീമിന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്തംഗം ലൈല അബ്ദുല്‍ഖാദര്‍ കണ്‍വീനറായി ഓടയ്ക്കാലി എസ്ബിടി ശാഖയില്‍ സമിതി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 67360481287 ഐഎഫ്‌സി കോഡ് എസ്ബിടിആര്‍ 0000519. വിവരങ്ങള്‍ക്ക് 9747435513, 9495220146 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Next Story

RELATED STORIES

Share it