അടക്കാന്‍ കഴിയാത്ത ജനസേവനം

ടി ജി ജേക്കബ്

ബിഹാര്‍ എപ്പോഴും പ്രധാനമന്ത്രിയെ ആവേശഭരിതനാക്കുന്നുണ്ട്. എന്താണ് കാരണം എന്നറിയില്ല. കുറച്ചു നാള്‍ മുമ്പ് അദ്ദേഹം സ്വതസിദ്ധമായ നാടകീയ ചേഷ്ടകളോടെ ബിഹാറില്‍ ഒരു റാലിയില്‍ പ്രഖ്യാപിച്ചത്, നോട്ടു നിരോധനത്തിന്റെ ഫലമായി കുമിഞ്ഞുകൂടാന്‍ പോവുന്ന കള്ളപ്പണം മൊത്തം തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കു വേണ്ടിയാണെന്നാണ്. മറ്റൊരിക്കല്‍ അവിടെ വച്ചു പറഞ്ഞത്, തക്ഷശില ബിഹാറിന്റെ അഭിമാനമാണെന്നാണ്. ഇപ്പോഴിതാ അതേ സ്ഥലത്ത് അതേ വികാരത്തോടെ പറഞ്ഞിരിക്കുന്നു, ലോകത്തെ ഏറ്റവും മഹത്തും ബൃഹത്തുമായ ആരോഗ്യസേവന പദ്ധതി തുടങ്ങിയിരിക്കുന്നു എന്ന്. ഇതു പ്രകാരം 50 കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ചെലവു വരുന്ന ആരോഗ്യസേവനം സൗജന്യമായി ലഭ്യമാക്കുമെന്ന്.
ഒന്നു വച്ചാല്‍ അഞ്ഞൂറ് എന്ന പകിടകളിയായിരിക്കും സൗജന്യത്തിന്റെ സ്വഭാവം. ജനങ്ങള്‍ക്ക് ആശുപത്രികളില്‍ പോകേണ്ട അസുഖങ്ങളൊന്നും വരരുതേ എന്ന് അദ്ദേഹം പ്രാര്‍ഥിക്കുന്നുണ്ട്. എന്നാലും അസുഖങ്ങളുടെ കാര്യമല്ലേ, ഒന്നും തീര്‍ത്തു പറയാന്‍ കഴിയില്ല. അതുകൊണ്ടിരിക്കട്ടെ അഞ്ചു ലക്ഷം ഫ്രീ. പ്രധാനമന്ത്രിയുടെ സ്വന്തം പദ്ധതിയായതുകൊണ്ട് ആ പദവിയുടെ പേരില്‍ തന്നെ പദ്ധതി അറിയപ്പെടും. ലോകത്തെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയാണിത്. അതിന്റെ സൂത്രധാരനായ പ്രധാനമന്ത്രി അതിന്റെ പേരില്‍ എക്കാലവും ഓര്‍മിക്കപ്പെടണം എന്നത് തികച്ചും ന്യായം.
കൂട്ടത്തില്‍ അദ്ദേഹം മറ്റൊന്നുകൂടി പറയാന്‍ മറന്നില്ല. ഇതുവരെ ഭരിച്ചവരെല്ലാം സ്വന്തം കാര്യം നോക്കിയവരാണെന്നും ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും വളര്‍ത്തലാണ് തന്റെ തൊഴിലെന്നും. അതിന് ഉറപ്പായി ഇന്‍ഷുറന്‍സ് കാര്‍ഡില്‍ പ്രധാനമന്ത്രിയുടെ പടവും ഉണ്ടാവുമെന്ന് വാര്‍ത്ത. അങ്ങനെ പ്രധാനമന്ത്രിയുടെ പടം പത്തു കോടി വീടുകളില്‍ വിലപിടിച്ച രേഖയായി സൂക്ഷിക്കുമെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍. അതു വരാന്‍ പോകുന്നെന്നു പറയുന്ന തിരഞ്ഞെടുപ്പില്‍ ഒരു പ്രചാരണ സ്റ്റണ്ടായി ഉപയോഗിക്കും എന്നാണവരുടെ ആവലാതി.
രാജ്യത്ത് കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അതൊക്കെ എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളോ അവലോകനങ്ങളോ ഇല്ല. മോദിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം സംസ്ഥാന പദ്ധതികളെയൊക്കെ അണ്ടര്‍ കട്ട് ചെയ്യും. റിലയന്‍സ് ജിയോ സര്‍വീസ് വിജയിപ്പിച്ച തന്ത്രം തന്നെ. അതേപോലെ മുപ്പതിനായിരമോ ഒരു ലക്ഷമോ അല്ല വാഗ്ദാനം, അഞ്ചു ലക്ഷമാണ്. ഇതാണ് പ്രലോഭനം.
ഈ പ്രലോഭനത്തില്‍ ജനങ്ങള്‍ വീഴുമെന്നും അങ്ങനെ കോടിക്കണക്കിനു ജനങ്ങള്‍ പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരുമെന്നുമാണ് കണക്കുകൂട്ടല്‍. ആയിരം രൂപയാണ് വാര്‍ഷിക പ്രീമിയം എങ്കില്‍ പോലും ലക്ഷക്കണക്കിനു കോടികള്‍ ആ കണക്കില്‍ തന്നെ അടിച്ചുമാറ്റാം. പ്രധാനമന്ത്രിയുടെ ഈ സ്വന്തം പദ്ധതി ഓടുകയാണെങ്കില്‍ ഇതുവരെ നമ്മള്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ഭീമവും നീചവുമായ സാമ്പത്തിക തട്ടിപ്പ് നടപ്പാവും. ഈ പദ്ധതിക്ക് 2000 കോടിയാണ് നിലവില്‍ വകയിരുത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ബൃഹത്തായ പദ്ധതിക്ക്, അമ്പതു കോടി ജനങ്ങള്‍ക്ക് ഇത് ഒന്നുമല്ല. പദ്ധതിച്ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങളുടെ ചുമലിലുമാണ്.
ഇന്‍ഷുറന്‍സ് മേഖല ആഗോള ഊഹക്കച്ചവടക്കാര്‍ക്ക് മലര്‍ക്കെ തുറന്നുകൊടുത്തതും നാം ഈ പദ്ധതിയുമായി ചേര്‍ത്തുവായിക്കണം. മാത്രമല്ല, സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കും. അവയില്‍ നിന്നു ചികില്‍സ തേടിയാലേ ഇന്‍ഷുറന്‍സിനു സാധുതയുള്ളൂ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ ശോചനീയമായ അവസ്ഥയിലാണെന്നു പരക്കെ അറിയാം. മെഡിക്കല്‍ കോളജുകളില്‍ പോലും അടിസ്ഥാന സൗകര്യങ്ങള്‍ (ഓക്‌സിജന്‍, രക്തം മുതലായവ) ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥയില്‍ മെഡിക്കല്‍ മേഖലയിലെ സ്വകാര്യ കഴുത്തറുപ്പന്‍മാരെ പ്രോല്‍സാഹിപ്പിക്കാം. ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനു കാശു വാങ്ങാം. അഴിമതിയുടെ ഒരു പുതിയ മേഖല തുറക്കാം. ആരോഗ്യമേഖലയിലെ സേവനങ്ങളുടെ ലിസ്റ്റ് അങ്ങനെ നീണ്ടുനീണ്ടുപോവും. ഇതെല്ലാം സമ്പത്തിന്റെ പുനര്‍വിതരണ മാര്‍ഗങ്ങളാണ്. തട്ടിപ്പുകള്‍ ബഹുമുഖമാക്കാം.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ പറഞ്ഞത് കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദികളുടെ പണം എന്നിവ അതോടെ തുടച്ചുനീക്കപ്പെടുമെന്നാണ്. ഈ അസാധുവാക്കല്‍ സൃഷ്ടിച്ച കെടുതികള്‍ ഇന്നും അവസാനിച്ചിട്ടില്ല. ചെറുകിട വ്യവസായികളെയും കച്ചവടക്കാരെയും കൃഷിക്കാരെയും അതു പാപ്പരാക്കി. നൂറില്‍ കൂടുതല്‍ പേര്‍ക്ക് ക്യൂ മരണം സംഭവിച്ചു. അതിലും വളരെ കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തു. മൊത്തം സമ്പദ്ഘടനയെയും പിന്നോട്ടടിച്ചു.
എത്ര നോട്ട് തിരിച്ചുവന്നു എന്നു പറയാന്‍ റിസര്‍വ് ബാങ്കിനു മടിയായിരുന്നു. കാരണം പറഞ്ഞത്, അതിപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു. അതു കേട്ടാല്‍ തോന്നും റിസര്‍വ് ബാങ്കില്‍ നോട്ടെല്ലാം കൂട്ടിയിട്ട് ക്ലാര്‍ക്കുമാര്‍ ചമ്രം പടിഞ്ഞിരുന്ന് എണ്ണുകയാണെന്ന്. എണ്ണലൊക്കെ അസാധുനോട്ടുകള്‍ ഡെപ്പോസിറ്റ് ചെയ്ത ബാങ്കുകളില്‍ പണ്ടേ കഴിഞ്ഞതാണ്. അതു ടാലി ചെയ്യുന്ന പണിയേയുള്ളൂ റിസര്‍വ് ബാങ്കിന്. അതിനു വര്‍ഷങ്ങള്‍ വേണം പോലും! ഈ രാജ്യത്ത് കംപ്യൂട്ടര്‍ എന്ന ഒന്നില്ലെന്നു വേണം നമ്മള്‍ വിശ്വസിക്കാന്‍!
അവസാനം നാണംകെട്ട് എല്ലാം കൂട്ടിയെന്നു ബാങ്കിന് പറയേണ്ടിവന്നു. 99 ശതമാനത്തില്‍ കൂടുതല്‍ അസാധുനോട്ടുകള്‍ തിരിച്ചെത്തിയെന്ന്. എവിടെപ്പോയി കള്ളപ്പണം, കള്ളനോട്ട്, ഭീകരരുടെ പണം? ഇത് പ്രഫ. മന്‍മോഹന്‍ സിങ് മോദിയോട് ചോദിച്ചു: പ്ലീസ് സഹോദരാ, ദയവു ചെയ്ത് ഒന്നു പറയൂ, ഈ കള്ളപ്പണമെല്ലാം എവിടെ? പ്രധാനമന്ത്രിക്കു മിണ്ടാട്ടമില്ല.
നോട്ട് നിരോധനം എല്ലാവരെയും ദ്രോഹിച്ചുവെന്ന് ഇതുകൊണ്ട് അര്‍ഥമില്ല. നിരോധനം നടപ്പാക്കി ദിവസങ്ങള്‍ക്കകം പൊതുമേഖലാ ബാങ്കുകള്‍ ഒന്നര ലക്ഷം കോടി കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളി. അതു കഴിഞ്ഞ് ഇന്നുവരെ എത്ര ലക്ഷം കോടികള്‍ എഴുതിത്തള്ളി എന്നതിനെക്കുറിച്ച് വിവരമില്ല. കിട്ടാക്കടത്തില്‍ പൂണ്ടുകിടക്കുന്ന ബാങ്കുകളുടെ കണക്കു പുസ്തകങ്ങള്‍ ശരിയാക്കാന്‍ കഴിഞ്ഞോ? ഇല്ലേയില്ല. കിട്ടാക്കടത്തിന്റെ കണക്കുകള്‍ ദുരൂഹവും ഭീമവുമാണ്. മാത്രമല്ല, ഈ കിട്ടാക്കടത്തിന്റെ നല്ലൊരു ഭാഗം അതിര്‍ത്തികള്‍ കടന്ന് ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. അതുമല്ല, ഈ കിട്ടാക്കടത്തിന്റെ ഉപഭോക്താക്കള്‍ പലരും രാജ്യം വിടുകയും ചെയ്യുന്നുണ്ട്. അതൊരു തുടര്‍ക്കഥയായി മാറിയിട്ടുണ്ട്. പുതിയ പുതിയ കിട്ടാക്കടങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇവിടത്തെ കോര്‍പറേറ്റുകളുടെ ആര്‍ത്തിക്ക് അതിര്‍ത്തികളും ലക്ഷ്മണരേഖകളുമില്ല.
അടുത്ത കാലത്ത് വന്ന ബാങ്കുകളുടെ ആരോഗ്യ നിലവാരത്തെക്കുറിച്ചുള്ള കണക്കുകള്‍ പ്രകാരം 25 പ്രധാന ബാങ്കുകളില്‍ 19 എണ്ണം മൂക്കറ്റം കടത്തിലാണ്. വരുംനാളുകളില്‍ കൂടുതല്‍ ദുരന്തവാര്‍ത്തകള്‍ പ്രതീക്ഷിക്കാം. നോട്ടുനിരോധനം പണത്തിന്റെ പുനര്‍വിതരണം നടത്തിയെങ്കിലും ബാങ്കുകള്‍ രക്ഷപ്പെട്ടില്ല. അതിന് ഇത്രയൊന്നും പോരാ. രൂപയുടെ അന്തര്‍ദേശീയ മൂല്യം മണിക്കൂറുകള്‍ വച്ച് ഇടിയുമ്പോഴാണ് ഇതൊക്കെ അരങ്ങേറുന്നതെന്നത് വളരെ പ്രസക്തമാണ്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ആദ്യം ചെയ്ത ഒരു കാര്യം, പ്ലാനിങ് കമ്മീഷനെ പിരിച്ചുവിട്ട് പകരം നീതി ആയോഗ് എന്ന പേരില്‍ ഒരു ദുരൂഹതയെ പ്രതിഷ്ഠിക്കുകയായിരുന്നു. പ്ലാനിങ് കമ്മീഷന്‍ അതിനു മുമ്പേ ഒരു വെള്ളാനയായിത്തീര്‍ന്നിരുന്നതുകൊണ്ട് അധികമാരും ആ സംഭവം ചര്‍ച്ച ചെയ്തില്ല. പുതിയ സര്‍ക്കാരുകള്‍ എപ്പോഴും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വന്തം ആള്‍ക്കാരെ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്ന പതിവുള്ളതുകൊണ്ട് ഒരു പുതിയ പേരില്‍ അതു ചെയ്യുകയാണെന്നേ പൊതുവേ ധരിച്ചിരുന്നുള്ളൂ. എന്നാല്‍, അങ്ങനെയല്ല കാര്യങ്ങള്‍ നടന്നത്.
നീതി ആയോഗിന് ആസൂത്രണവുമായി യാതൊരു ബന്ധവുമില്ല. നീതി ആയോഗ് ഒരു തിങ്ക്ടാങ്ക് ആണ്. സര്‍ക്കാരിലേക്കും സര്‍ക്കാരിന്റെ പിന്‍ബലമായ കോര്‍പറേറ്റ് ബിസിനസിലേക്കും പണമൊഴുക്ക് എങ്ങനെ പരമാവധി ചാനലൈസ് ചെയ്യാമെന്നു നിരന്തരം കണ്ടുപിടിക്കുകയും അതു രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തുകയുമാണ് നീതി ആയോഗിന്റെ പണി.
ഈ നീതി ആയോഗും കോര്‍പറേറ്റ് മുതലാളിമാരും ഒരേ ഉദ്ദേശ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. നോട്ടു നിരോധനവും ജിഎസ്ടിയും (നടപ്പാക്കിയ രീതി മാത്രമല്ല ഉള്ളടക്കവും), ഇപ്പോള്‍ എഴുന്നള്ളിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സും വരാന്‍ പോകുന്ന ബാങ്ക് ലയനങ്ങളുമൊക്കെ ഈ തിങ്ക്ടാങ്കിന്റെ 'ആസൂത്രണ' കഴിവാണ്. ആസൂത്രണവുമായി അതിനു പുലബന്ധം പോലുമില്ല. വന്‍കിട തട്ടിപ്പുകള്‍ ഡിസൈന്‍ ചെയ്യാനുള്ള ഏജന്‍സിയാണത്. വരും നാളുകളില്‍ കൂടുതല്‍ നൂതനമായ തട്ടിപ്പുകള്‍ പ്രതീക്ഷിക്കാം. പൊതുതിരഞ്ഞെടുപ്പ് വരാന്‍ പോവുകയല്ലേ. അതുകൊണ്ടുതന്നെ കൂടുതല്‍ ജനസേവന പദ്ധതികള്‍ മാളത്തില്‍ നിന്നു പുറത്തു ചാടും. ി
Next Story

RELATED STORIES

Share it