ernakulam local

അടക്കാന്‍ കഴിയാതെ കുരൂര്‍ തോട്ടിലെ ചെക്ക്ഡാം

കോതമംഗലം: പലക നഷ്ടപ്പെട്ടതിനാല്‍ കുരൂര്‍ തോട്ടി ലെ ചെക്ക്ഡാം അടക്കാന്‍ കഴിയാത്തത് നഗരപ്രദേശത്ത് ജലക്ഷാമത്തിന് കാരണമായി. കോതമംഗലം നഗരമധ്യത്തിലൂടെ ഒഴുകുന്ന കുരൂര്‍ തോടിനെയാണ് ജനങ്ങള്‍ വെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്.
തോട്ടിലെ വെള്ളം വേനല്‍കാലത്ത് തടഞ്ഞു നിര്‍ത്തുന്നതിനായി പാറതോട്ടുകാവ് ഭാഗത്ത് നിലവിലുള്ള ചെക്ക്ഡാമിന്റെ പലകള്‍ കാണാതാവുകയും വെള്ളം സംഭരിക്കാന്‍ കഴിയാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.
കൃഷിക്കും നഗരത്തിലും പരിസരങ്ങളിലെയും ജനങ്ങളുടെ വെള്ളത്തിന്റെ ആവശ്യത്തിനുമായി 60 വര്‍ഷം മുന്‍പ് നിര്‍മിച്ചതാണ് പാറതോട്ടുകാവ് ഭാഗത്ത് കുരൂര്‍ തോട്ടിലുള്ള ചെക്ക്ഡാം.
സാധാരണയായി തുലാവര്‍ഷം കഴിയുന്നതോടെ ചെക്ക്ഡാം അടച്ച് വെള്ളം സംഭരിച്ചാണ് വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിച്ചിരുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ചെക്ക്ഡാം അറ്റകുറ്റപണികള്‍ നടത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ അടുത്തിടെ രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ചെക്ക്ഡാം അറ്റകുറ്റപണികള്‍ക്കായി കരാര്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കരാറുകാരന്‍ ആവശ്യമായ പ്രവര്‍ത്തികള്‍ നടത്താതെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ലക്ഷങ്ങള്‍ എഴുതി മാറ്റുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
കരാറുകാരന്‍ അറ്റകുറ്റപണികളുടെ പേരില്‍ ചെക്ക് ഡാം ബലപ്പെടുത്താനായി തേച്ച് പിടിപ്പിച്ച സിമന്റ് വര്‍ക്കുകള്‍ മഴയത്ത് ഒഴുകി പോവുകയും ചെയ്തയും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതോടൊപ്പമാണ് വര്‍ഷങ്ങളായി ചെക്ക്ഡാം അടക്കാന്‍ ഉപയോഗിച്ചിരുന്ന പലകള്‍ കാണാതായത്. ഇതോടെ ചെക്ക്ഡാം അടച്ച് തോട്ടിലെ വെള്ളം സംഭരിക്കാന്‍ കഴിയാതായി.
വേനല്‍ തുടങ്ങിയതോടെ തോട്ടിലെ ജലവിതാനം താഴ്ന്ന സാഹചര്യത്തില്‍ ചെക്ക്ഡാം അടച്ച് വെള്ളം സംഭരിച്ചെങ്കിലേ സമീപത്തുള്ള കിണറുകളില്‍ വെള്ളം ഉണ്ടാവൂ. ഈ ആവശ്യം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
കടുത്ത വേനല്‍ ആകുന്നതിനു മുന്‍പ് ചെക്ക് ഡാം അടച്ച് ജലം സംഭരിക്കാനുള്ള നടപടികള്‍ ഉണ്ടായില്ലങ്കില്‍ കുടിനീര്‍ക്ഷാമം രൂക്ഷമാവും. അതു മുന്നില്‍ കണ്ട് ചെക്ക്ഡാം അടച്ച് പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യമാണ് ജനങ്ങള്‍ക്കുള്ളത്.
Next Story

RELATED STORIES

Share it