wayanad local

അടക്കയ്ക്ക് റെക്കോഡ് വില; കര്‍ഷകര്‍ നിരാശയില്‍ തന്നെ



മാനന്തവാടി: ജിഎസ്ടി നിലവില്‍ വന്നതോടെ അടക്ക നികുതി എടുത്തുകളഞ്ഞിട്ടും നിലവില്‍ റെക്കോഡ് വിലയുണ്ടായിട്ടു പോലും കര്‍ഷകര്‍ നിരാശയില്‍ തന്നെ. കവുങ്ങുകള്‍ക്ക് വ്യാപകമായി ബാധിച്ച രോഗം കാരണം വിളവ് കുറഞ്ഞതാണ് കാരണം. മുന്‍വര്‍ഷം വിളവെടുപ്പിന്റെ തുടക്കത്തില്‍ 84 രൂപയായിരുന്നു ഉയര്‍ന്ന വിലയെങ്കില്‍ ഈ വര്‍ഷം 110 രൂപ വരെയാണ് പൈങ്ങ വില. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജില്ലയില്‍ അടക്കാ കൃഷി ഘട്ടംഘട്ടമായി നിലയ്ക്കുന്നതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ വര്‍ഷവും കവുങ്ങുകളില്‍ പടര്‍ന്നുപിടിച്ച കൊഴിച്ചില്‍, മഹാളി രോഗങ്ങള്‍. മുന്‍വര്‍ഷങ്ങളില്‍ രോഗപ്രതിരോധത്തിന് കര്‍ഷകര്‍ രണ്ടും മൂന്നും പ്രവാശ്യം തുരിശ് കലര്‍ത്തി തോട്ടങ്ങളില്‍ തളിച്ചതിനെ തുടര്‍ന്ന് കുറച്ചെങ്കിലും അടക്ക കൊഴിയാതെ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം തോട്ടങ്ങളില്‍ മരുന്നു പ്രയോഗിക്കേണ്ട സമയത്ത് പെയ്ത മഴയും കവുങ്ങുകള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന രോഗപ്രതിരോധ ശേഷിയും കര്‍ഷകര്‍ക്ക് വിനയായി. നിലവില്‍ തോട്ടങ്ങളിലെ കവുങ്ങുകളില്‍ നിന്നെല്ലാം ഭൂരിഭാഗം അടക്കയും കൊഴിഞ്ഞുപോയ അവസ്ഥയാണ്. ഇതോടെ ജിഎസ്ടി നിലവില്‍ വന്ന ശേഷമുള്ള ആദ്യ വിളവെടുപ്പിന്റെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കാതെ പോവുകയാണ്. ജില്ലയില്‍ വിളവെടുപ്പ് ആരംഭിച്ചാല്‍ നിത്യവും ലോഡുകണക്കിന് പൈങ്ങയായിരുന്നു കര്‍ണാടകയിലെ ഗ്രാമങ്ങള്‍ തോറുമുള്ള കച്ചവടക്കാരിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ നികുതി വെട്ടിച്ചും ഊടുവഴികളിലൂടെയും കര്‍ണാടകയിലേക്ക് കൊണ്ടുപോയിരുന്നു. നേരത്തെ ജില്ലയില്‍ നിന്നു കര്‍ണാടകയിലേക്ക് അടക്കയോ പൈങ്ങയോ കൊണ്ടുപോവുമ്പോള്‍ അഞ്ചുശതമാനം നികുതിയായിരുന്നു ഈടാക്കിയിരുന്നത്. ജിഎസ്ടി നിലവില്‍ വന്നതോടെ അടക്കയും പൈങ്ങയും കൊണ്ടുപോകാന്‍ നികുതി ആവശ്യമില്ല. എന്നാല്‍, ഉണക്കിയ അടക്ക കൊണ്ടുപോവുമ്പോള്‍ അഞ്ചു ശതമാനം നികുതി നല്‍കണം. കര്‍ണാടകയിലെ തരിശു പാടങ്ങളില്‍ വച്ചുണക്കിയ ശേഷമാണ് അടക്ക ഉത്തരേന്ത്യയിലേക്കുള്‍പ്പെടെ കയറ്റി അയക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അടക്കാകൃഷി രോഗം കാരണം പ്രതിസന്ധിയിലാണ്. നിലവില്‍ പല തോട്ടങ്ങളും വിളവ് ലഭിക്കാതെ ഉപേക്ഷിച്ച നിലയിലാണ്. സമീപഭാവിയില്‍ ജില്ലയില്‍ നിന്ന് അടക്കാകൃഷി പൂര്‍ണമായി ഇല്ലാതാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Next Story

RELATED STORIES

Share it