Idukki local

അഞ്ഞൂറിന്റെ കള്ളനോട്ടുകളുമായി യുവാവ് കസ്റ്റഡിയില്‍



വണ്ടിപ്പെരിയാര്‍: വാഹനത്തി ല്‍ അഞ്ഞൂറിന്റെ കള്ളനോട്ടുകളുമായി യുവാവിനെ വണ്ടിപ്പെരിയാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. നെടുങ്കണ്ടം പാറത്തോട് സ്വദേശിയായ ഇയാളില്‍ നിന്നു പുതിയ അഞ്ഞൂറുരൂപയുടെ 77 നോട്ടുകള്‍ പിടിച്ചെടുത്തു. എറണാകുളം വൈറ്റിലയില്‍ താമസിക്കുന്ന ഫഌറ്റിനുള്ളില്‍ കൂടുതല്‍ നോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നതായും ഇയാള്‍ പോലിസില്‍ മൊഴി നല്‍കി. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പീരുമേട് സിഐ ഷിബുകുമാര്‍, വണ്ടിപ്പെരിയാര്‍ എസ്‌ഐ ബജിത്ത് ലാല്‍ എന്നിവരടങ്ങിയ പോലിസ് സംഘം രാത്രി തന്നെ എറണാകുളത്തേക്ക് തിരിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. എറണാകുളം സ്വദേശിയായ ഇയാളുടെ ഭാര്യയും കുഞ്ഞും വാഹനത്തിലുണ്ടായിരുന്നു. ഇവരെയും പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇതേക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് പോലിസ് പറഞ്ഞു. ആര്‍ക്കും സംശയം ഉണ്ടാവാതിരിക്കാനാണ് യുവാവ് ഭാര്യയെയും കുഞ്ഞിനെയും കൂടെ കൂട്ടിയതെന്നും പോലിസ് പറഞ്ഞു. കുട്ടിക്കാനത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ ഇന്ധനം നിറച്ചു. 500 രൂപയുടെ നോട്ട് നല്‍കി.നോട്ടില്‍ പമ്പിലെ ജീവനക്കാര്‍ക്ക് സംശയം തോന്നി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ കുമളി ഭാഗത്തേക്ക് കാര്‍ വേഗത്തില്‍ ഓടിച്ചു പോയി. പമ്പ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട് പോലിസ് വാഹനം കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇതേതുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലിസ് നടത്തിയ വാഹന പരിശോധനയില്‍ പെരിയാര്‍ ടൗണില്‍ നിന്ന് വാഹനം പിടികൂടുകയായിരുന്നു. വാഹനത്തിനുള്ളില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് കള്ളനോട്ട് ലഭിച്ചതായാണ് ഇയാള്‍ പോലിസ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരിക്കുന്നത്. ആര്‍ക്കും സംശയം ഉണ്ടാവാതിരിക്കാനാണ് യുവാവ് ഭാര്യയെയും കുഞ്ഞിനെയും കൂടെ കൂട്ടിയതെന്നും സംശയിക്കുന്നു. ഉടുമ്പന്‍ചോലയ്ക്ക് സമീപമുള്ള രാഷ്ട്രിയ നേതാവിന്റെ സഹോദരനാണ് പോലിസിന്റെ പിടിയിലായിരിക്കുന്നതെന്ന് വിവരം. നെടുങ്കണ്ടം മേഖലയില്‍ പോലിസ് സംഘം, പിടിയിലായ വ്യക്തിയുടെ മാതാപിതാക്കള്‍ താമസിച്ച വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
Next Story

RELATED STORIES

Share it