അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് ചുമതലയേറ്റു. തന്റെ പ്രഥമ പരിഗണന കായികതാരങ്ങള്‍ക്കായിരിക്കുമെന്ന് സ്ഥാനമേറ്റെടുത്തുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തി ല്‍ അഞ്ജു പറഞ്ഞു.
എക്കാലത്തും ഈ സ്ഥാനത്തിരിക്കണമെന്നില്ല. ഇരിക്കുന്ന കാലത്ത് എന്തെങ്കിലും ചെയ്യണമെന്നേയുള്ളൂവെന്നും അഞ്ജു വ്യക്തമാക്കി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഞ്ജു ബോബി ജോര്‍ജ് ഇന്നലെ വൈകീട്ടാണ് ഓഫിസിലെത്തി സ്ഥാനമേറ്റെടുത്തത്. അത്‌ലറ്റായിരിക്കുമ്പോള്‍ താന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. കായികതാരങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക എന്നതാണ് തന്റെ പ്രധാന പരിഗണന. കേരളത്തെ കൂടുതല്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കും. ഓഫിസിലിരിക്കുന്നതിന് പകരം കൂടുതല്‍ സമയവും കായികതാരങ്ങളോടൊപ്പം ചെലവഴിക്കും.
പരമാവധി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു. ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കേരളത്തില്‍ നടത്തുന്ന കാര്യത്തില്‍ നാളെ കോഴിക്കോട് ചേരുന്ന യോഗത്തില്‍ ധാരണയിലെത്തുമെന്നും അഞ്ജു പറഞ്ഞു. ടി കെ ഇബ്രാഹിം കുട്ടിയാണ് വൈസ് പ്രസിഡന്റ്. കായിക താരങ്ങളായ ടോം ജോസഫ്, പ്രീജാ ശ്രീധരന്‍ എന്നിവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it