അഞ്ജു ബോബി ജോര്‍ജ് രാജിവച്ചു

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദവി രാജിവച്ചു. ഇന്നലെ നടന്ന അവസാന ബോര്‍ഡ് യോഗത്തിനു ശേഷം പ്രത്യേക ദൂതന്‍ വഴി കായികമന്ത്രി ഇ പി ജയരാജനു രാജിക്കത്ത് കൈമാറി. പിന്തുണയറിയിച്ച് വോളിബോള്‍ താരം ടോം ജോസഫ് ഉള്‍പ്പെടെയുള്ള എട്ടംഗ ബോര്‍ഡ് സമിതിയും രാജി സമര്‍പ്പിച്ചു.
വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു സ്ഥാനമൊഴിയുന്നതെന്ന് അഞ്ജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വന്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ട്. ഇതു പുറത്തുകൊണ്ടുവരണം. പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചപ്പോള്‍ ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നു കരുതിയാണു സമ്മതമറിയിച്ചത്. സ്ഥാനമേറ്റശേഷം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടക്കുന്ന പലതും ബോധ്യപ്പെട്ടു. പല ഫയലുകളിലും ക്രമക്കേടുകള്‍ കണ്ടെത്തി. ഇതിനു ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം. തന്റെ ഔദ്യോഗിക ഇ-മെയില്‍ ഹാക്ക് ചെയ്തു. പിന്നാലെ തനിക്കെതിരേ വാര്‍ത്ത വന്നുതുടങ്ങി. തുടര്‍ന്നാണ് എത്തിക്‌സ് കമ്മിറ്റി രൂപീകരിച്ച് ക്രമക്കേടുകള്‍ കണ്ടെത്താന്‍ തീരുമാനിച്ചത്.
കായികമേഖലയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണ് സ്‌പോര്‍ട്‌സ് ലോട്ടറി. ഇതുള്‍പ്പെടെ വെളിപ്പെടുത്തിയപ്പോള്‍ എതിര്‍പ്പുകള്‍ വര്‍ധിച്ചു. എത്തിക്‌സ് കമ്മിറ്റിയെ ഭയക്കുന്നവരാണു വിവാദങ്ങള്‍ക്കു പിന്നില്‍. നിയമംവിട്ട് ഒന്നും ചെയ്തിട്ടില്ല. ആരോപണമുയര്‍ന്നതിനാല്‍ സഹോദരന്‍ അജിത് മാര്‍ക്കോസും സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ജോലി രാജിവയ്ക്കുകയാണെന്നും അഞ്ജു പറഞ്ഞു.
അജിത ബീഗം ഐപിഎസ് ചെയര്‍പേഴ്‌സണായ എത്തിക്‌സ് കമ്മിറ്റിക്ക് അംഗീകാരം നല്‍കിയ ബോര്‍ഡ് യോഗത്തിനു ശേഷമാണ് അഞ്ജു രാജി സമര്‍പ്പിച്ചത്. 2006 നവംബര്‍ അഞ്ചു മുതല്‍ 2016 ജൂണ്‍ 22 വരെയുള്ള കാലയളവിലെ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് യോഗം ശുപാര്‍ശ ചെയ്തു.
അഞ്ജുവിന്റെ രാജിയില്‍ സന്തോഷമുണ്ടെന്നാണ് കായികമന്ത്രി ഇ പി ജയരാജന്റെ പ്രതികരണം. രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണു രാജി തീരുമാനം. വിജിലന്‍സ് അന്വേഷണം ആവശ്യമാണോയെന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it