അഞ്ജു ബോബി ജോര്‍ജിനെ അപമാനിച്ചെന്ന്; കായികമന്ത്രി വീണ്ടും വിവാദത്തില്‍

തിരുവനന്തപുരം: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ അനുസ്മരിച്ച് വിവാദത്തിലായ കായികമന്ത്രി ഇ പി ജയരാജന്‍ വീണ്ടും കുരുക്കില്‍. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്‌ലറ്റിക്‌സ് മെഡല്‍ ജേത്രിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് അപമര്യാദയായി പെരുമാറിയെന്നാണു പരാതി.
വിഷയം സര്‍ക്കാരിനെതിരേ ആയുധമാക്കി രംഗത്തെത്തിയ പ്രതിപക്ഷം, അഞ്ജുവിനോടു ജയരാജന്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ആരോപണങ്ങള്‍ മന്ത്രി ഇ പി ജയരാജന്‍ നിഷേധിച്ചു. ജയരാജനു പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തി.
കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജനെ കാണാന്‍ ഓഫിസിലെത്തിയപ്പോള്‍ അദ്ദേഹം അകാരണമായി ശകാരിച്ചെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അഞ്ജു ബോബി ജോര്‍ജിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നല്‍കി. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്നാരോപിച്ചു തട്ടിക്കയറിയ കായികമന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോയെന്നും ഭീഷണി മുഴക്കി.
ബംഗളൂരുവില്‍നിന്ന് ആരോടു ചോദിച്ചിട്ടാണു കൗണ്‍സില്‍ ചെലവില്‍ വിമാനത്തില്‍ വന്നതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. എന്നാല്‍, മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന് വിമാനയാത്ര അനുവദിച്ചതെന്നു രേഖകള്‍ ചൂണ്ടിക്കാട്ടി അഞ്ജു പറയുന്നു.
രാഷ്ട്രീയമോ പാര്‍ട്ടിയോ ഒന്നുമല്ല, കായികരംഗത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. അഴിമതി നടത്തേണ്ട കാര്യമില്ല, വെറുംകൈയോടെയാണു വന്നത്. അങ്ങനെതന്നെ മടങ്ങും- അഞ്ജു വ്യക്തമാക്കി. താരത്തെ അപമാനിച്ച സംഭവം സാക്ഷരകേരളത്തിന് അപമാനകരമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അഞ്ജുവിന്റെ മഹത്വം തിരിച്ചറിയാനാവാത്ത മന്ത്രിക്ക് കായികലോകവുമായി ഒരു ബന്ധവുമില്ലെന്നു മുന്‍കാല പ്രവൃത്തിയിലൂടെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം കേരളത്തിന് അപമാനകരമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും കായികമന്ത്രി പദവിയില്‍ തുടരാന്‍ ജയരാജന് അര്‍ഹതയില്ലെന്ന് മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു.
അതേസമയം, അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് മന്ത്രി ഇ പി ജയരാജന്റെ വിശദീകരണം. തന്റെ ഓഫിസിലെത്തിയ അവര്‍ സന്തോഷത്തോടെയാണു മടങ്ങിയത്. തനിക്കെതിരേ മുഖ്യമന്ത്രിക്കു പരാതിനല്‍കിയതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.
അഞ്ജുവിനോട് ജയരാജന്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാര്‍ വിമാനയാത്ര അടക്കമുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്കു നല്‍കിയിരുന്നു. അഞ്ജുവിന്റെ സേവനം ലഭിക്കുന്നതിനുവേണ്ടിയായിരിക്കണം കഴിഞ്ഞ മന്ത്രിസഭ അവര്‍ക്കു പ്രത്യേകമായ ചില അനുമതികള്‍ നല്‍കിയിരുന്നത്. അതു ശരിയായ രീതിയല്ലെന്നാണു മന്ത്രി ഇ പി ജയരാജന്‍ അവരോടു പറഞ്ഞത്. അഞ്ജു തന്നെ വന്നുകണ്ടിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it