അഞ്ജു ഖേലോ ഇന്ത്യ പദ്ധതി നിര്‍വാഹക സമിതിയില്‍; ഗോപീചന്ദിനും അവസരം

ന്യൂഡല്‍ഹി: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 'ഖേലോ ഇന്ത്യ' പദ്ധതിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ നിയമിച്ചു. വനിതാ കായികതാരത്തിനായി സംവരണം ചെയ്ത ഒഴിവിലേക്കാണ് അഞ്ജുവിനെ ഉള്‍പ്പെടുത്തിയത്.
ആറ് അംഗങ്ങളാണ് നിര്‍വാഹക സമിതിയിലുള്ളത്. കായിക സെക്രട്ടറിയാണ് സമിതി അധ്യക്ഷന്‍. ഒരു പുരുഷതാരത്തെയും ഉള്‍പ്പെടുത്താം. വിദ്യാര്‍ഥികളെയും യുവാക്കളെയും കായികരംഗത്തേക്കു കൊണ്ടുവന്ന് പഞ്ചായത്തു തലം മുതല്‍ കായികതാരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ പദ്ധതിയെ എന്‍ഡിഎ സര്‍ക്കാര്‍ ഖേലോ ഇന്ത്യ എന്നാക്കി പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ബാഡ്മിന്റണ്‍ പരിശീലകന്‍ ഗോപീചന്ദിനെയും നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കായികമേഖലയില്‍ കുതിച്ചുയരാന്‍ കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കാനാണ് ഉദേശിക്കുന്നത്.
2020ഓടെ രാജ്യമെങ്ങും കായികരംഗത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും കൂടുതല്‍ സ്‌പോര്‍ട്‌സ് കോപ്ലക്‌സുകള്‍ സ്ഥാപിക്കാനും പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോഴും ഇന്ത്യ കായികമേഖലയില്‍ പിറകിലായ അവസ്ഥയ്ക്ക് മാറ്റംവരുത്തുകയാണ് ലക്ഷ്യം. ടാര്‍ജറ്റ് ഒളിംപിക്‌സ് പോഡിയം സ്‌കീമിന്റെ ചെയര്‍പേഴ്‌സനായ അഞ്ജു ബോബി ജോര്‍ജ് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനം രാജിവച്ചതോടെ ഖേലോ ഇന്ത്യയുടെ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെട്ടേക്കുമെന്ന സൂചനയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഭാരിച്ച ഉത്തരവാദിത്തമാണ് ഇതെന്നും അഞ്ജു പ്രതികരിച്ചു.
Next Story

RELATED STORIES

Share it